ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് യുവതിയുടെ ഭർത്താവായ തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ നോബിയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈനി(42), മക്കളായ അലീന(12), ഇവാന(10) എന്നിവർ ട്രയിന് മുന്നിൽ ചാടി ജീവനൊടുക്കിയത് . അമ്മയെ ചേർത്ത് പിടിച്ച് രണ്ട് പെൺമക്കളും റെയിൽ പാളത്തിൽ ഇരിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് പല തവണ മുഴക്കിയെങ്കിലും ഇവർ റെയിൽ പാളത്തിൽ നിന്ന് മാറിയിരുന്നില്ല. പിന്നാലെ ട്രയിൻ ഇവരെ ഇടിച്ച് മുന്നോട്ട് പോകുകയായിരുന്നു. ലോക്കോ പൈലറ്റാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ ചിതറിയ നിലയിലുള്ള മൃതദേഹങ്ങളാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് 14 വയസുള്ള ഒരു മകൻ കൂടിയുണ്ട്. മകൻ എറമാകുളം സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിയാണ്. മെർച്ചൻറ് നേവി ഓഫീസറായ നോബിയും ഷൈനിയും തമ്മിൽ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ 9 മാസങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്നു. നേരത്തെയും നോബിക്കെതിരെ ഷൈനി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു.