ഐഎസ്ആർഒയുടെ ജിഎസ്എൽവി മാർക്ക്- 3 വിക്ഷേപണം സമ്പൂർണ്ണ വിജയം. വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. കൃത്യം 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചു.
വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോൾ ആദ്യ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ. 34ആം മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ സ്ഥാപിച്ചു.
16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ച ആത്മവിശ്വാസത്തിൽ ഐഎസ്ആർഒ അപ്പോൾ തന്നെ വിജയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചുവെന്നായിരുന്നു ഇസ്രൊ ചെയർമാന്റെ പ്രതികരണം.
ജിഎസ്എൽവി മാർക്ക്-3 ആണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാർക്ക്-3. വാണിജ്യ വിക്ഷേപണം നടത്താൻ പിഎസ്എൽവി അല്ലാതെ മറ്റൊരു റോക്കറ്റ് ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.
ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങൾ സ്ഥാപിച്ച് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായാണ് 36 ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിയ്ക്കുന്നത്. ഈ വിക്ഷേപണം കൂടി കഴിയുമ്പോൾ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാകുമെന്ന് വൺവെബ് അറിയിച്ചിരുന്നു. ഭാരതി എയർടെൽ പിന്തുണയുള്ള കമ്പനിയാണ് വൺവെബ്.
English Summary: ISRO’s heaviest rocket successfully places 36 satellites in orbit
You may also like this video