നാഥുറാം വിനായക് ഗോഡ്സെ, നാരായണ്‍ ആപ്‌തെയോട് പറഞ്ഞു, “ഹൈദരാബാദില്‍ ഒളിപ്പോരു പ്രചാരണത്തിനും ജിന്നയെ വധിക്കുന്നതിനുമുള്ള തന്റെ ഗംഭീര പദ്ധതികളെല്ലാം വെറും ആനുഷംഗികമാണെന്ന്. ഒരൊറ്റക്കാര്യമേ ഇപ്പോള്‍ ഗൗരവമായി പരിഗണിക്കേണ്ടതുള്ളു, എല്ലാ കഴിവുകളും എല്ലാ വിഭവങ്ങളും ഒരൊറ്റ അത്യുന്നത ലക്ഷ്യത്തിനുവേണ്ടി കേന്ദ്രീകരിക്കണം. നാം ഗാന്ധിയെ കൊല്ലണം”. ഗോഡ്സെ അന്നങ്ങനെ പ്രഖ്യാപിച്ചെങ്കില്‍ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ സര്‍വശക്തിയും വിഭവങ്ങളും ഉപയോഗിച്ച്, “കോണ്‍ഗ്രസിനെ കൊല്ലണം” എന്ന് പ്രഖ്യാപിക്കുന്നു. രമേശ് ചെന്നിത്തല പറഞ്ഞതുപോലെ സ്ഥാനമാനങ്ങള്‍ കിട്ടുമ്പോള്‍ തങ്ങള്‍ക്ക് ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിനതീതരാണെന്നും ഇനി ഗ്രൂപ്പുകളില്ലെന്നും ഗ്രൂപ്പ് യോഗം ചേര്‍ന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും ആക്രോശിച്ചവരാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും ആവര്‍ത്തിച്ചു പറഞ്ഞു, കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്ത ഒരാള്‍പോലുമില്ലെന്ന്. ഇപ്പോള്‍ ഗ്രൂപ്പ് രഹിതര്‍ എന്നു പറയുന്നവര്‍ പുതിയ പദവികള്‍ ലഭിക്കുന്നതുവരെ ഗ്രൂപ്പുകളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരാണെന്ന് പറഞ്ഞതും ഈ നേതാക്കള്‍ തന്നെയാണ്. ഗ്രൂപ്പില്ലാതാക്കാന്‍ രംഗപ്രവേശം ചെയ്ത കെ സുധാകരനും വി ഡി സതീശനും ഇപ്പോള്‍ സ്വന്തം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് പരസ്പരം മല്ലടിക്കുന്നു. ഇവരുടെ സ്ഥാനലബ്ധിക്കായി ഡല്‍ഹിയില്‍ ചരടുവലിച്ച് കെ സി വേണുഗോപാലും സ്വന്തം ഗ്രൂപ്പിന് രൂപംനല്കുന്നു. വി ഡി സതീശന്‍ തന്റെ ഔദ്യോഗിക വസതിയില്‍ രാത്രി വിളിച്ചുചേര്‍ത്ത രഹസ്യ ഗ്രൂപ്പുയോഗത്തിലേക്ക് പരിശോധന നടത്തുവാന്‍ കെ സുധാകരന്‍ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനെ പറഞ്ഞയയ്ക്കുന്നു.
ഇതുംകൂടി വായിക്കാം;സ്ത്രീകളില്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല
പ്രകോപിതനായ സതീശന്‍ ഇപ്പോള്‍ സുധാകരനെ കണ്ടാല്‍ മിണ്ടുന്നില്ലെന്നാണ് വാര്‍ത്തകള്‍. തങ്ങള്‍ ഇരുവരും ഒരമ്മപെറ്റ മക്കളാണെന്നും കോണ്‍ഗ്രസില്‍ ഇനി സെമി കേഡര്‍ വസന്തമാണെന്നും പുരപ്പുറത്തു കയറിനിന്ന് വിളിച്ചുകൂവിയവരാണ് ഇരുവരും. കെപിസിസി, ഡിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലും ഒരുമിച്ചുനിന്നാണ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെയും ചെന്നിത്തല ഗ്രൂപ്പിനെയും വെട്ടിനിരത്തിയത്. ഇരു ഗ്രൂപ്പുകളില്‍ നിന്നും ആളുകളെ റാഞ്ചുന്നതിലും ഒരുമിച്ചു നിന്നവര്‍ ഇന്ന് മൂന്ന് ധ്രുവങ്ങളില്‍ നിന്ന് പോരടിക്കുന്ന കാഴ്ചയാണ്. ഡിസിസി — ബ്ലോക്ക് — മണ്ഡലംതല ഭാരവാഹികളുടെ പട്ടിക സുധാകരന്‍ തയാറാക്കിയതിനെ സതീശനും വേണുഗോപാലും ചേര്‍ന്ന് അട്ടിമറിക്കുന്നു. രോക്ഷാകുലനായ കെ സുധാകരന്‍ രാജിഭീഷണി മുഴക്കി ഹൈക്കമാന്‍ഡിന് കത്തയയ്ക്കുന്നു. ഹൈക്കമാന്‍ഡ് ഏറെക്കാലമായി ലോ കമാന്‍ഡാണെന്ന് കെ സുധാകരനും അറിയാം. ഗുലാംനബി ആസാദിന്റെയും കപില്‍ സിബലിന്റെയും മനീഷ് തിവാരിയുടെയും ശശി തരൂരിന്റെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ജി ഗ്രൂപ്പിനു മുന്നില്‍ മുട്ടുവിറച്ച് നില്ക്കുകയാണ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കുത്സവത്തിന്റെ കാലമാണ്. ഈ ഘട്ടത്തിലാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേര്‍ത്ത് രാഹുല്‍ഗാന്ധി പോകാനുള്ളവര്‍ക്കെല്ലാം കോണ്‍ഗ്രസ് വിട്ടുപോകാമെന്നും അള്ളിപ്പിടിച്ച് ഇരിക്കേണ്ടതില്ലെന്നും പ്രഖ്യാപിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ആഹ്വാനമില്ലാതെ തന്നെ ദേശവ്യാപകമായി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കും ഇതര പാര്‍ട്ടികളിലേക്കും ആളുകളുടെ കുത്തൊഴുക്ക് നടന്നുവരുന്നുണ്ട്. സുധാകരന്‍ — സതീശന്‍ പോരാട്ടത്തിനിടയില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകള്‍ ഒന്നിക്കുന്ന കാഴ്ചയും കാണുന്നു. സുധാകരന്റെയും സതീശന്റെയും സ്ഥാനാരോഹണ ഘട്ടത്തില്‍ ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും തള്ളിപ്പറയുകയും സുധാകരനും സതീശനും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്ത ആളാണ് കെ മുരളീധരന്‍.
ഇതുംകൂടി വായിക്കാം;നമ്മുടെ ഉറക്കം ജനാധിപത്യത്തെ ഹനിക്കുന്നു
ഗുരുവായൂരപ്പനെ സാക്ഷിനിര്‍ത്തി ചെന്നിത്തലയും കെ മുരളീധരനും ഉഗ്രപ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. ഇനി ഞങ്ങള്‍ പിണങ്ങില്ല, ഏറ്റുമുട്ടില്ല, ഒരമ്മപെറ്റ മക്കളെപ്പോലെ ഒറ്റക്കെട്ടായി മുന്നോട്ടുപോകും ചില പിശകുകള്‍, തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം തിരുത്തും. ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞതോര്‍ക്കുന്നു. സതീശന്‍ — സുധാകരന്‍ പോരില്‍ ആഹ്ലാദിക്കുന്നത് എ ഗ്രൂപ്പും ഐ ഗ്രൂപ്പുമാണ്. തങ്ങളുടെ ഗ്രൂപ്പുകളില്‍ നിന്ന് സ്ഥാനമാനങ്ങള്‍ വച്ചുനീട്ടി നേതാക്കളെ അടര്‍ത്തിമാറ്റിയവര്‍ക്ക് ഇങ്ങനെതന്നെ വേണമെന്ന് അവര്‍ കൈകൊട്ടിപ്പാടുന്നു. വി എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും പുകച്ചുപുറത്തുചാടിക്കുവാന്‍ ഒന്നിച്ചവരെല്ലാം ഇന്ന് ഛിന്നഭിന്നമായി പോരടിക്കുന്ന മറിമായത്തിനാണ് കോണ്‍ഗ്രസ് വേദിയാകുന്നത്. അധികാരമില്ലാതെ പദവിയില്‍ കടിച്ചുതൂങ്ങാനില്ലെന്നാണ് ഇപ്പോള്‍ സുധാകര വിലാപം. അഹന്തകൊണ്ടും മര്‍ക്കടമുഷ്ടികൊണ്ടും ഗുണ്ടായിസം കൊണ്ടും കോണ്‍ഗ്രസിനെ കാല്‍ക്കീഴിലാക്കാമെന്ന കിനാവ് പൊലിഞ്ഞതിന്റെ കൂടി ഭാഗമാണത്. ലക്ഷോപലക്ഷം ആളുകളെ കോണ്‍ഗ്രസ് അംഗങ്ങളാക്കുമെന്ന് വീരസ്യം പറഞ്ഞവര്‍ക്ക്, പ്രഖ്യാപനം നടത്തി മാസങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും അംഗത്വ വിതരണം ആരംഭിക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ദിവസം പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിക്കും ഭാര്യ എലിസബത്തിനും മകനും ഡിജിറ്റല്‍ അംഗത്വം നല്കുന്ന അപഹാസ്യതയാണ് അരങ്ങേറിയത്. ഗാന്ധിജിയെയും നെഹ്രുവിനെയും പിന്തുടരുന്ന യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ രവീന്ദ്രനാഥ ടാഗോറിന്റെ നവഖാലിയിലെ വര്‍ഗീയ കലാപഭൂമിയില്‍ ഗാന്ധിജി പാടിനടന്നിരുന്ന ‘നിന്റെ ആഹ്വാനം അവര്‍ ചെവികൊണ്ടില്ലെങ്കില്‍ തനിയേ നടക്കുക, തനിയേ നടക്കുക’ എന്ന വരികള്‍ പാടി പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരായി മനോവേദനയില്‍ കഴിയുന്നു. നേതാക്കള്‍ കോണ്‍ഗ്രസിനെ കൊല്ലാനുള്ള തിക്കിലും തിരക്കിലും. കാലത്തിന്റെ വൈചിത്ര്യം.