Site iconSite icon Janayugom Online

കണ്ണൂരിൽ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാ ജയം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാലിടത്ത്‌ എൽഡിഎഫിന്‌ എതിരില്ലാ ജയം. ആന്തൂർ നഗരസഭയിൽ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ടിടത്തും സിപിഐ എം സ്ഥാനാർത്ഥികൾക്കാണ്‌ എതിരില്ലാത്തത്‌. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്‌ച വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

നിലവിൽ എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ, മോറാഴ വാർഡിൽ കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമരാജനുമാണ് വിജയിച്ചത്. മോറാഴ വീവേഴ്സ് തൊഴിലാളിയും സിപിഐ (എം) മോറാഴ കോളേജ് ബ്രാഞ്ച് അംഗവുമാണ്‌ രജിത. ജനാധിപത്യ മഹിളാ അസോസിയേഷൻ മോറാഴ വില്ലേജ് പ്രസിഡന്റുമാണ്. ദീർഘകാലം സിപിഐ (എം) ആന്തൂർ ലോക്കൽ സെക്രട്ടറിയായ കെ പ്രേമരാജൻ, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി, ഐആർപിസി ആന്തൂർ ലോക്കൽ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്തിൽ ഐ വി ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയ എന്നിവർക്കാണ്‌ എതിരാളികളില്ലാത്തത്‌. ഒതേനൻ പികെഎസ് ഏരിയാ കമ്മിറ്റി അംഗവും സിപിഐ എം ചൂളിയാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. സി കെ ശ്രേയ ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി അംഗമാണ്.

Exit mobile version