Site iconSite icon Janayugom Online

നെഹ്രു മ്യൂസിയത്തിന്റെ പേര് മാറ്റവും ആസൂത്രിതം

നെഹ്രു മ്യൂസിയത്തില്‍ നിന്നും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേര് വെട്ടിമാറ്റിയത്‍ സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയ അജണ്ട എന്താണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച നെഹ്രു ലോകം ആദരിക്കുന്ന ഇന്ത്യയിലെ ദേശീയനേതാവാണ്. മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങളില്‍ ദൃഢമായ വിശ്വാസമുണ്ടായിരുന്ന, ആധുനിക ഇന്ത്യയുടെ ശില്പി എന്ന നിലയില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച നേതാവാണ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തെ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയുന്നതിനായുള്ള നീക്കമാണ് ബിജെപി ഭരണകൂടം നടത്തിയത്. ഇന്ത്യയുടെ പുതിയ ചരിത്രം നിര്‍മ്മിക്കുന്നതിനായുള്ള ആര്‍എസ്എസിന്റെ നീക്കങ്ങളുടെ ഭാഗമാണ് നടപടികളെന്ന് വ്യക്തമാണ്. 1947 മുതല്‍ മരണം വരെ രാജ്യത്തിനായി നെഹ്രു നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാവരാലും ആദരിക്കപ്പെടുന്നതാണ്. ജവഹര്‍ലാല്‍ നെഹ്രു ജീവിച്ച തീന്‍മൂര്‍ത്തിഭവനിലെ നെഹ്രു സ്മാരക മ്യൂസിയം ആന്റ് ലെെബ്രറിയുടെ പേരാണ്, പ്രെെംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലെെബ്രറി സൊസെെറ്റി എന്നാക്കി മാറ്റിയത്. നെഹ്രു മ്യൂസിയത്തെ പിടിച്ചെടുക്കുവാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ എന്‍ഡിഎ അധികാരത്തില്‍ വന്ന കാലം മുതല്‍ തന്നെ കരുനീക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ മ്യൂസിയത്തില്‍ രേഖപ്പെടുത്തണമെന്ന ആശയം ഉയര്‍ത്തിക്കൊണ്ടുവന്നതും നടപ്പിലാക്കിയതും. തുടക്കത്തില്‍ത്തന്നെ ശക്തമായ വിമര്‍ശനം ചരിത്രപണ്ഡിതന്മാരും ദേശസ്നേഹികളും ഉന്നയിച്ചിരുന്നു. നെഹ്രുവിന്റെ പേരിലുള്ള മ്യൂസിയം അദ്ദേഹത്തിന്റെ പേരില്‍ നിന്നും മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായായിരുന്നു ഈ നീക്കങ്ങള്‍. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് മ്യൂസിയത്തിന്റെ ഭരണം നടത്തുന്ന സൊസെെറ്റിയുടെ വെെസ് പ്രസിഡന്റ്, ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും.

 


ഇതുകൂടി വായിക്കൂ;രണ്ടു സാമ്പത്തിക കുറ്റകൃത്യങ്ങള്‍


സൊസെെറ്റി യോഗത്തില്‍‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തന്നെ, നെഹ്രു മ്യൂസിയത്തിന്റെ പേര് പ്രെെംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലെെബ്രറി സൊസെെറ്റി എന്നാക്കി മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. 1929–30ല്‍ പണിതീര്‍ത്ത തീന്‍മൂര്‍ത്തി ഭവന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാലിന്റെ ഔദ്യോഗിക വീടായി മാറി. 1964 മേയ് 27ന് അന്തരിക്കുന്നതുവരെ തീന്‍മൂര്‍ത്തി ഭവനിലായിരുന്നു അദ്ദേഹം താമസിച്ചത്. പിന്നീട് ജവഹര്‍ലാലിന്റെ 75-ാം ജന്മവാര്‍ഷികത്തിന് 1964 നവംബര്‍ 14ലാണ് അന്നത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ് രാധാകൃഷ്ണന്‍ നെഹ്രു മ്യൂസിയമായി പ്രഖ്യാപിച്ചത്. ചരിത്രത്തെ വളച്ചൊടിച്ച്, തങ്ങള്‍ ഉദ്ദേശിക്കുന്ന ഹിന്ദുത്വ ദേശീയത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത്. അതിന് തടസം നില്‍ക്കുന്ന എല്ലാ ആശയങ്ങളെയും ചരിത്രബിംബങ്ങളെയും ഇല്ലാതാക്കുകയാണവര്‍. ഫാസിസ്റ്റ് ശക്തികള്‍ ലോകത്ത് എല്ലായിടത്തും ചരിത്രം തങ്ങളുടെ ആശയത്തിന് അനുസൃതമായി തിരുത്തിയെഴുതുക എന്നത് പ്രധാനപ്പെട്ട പ്രവര്‍ത്തനമായി കാണുന്നു. അതുതന്നെയാണ് ഇന്ത്യയിലും ഇപ്പോള്‍ നടക്കുന്നത്. സ്വന്തം ചരിത്രമില്ലാത്തവരാണ് രാഷ്ട്രീയ സ്വയംസേവക്‌ സംഘവും അതിന്റെ നേതൃത്വത്തിലുള്ള ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകളും. 1925ല്‍ ആര്‍എസ്എസ് രൂപീകരിച്ചതിനുശേഷം രാജ്യത്തിനുവേണ്ടി എന്ത് പ്രവര്‍ത്തനങ്ങളാണവര്‍ നടത്തിയത്? ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി സന്ധി ചെയ്താണ് അവര്‍ സ്വാതന്ത്ര്യസമരകാലത്ത് മുന്നോട്ടുപോയത്. ഒരു ദിവസം സത്യഗ്രഹം അനുഷ്ഠിക്കുന്നതിനോ, ജയില്‍വാസം അനുഷ്ഠിക്കുന്നതിനോ രാഷ്ട്രീയ സ്വയംസേവക്‌ സംഘം തയ്യാറായിരുന്നില്ല. സമരത്തിന് അവര്‍ എതിരുമായിരുന്നു.

ഇന്ത്യന്‍ ദേശീയ പതാകയെ അംഗീകരിക്കാതെ കാവിപ്പതാക ദേശീയ പതാകയായി നിര്‍ദേശിക്കുകയായിരുന്നു സംഘ്പരിവാര്‍. ദേശീയ പ്രസ്ഥാനത്തിന്റെ മഹാനായ നേതാവായി സവര്‍ക്കറെ അവതരിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ചരിത്രം നിഷേധിക്കുന്നതിനാണ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കി ജയിലില്‍ നിന്ന് പുറത്തുവന്ന സവര്‍ക്കര്‍ എങ്ങനെയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവാകുക? ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന സവര്‍ക്കറുടെ മാപ്പപേക്ഷകള്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. എത്ര മറച്ചുവച്ചാലും അതൊന്നും മായ്ച്ചുകളയാന്‍ കഴിയില്ല. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തലവനായി സംഘ്പരിവാര്‍ ഭക്തനായ വെെ സുദര്‍ശന്‍ റാവുവിനെ നിയമിച്ചുകൊണ്ടാണ് രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇന്ത്യന്‍ ചരിത്രത്തിന്റെ വസ്തുതകളെക്കുറിച്ച് അറിയാത്ത, പഠന ഗവേഷണ മേഖലകളില്‍ പ്രധാനപ്പെട്ട പങ്ക് ഒന്നും വഹിക്കാത്ത സാധാരണ അധ്യാപകന്‍ മാത്രമാണ് സുദര്‍ശന്‍ റാവു എന്ന് വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. ആര്യന്മാര്‍, ഇന്ത്യയിലെ ആദിമനിവാസികള്‍ക്ക് മുമ്പുതന്നെ ഇന്ത്യയിലുള്ളവരാണ് എന്നതാണ് സംഘ്പരിവാര്‍ ചരിത്ര നിര്‍മ്മിതിക്കാരുടെ പ്രധാനപ്പെട്ട വാദം. ആര്യസംസ്കാരത്തിന്റെ അടിത്തറയിലുള്ള ചരിത്രം സൃഷ്ടിച്ച്, അതിലൂടെ ജനമനസിനെ രൂപപ്പെടുത്തുക എന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കമാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തിയത്. അതിനായി പുതിയ ചരിത്രം സൃഷ്ടിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നു. സുദര്‍ശന്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചരിത്ര ഗവേഷണ കൗണ്‍സില്‍ അവരുടെ അജണ്ട നടപ്പിലാക്കുകയാണ്.


ഇതുകൂടി വായിക്കൂ; ബാങ്ക് തട്ടിപ്പുകാരെ സഹായിക്കുന്ന റിസർവ് ബാങ്ക് സർക്കുലർ


 

ഗാന്ധിയന്‍ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നിലകൊണ്ട ഗോരഖ്പൂരിലെ ആര്‍എസ്എസ് സ്ഥാപനമായ ഗീത പ്രസിന് ഗാന്ധി സമാധാന പുരസ്കാരം നല്‍കാനുള്ള തീരുമാനം വിരോധാഭാസമാണ്. ഗാന്ധിജിയെ വധിക്കുന്നതിന് പിന്തുണ നല്‍കിയവര്‍ ഗാന്ധിജിയുടെ പേരുപയോഗിക്കുന്നു. സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കേട്ടുകേള്‍വികളും കെട്ടുകഥകളും തങ്ങളുടെ ആശയങ്ങള്‍ക്ക് ശക്തി പകരാനുള്ള ഭാവനകളും കൂട്ടിച്ചേര്‍ത്ത് ഭരണകൂടത്തിന്റെ സര്‍വപിന്തുണയോടെയും രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തെ തിരുത്തുവാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ്. വര്‍ഗീയ ശക്തികള്‍ ചരിത്രത്തെ ഭയക്കുകയാണ്. അതുകൊണ്ടാണ് ചരിത്രം തിരുത്തിയെഴുതുന്നതിന് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നത്. രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം പുതിയ തലമുറയില്‍ നിന്ന് മറച്ചുവയ്ക്കുകയും തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ തിരുത്തി എഴുതുകയും ചെയ്യുന്നു. സ്ഥലനാമങ്ങള്‍ മാറ്റിയെഴുതാനുള്ള ഗവേഷണത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ സജീവമായിതന്നെ രംഗത്തുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെയും സ്ഥലങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പേരുകള്‍ ഇതിനകം മാറ്റി പുതിയ പേരുകളിലാണ് അറിയപ്പെടുന്നത്. ഗുജറാത്തിലെ അലഹബാദിന്റെ പേര് പ്രയാഗ്‍രാജ് ആയും യുപിയിലെ ഫൈസാബാദ് അയോധ്യയായും ഇതിനകം മാറിക്കഴിഞ്ഞു. ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദിന്റെ പേര് കര്‍ണപതി എന്നാക്കി മാറ്റണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഹൈദരാബാദിന്റെ പേരിലും മാറ്റം വരുത്തുവാന്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുഗള്‍ സാരായ് റെയില്‍വേ സ്റ്റേഷന്‍ ജനസംഘം നേതാവായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലാക്കി. ‌മുഗള്‍ കാലഘട്ടത്തിലെ ചരിത്രവും ചിഹ്നവും മാറ്റുക എന്നത് ദൗത്യമായാണ് കേന്ദ്ര സര്‍ക്കാര്‍‍ ഏറ്റെടുത്തത്. രാജ്യത്തിന്റെ ഒരു കാലഘട്ടത്തിലെ ചരിത്രം മായ്ച്ചുകളയുക എന്നതാണ് ഇതിലൂടെ ഉന്നംവയ്ക്കുന്നത്. രാജ്യചരിത്രം മായ്ക്കുന്നതിലൂടെ മാത്രമേ തങ്ങള്‍ ആഗ്രഹിക്കുന്നതരത്തില്‍ ചരിത്രത്തെ നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളു എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങളെല്ലാം.


ഇതുകൂടി വായിക്കൂ;  ഭരണകൂടം നടത്തുന്നത് മനുഷ്യാവകാശ ലംഘനം


 

പാഠപുസ്തകങ്ങളിലും മാറ്റം വരുത്തുന്നത് ഹിന്ദുത്വ അടിസ്ഥാനത്തില്‍ പുതിയ തലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണ്. നാഥുറാം വിനായക് ഗോഡ്സെയെ ചരിത്ര പുരുഷനായി അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം മറ്റാെന്നല്ല. ഗോഡ്സെയുടെ ക്ഷേത്രം പണിയുകയും ആരാധന നടത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിലൂടെയെല്ലാം മഹാത്മജിയുടെ ഘാതകനെ മഹത്വവല്‍ക്കരിക്കുന്നു. പുതിയ തലമുറയെ മഹാത്മാഗാന്ധിയില്‍ നിന്നും ഗോഡ്സെയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഗാന്ധി വധം ആസൂത്രണം ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ഗാന്ധിജി വധക്കേസില്‍ പ്രതിയാകുകയും ചെയ്ത സവര്‍ക്കറെ വീര പുരുഷനായി അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം മറ്റെന്താകാന്‍. ഹിന്ദുത്വ അടിസ്ഥാനത്തിലുള്ള രാഷ്ട്ര നിര്‍മ്മിതിക്ക് ആവശ്യമായ സാംസ്കാരിക അടിത്തറ സ്ഥാപിക്കുക എന്നതുതന്നെയാണ്. തങ്ങള്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വരാഷ്ട്ര സൃഷ്ടിക്ക് ആവശ്യമായ സാംസ്കാരികമായ അടിത്തറ പാകാന്‍ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും തിരുത്തി എഴുതാനുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. നെഹ്രു മ്യൂസിയത്തിന്റെ പേര് മാറ്റല്‍ അതിന്റെ ഭാഗമായുള്ള ആസൂത്രിത നീക്കം തന്നെയാണ്.

Exit mobile version