വ്യക്തികളുടെ ഡിജിറ്റൽ, സമൂഹ മാധ്യമ ഇടപാടുകളെയും നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിന് കൂടുതല്‍ അധികാരം നല്‍കിയേക്കും. പുതിയ നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട സംശയം തോന്നിയാൽ ഒരു വ്യക്തിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങൾ, ഇമെയിൽ, ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങി എല്ലാ ഓൺലൈൻ ഡിജിറ്റൽ ഇടപാടുകളും പരിശോധിക്കാൻ ഇൻകം ടാക്സ് വിഭാഗത്തിന് അനുവാദമുണ്ടായിരിക്കും.
1961ലെ ഇൻകം ടാക്സ് നിയമ പ്രകാരം നികുതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ പണം, സ്വർണം, ആഭരണം, സാമ്പത്തിക രേഖകൾ എന്നിവ പിടിച്ചെടുക്കാന്‍ ആദായനികുതി വകുപ്പിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ സേഫുകളും ലോക്കറുകളും തുറക്കാനും കഴിയും. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഈ നിയമങ്ങൾക്ക് അതീതമാണ്. ഇത് മറികടക്കാനാണ് പുതിയ നിയമം പരിഗണനയിലുള്ളത്.

