Site iconSite icon Janayugom Online

രാജ്യത്ത് അസമത്വം വ്യവസ്ഥാപിതമായി: ഡി രാജ

ഇന്ത്യയില്‍ അസമത്വം വ്യവസ്ഥാപിതമായെന്നും രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സിപിഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി-ആർഎസ്എസ് ഭരണത്തിൻകീഴിൽ വർഗ, ജാതി, പുരുഷാധിപത്യം എന്നിവയുടെ ഘടനാപരമായ അടിച്ചമർത്തലുകളുടെ വേദിയായി രാജ്യം മാറിയിരിക്കുന്നു. മോശം ഭരണം മാത്രമല്ല, ചൂഷണം ചെയ്യാൻ രൂപകല്പന ചെയ്യപ്പെട്ട ഒരു സംവിധാനത്തിന് കീഴിൽ ശ്വാസംമുട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണവര്‍ഗം സമ്പന്നര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയാണ്. സാധാരണ ജനങ്ങളെക്കുറിച്ച് അവര്‍ക്കൊരു ആശങ്കയുമില്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇത്രയും മോശമായ കാലം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. രാജ്യത്തെ ഒരു ശതമാനം സമ്പന്നര്‍ ദേശീയ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈക്കലാക്കിയപ്പോള്‍ ജനസംഖ്യയുടെ പകുതിയും ഒരു ദിവസം രണ്ടുനേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുകയാണ്. 

ഭൂമിയുടെ ഉടമാവകാശം, വേതന ഘടന, വിദ്യാഭ്യാസം, അന്തസുള്ള ജീവിതം എന്നിവ ഇപ്പോഴും ദളിതര്‍, ആദിവാസികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് നിഷേധിക്കപ്പെടുന്നു. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ, ജാതി കേവലം തൊഴില്‍ വിഭജനമല്ല, തൊഴിലാളികളുടെ വിഭജനമാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പുരുഷാധിപത്യം ശക്തിപ്രാപിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, വിവേചനം, സ്വയംഭരണ നിഷേധം എന്നിവ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. തൊഴിലില്ലായ്മ യുവാക്കളെ നിരാശയിലേക്ക് തള്ളിവിടുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. പൊതുവിദ്യാഭ്യാസവും ആരോഗ്യമേഖലയും നശിപ്പിക്കപ്പെടുന്നു. സംഘടിക്കാനും വിയോജിക്കാനും സ്വപ്നം കാണാനുമുള്ള ജനങ്ങളുടെ അവകാശങ്ങള്‍ നിരന്തരം ആക്രമണത്തിന് വിധേയമാകുന്നു. തൊഴിലാളി സംഘടനകളെ പൈശാചികവല്‍ക്കരിക്കുകയും സര്‍വകലാശാലകളെ ആര്‍എസ്എസ് പരീക്ഷണശാലകളാക്കുകയും ചെയ്യുന്നു. മാധ്യമപ്രവര്‍ത്തനം പോലും കുറ്റകൃത്യമാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ബഹുഭൂരിപക്ഷത്തിനും അഭിവൃദ്ധിയോ സ്ഥിരതയോ നല്‍കിയിട്ടില്ല. ആഗോളതലത്തില്‍ അസമത്വം അരോചകമായിരിക്കുന്നു. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ദുരിതം വിതറിയ നയങ്ങളാണ് ലോകബാങ്കും ഐഎംഎഫും മുന്നോട്ട് കൊണ്ടുപോകുന്നത്. മുതലാളിത്തത്തിന്റെ ഉത്ഭവവും സ്വഭാവവും വികാസവും ചൂഷണം, അക്രമം എന്നിവ നിറഞ്ഞതാണ്. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ നടക്കുന്ന ഗാസയിലെ വംശഹത്യ, യുദ്ധക്കുറ്റങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍, മനുഷ്യാവകാശങ്ങള്‍ പ്രസംഗിക്കുന്ന പാശ്ചാത്യ ഭരണകൂടങ്ങളുടെ കാപട്യം തുറന്നുകാട്ടപ്പെടുന്നുവെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.

Exit mobile version