Site iconSite icon Janayugom Online

ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐ (എം) കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്‌ക്‌ സി തോമസിനെ പ്രഖ്യാപിച്ചു. കോട്ടയത്ത്‌ വാർത്താസമ്മേളനത്തിലാണ് നേതാക്കള്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്‌.

എൽഡിഎഫ്‌ രാഷ്‌ട്രീയമായാണ്‌ തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുകയെന്ന് എല്‍ഡിഎഫ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി. പുതുപ്പള്ളിയിൽ എല്ലാ രാഷ്‌ട്രീയ സാഹചര്യങ്ങളും ചർച്ചയാക്കി പ്രവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ചില മാധ്യമങ്ങൾ എന്തൊക്കെയോ കഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇത്‌ രാഷ്‌ട്രീയപോരാട്ടമാണ്‌. കേവലമായ വൈകാരിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല. തെരഞ്ഞെടുപ്പിൽ വിചാരണചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കും. എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുകയാണ്‌ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം എല്‍ഡിഎഫ് സർക്കാർ അധികാരത്തിൽ വരില്ല എന്നായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിചാരം. സർക്കാരിനെതിരെ എന്തെല്ലാം അപവാദപ്രചരണങ്ങൾ നടത്തിയാലും ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്‌. വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ല എന്ന്‌ അജണ്ടവച്ച്‌ തീരുമാനിച്ച പ്രതിപക്ഷമാണ്‌ കേരളത്തിലുള്ളത്‌. എല്ലാത്തിനെയും നിഷേധിക്കുന്ന നിലപാടാണ്‌ അവർക്ക്‌. എന്നാൽ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്‌ മാതൃകയായ സർക്കാരാണ്‌ കേരളത്തിലേത്‌. കേരളത്തിനെതിരെ സാമ്പത്തിക പ്രതിരോധം തീർക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ഏത്‌ സാമ്പത്തിക പ്രതിസന്ധി വന്നാലും തീരുമാനിക്കപ്പെട്ട വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരാണിത്‌ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മണർകാട് ചിറയിൽ പരേതനായ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ജെയ്ക്ക് സി തോമസ്. നിലവില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലും സിപിഐ(എം) കോട്ടയം ജില്ലാ കമ്മിറ്റിയിലും അംഗമായ ജെയ്ക്, എസ്എഫ്ഐയിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തുന്നത്. 2016ല്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി. എസ്എഫ്ഐയുടെ പ്രസിദ്ധീകരണമായ സ്റ്റുഡന്റ് മാഗസിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു.

2016ലും 2024ലും പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ചു. 26-ാം വയസിലാണ് ആദ്യമായി മത്സരിക്കുന്നത്. കഴി‍ഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് ഒമ്പതിനായിരത്തിലേക്ക് കുറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Eng­lish Sam­mury: CPI(M) Young Leader Jake C Thomas is the LDF candidate

Exit mobile version