ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്ന് ഹൈക്കോടതി. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ചോദിച്ചു.
നിശ്ചിത അകല പരിധി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നാണ് വ്യവസ്ഥ. അവ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കേണ്ട എന്നല്ല പറയുന്നത്. ആളുകളുടെ സുരക്ഷ അടക്കം പരിഗണിക്കേണ്ടതുണ്ട്. നിശ്ചിത അകല പരിധി പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ്. ദൂരപരിധി മാറ്റേണ്ട പ്രത്യേക സാഹചര്യം എന്തെന്നും കോടതി ചോദിച്ചു.
ദൂരപരിധി പാലിച്ചാൽ ഒമ്പത് ആനകളെ മാത്രമെ എഴുന്നള്ളിക്കാനാകൂ എന്ന് പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. എങ്കിൽ ഒമ്പത് ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പൊയ്‌ക്കൂടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമാണെന്നും കോടതി ആരാഞ്ഞു.
എഴുന്നള്ളിപ്പ് മാർഗനിർദേശം അപ്രായോഗികം: മന്ത്രി കെ രാജൻ
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ മാർഗനിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ പൂരം അതിന്റെ എല്ലാ പ്രൗഢിയോടും പാരമ്പര്യത്തോടും നടത്തണം എന്നാണ് സർക്കാരിന്റെ അഭിപ്രായം. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് മാർഗനിർദേശങ്ങൾ വന്ന സാഹചര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോട് ഒരു കാരണവശാലും യോജിക്കാനാവില്ല. പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിര്‍ദേശം വന്നത്. ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിലും നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്.
പുതിയ മാർഗനിർദേശങ്ങൾ വച്ച് പൂരം മുന്നോട്ട് കൊണ്ടുപോവാനാവില്ല. തൃശൂർ പൂരത്തിലെ കുടമാറ്റം പോലും നടത്താനാകാതെ വരും. പ്രധാനപ്പെട്ട ഒരുപാട് എഴുന്നള്ളിപ്പുകളെ അത് ബാധിക്കും. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കാനാണ് തീരുമാനമെന്നും നിയമസഭയുടെ സബ‌്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ട യാത്രയിലുള്ള വനം മന്ത്രി ഡിസംബറിൽ തിരികെ എത്തിയാലുടൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കുമെന്നും കെ രാജൻ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിശോധിക്കുമെന്നും ജനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.