Site iconSite icon Janayugom Online

ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘ്പരിവാർ ശക്തികളെന്നും മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാത്തിനും പിന്നിൽ സംഘ്പരിവാർ
ശക്തികളാണ്. ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഇതിൽ നിന്ന് കേരളം വിട്ട് നിൽക്കും എന്നായിരുന്നു ബോധ്യം. ആ ബോധ്യം ഇല്ലാതാക്കുന്ന സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തപാല്‍ ഓഫിസുകളിലെ ക്രിസ്മസ്, പുതുവത്സര ആഘോഷത്തില്‍ ഗണഗീതം പാടണമെന്ന് ബിഎംഎസ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം വന്നതോടെ ജീവനക്കാര്‍ നടത്താനിരുന്ന ആഘോഷം റദ്ദാക്കാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചു. 

പാലക്കാട് പുതുശേരിയില്‍ കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിനു നേരെ ആക്രമണമുണ്ടായി. ഇതിനെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ന്യായീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത് . മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘ്പരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബൽ പൂരിൽ സംഘര്‍ഷമുണ്ടാക്കിയത്. കിഫ്‌ബിയുടെ ഗ്യാരന്റിയേ കേരളത്തിന്റെ വായ്പയായി കാണുന്നു. ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തകർക്കുന്നു. അർഹമായ വിഹിതം നിഷേധിക്കുകയാണ് കേന്ദ്രം. കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Exit mobile version