Site iconSite icon Janayugom Online

ശബരിമലയിലെ ദ്വാരപാലക പീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവം: വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലക പീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. രേഖകള്‍ പരിശോധിച്ച് സ്വര്‍ണാഭരണങ്ങളുടെ കണക്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.വിരമിച്ച ജില്ലാ ജ‍ഡ്ജിയുടെ മേല്‍നോട്ടത്തില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കണമെന്നും ദേവസ്വം ബഞ്ച് ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.ദ്വാരപാലക ശിൽപങ്ങളുടെ തൂക്കത്തിലുണ്ടായ കുറവും പീഠങ്ങൾ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിലും വിശദമായ ഇടക്കാല ഉത്തരവാണ് ദേവസ്വം ബഞ്ച് പുറപ്പെടുവിച്ചത്.

പീഠങ്ങൾ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പങ്ക് വിശദമായി അന്വേഷിക്കണം. പീഠങ്ങൾ എങ്ങനെ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ എത്തിയെന്നതിൽ വിശദമായ അന്വേഷണം നടത്താൻ ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നൽകി.ദേവസ്വം ബോര്‍ഡിന്റെ രജിസ്റ്ററുകള്‍ പരിശോധിച്ച് സ്വര്‍ണാഭരണങ്ങളുടെ കണക്കെടുക്കണം. സ്വർണാഭരണങ്ങളുടെ തൂക്കവും മൂല്യവും പരിശാധിക്കണം. തിരുവാഭരണം രജിസ്റ്ററും പരിശോധിക്കണം. എത്ര അളവില്‍ സ്വര്‍ണമുണ്ടെന്നും അതിന്റെ മൂല്യവും കണക്കാക്കണം.

1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. രേഖകളുടെയും സ്വത്തിന്റെയും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.അതിനാൽ, റിപ്പോർട്ട് നേരിട്ട് കോടതിയിൽ സമർപ്പിക്കണം. മറ്റാർക്കും കൈമാറരുതെന്നും ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നൽകി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ സ്വര്‍ണ്ണപ്പാളികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോർഡിന് അനുമതി നൽകി. അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും.

Exit mobile version