Site icon Janayugom Online

മതരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കടമ: പന്ന്യന്‍

നഗരത്തെ ഇളക്കി മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ റോഡ് ഷോ കൂടി കഴിഞ്ഞതോടെ തീപാറുന്ന പോരാട്ടത്തിലേക്ക് തിരുവനന്തപുരം മണ്ഡലം. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കു മാത്രമായി നീക്കി വച്ച പന്ന്യന്‍ ഇന്ന് സിപിഐ(എം) സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലും വിവിധ മാധ്യമസ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. എകെജി സെന്ററിൽ പി കെ ബിജു, എസ് രാമചന്ദ്രൻപിള്ള, ആനാവൂർ നാഗപ്പൻ, എം വിജയകുമാർ എന്നിവര്‍ സ്വീകരിച്ചു. 

ജനയുഗത്തിലെത്തിയ പന്ന്യനെ എക്സിക്യുട്ടീവ് എഡിറ്റര്‍ അബ്ദുള്‍ഗഫൂര്‍ പൊന്നാടയണയിച്ച് സ്വീകരിച്ചു. രാജ്യത്തെ മതപരമായി ഭിന്നിപ്പിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകുവാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനയുഗത്തില്‍ സന്ദര്‍ശനം നടത്തിയ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിച്ചേ മതിയാകൂ. കേരളത്തിന്റെ അര്‍ഹതപ്പെട്ട സാമ്പത്തിക സഹായങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര നിലപാടിനെതിരെ ശബ്ദിക്കാന്‍ ഇവിടുത്തെ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ എംപിമാര്‍ ഉണ്ടാകണം. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയില്‍ ജനറൽ മാനേജർ കെ ജെ തോമസ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാര്‍, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു എന്നിവരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. മാധ്യമ സ്ഥാപനങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു നഗരത്തില്‍ ആവേശത്തിരയിളക്കി റോഡ് ഷോ നടന്നത്. 

പാളയം മാര്‍ക്കറ്റിന് മുന്നില്‍ നിന്നാരംഭിച്ച റോഡ് ഷോ തമ്പാനൂര്‍ പൊന്നറ ശ്രീധര്‍ പാര്‍ക്കില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ഇരുചക്രവാഹനങ്ങളും കലാരൂപങ്ങളും ബാന്‍ഡ് മേളവും റോഡ് ഷോയ്ക്ക് മാറ്റുകൂട്ടി. സമാപനയോഗത്തില്‍ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു. മനുഷ്യ സ്‌നേഹത്തിന്റെ നാടായ സംസ്ഥാന തലസ്ഥാനം റെയിൽവേയിൽ ഉൾപ്പെടെയുള്ള വികസനത്തിനായി കൊതിക്കുകയാണെന്നും പാർലമെന്റിൽ നാടിന്റെശബ്ദമാകാൻ ജനങ്ങളുടെ പിന്തുണവേണമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. കേരളത്തെ ഞെരുക്കിക്കൊല്ലാനും രാജ്യത്ത്‌ മതരാഷ്‌ട്രം സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധം ഉയർത്തുക ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി ജോയി കഴിഞ്ഞ ദിവസത്തെപ്പോലെ ഇന്നലെയും സ്വകാര്യ സന്ദര്‍ശനങ്ങളാണ് നടത്തിയത്. വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ പ്രചാരണം മാറ്റിവച്ച് ആശുപത്രിയിലുള്ളവരുടെ കാര്യങ്ങളന്വേഷിച്ചും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും മുഴുവന്‍ സമയവും വി ജോയി ഉണ്ടായിരുന്നു. പ്രചാരണത്തില്‍ ഏറെ മുന്നിലുള്ള ഇരു സ്ഥാനാര്‍ത്ഥികളും വരും ദിവസങ്ങളിലും സ്വകാര്യ സന്ദര്‍ശനവും വോട്ട് അഭ്യര്‍ത്ഥനയും തുടരും. മൈക്ക് അനൗണ്‍സ്മെന്റും നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തമായി മുന്നേറുന്നുണ്ട്.

Eng­lish Summary:It is every­one’s duty to defend against attempts to estab­lish a reli­gious state: Pan­nyan Raveendran

You may also like this video

Exit mobile version