Site iconSite icon Janayugom Online

കൊച്ചിയിൽ അറബി കടലിൽ ചരിഞ്ഞ കപ്പൽ അപകട നില തരണം ചെയ്തു; രക്ഷാ പ്രവർത്തനം തുടരും

കൊച്ചിയിൽ അറബി കടലിൽ ചരിഞ്ഞ കപ്പൽ അപകട നില തരണം ചെയ്തു. എന്നാൽ കപ്പലിൽ ഇന്നും രക്ഷാ പ്രവർത്തനം തുടരും.
കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ ആണ് ചരിഞ്ഞത്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. ഇരുപത്തി ഒന്നുപേരെ ഇന്നലെ രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്കു കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയാണ്. 

ഇനി കപ്പൽ നിവർത്തി പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമമാണ് പ്രധാനം. നിലവിൽ 26 ഡിഗ്രി ചെരിഞ്ഞ നിലയിലാണു കപ്പൽ. കൂടുതൽ ചെരിയാതെ കപ്പൽ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് എന്നതിനാൽ രക്ഷാപ്രവർത്തനം സാധ്യമാണ്. ഇതുകൊണ്ടാണു ഭൂരിഭാഗം ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടും ക്യാപ്റ്റനും എൻജിനീയർമാരും ഉൾപ്പെടെ 3 പേർ കപ്പലിനുള്ളിൽ തുടരുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ തുടരുകയാണ്. കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാൽ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദേശം.

വെള്ളം കയറിയാണു കപ്പൽ ചെരിഞ്ഞതെങ്കിൽ ചെരിവുള്ളതിന്റെ മറുവശത്തു വെള്ളം നിറച്ചു ഭാരം കൂട്ടി കപ്പൽ പഴയപടിയാക്കുകയും ഇരുവശത്തു നിന്നും അൽപാൽപമായി വെള്ളം പമ്പ് ചെയ്തു കളഞ്ഞ് ഉയർത്തിയെടുക്കുകയും ചെയ്യും. കപ്പലിലെ പമ്പുകളുടെയോ മറ്റോ പ്രവർ‍ത്തനം നിലച്ചതാണെങ്കിൽ ഇവ അടിയന്തരമായി നന്നാക്കും. കപ്പലിലുള്ള കണ്ടെയ്നറുകൾ മറ്റൊരു ചരക്കുകപ്പൽ എത്തിച്ചു നീക്കാനും സാധിക്കും. ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചത്. തൂത്തുക്കുടിയിൽ നിന്നാണ് കപ്പലെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയിൽ കടൽക്ഷോഭം ഉണ്ടാവുകയും കപ്പലിന്റെ വലതുഭാഗത്ത് അടുക്കിയിരുന്ന കണ്ടെയ്‌നറുകൾ മറിയുകയുമായിരുന്നു. ഇതോടെ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു. റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്‌സാണ്ടർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരും ഫിലിപ്പിനോ, ജോർജിയ, ഉക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. 

Exit mobile version