28 April 2024, Sunday

Related news

April 24, 2024
April 13, 2024
April 5, 2024
April 5, 2024
April 2, 2024
March 21, 2024
March 15, 2024
March 1, 2024
February 8, 2024
January 31, 2024

ബാങ്ക് തട്ടിപ്പുകാരെ സഹായിക്കുന്ന റിസർവ് ബാങ്ക് സർക്കുലർ

ഡോ. ഗ്യാന്‍ പഥക്
June 16, 2023 4:45 am

നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതിനുശേഷമുള്ള ഒമ്പതു വർഷത്തിനിടെ ബാങ്ക് തട്ടിപ്പുകൾ ഇരട്ടിയാകുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒമ്പതാം വർഷത്തെ ആദ്യ പകുതിയിൽ അതിന് മുമ്പുള്ള എട്ടുവർഷങ്ങളിലെ കാലയളവ് പരിശോധിച്ചാൽ ബാങ്ക് തട്ടിപ്പുകൾ വളരെയധികം വർധിച്ചു. പത്താം വർഷത്തിലേയ്ക്ക് കടന്നപ്പോൾ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് പത്തു മാസങ്ങൾ ബാക്കിയിരിക്കേ തട്ടിപ്പുകാർക്കെതിരെയും അത് കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടിയെടുക്കുന്നതിന് പകരം സമവായ വായ്പാ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ച് അത്തരം തട്ടിപ്പുകാരെ സഹായിക്കുന്ന സമീപനമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വീകരിക്കുന്നത്. നേരിട്ട് കണക്കുകളിലേക്ക് പോകാം. 2013–14ൽ ബാങ്ക് തട്ടിപ്പുകളുടെ എണ്ണം 4306 ആയിരുന്നത് 2021–22ൽ 9103 ആയി വർധിച്ചു. ഏകദേശം ആറുമാസം മുമ്പ്, 2022‑ന്റെ അവസാനം ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം പോലും സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം 2022–23 വർഷത്തിലും വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കാണിക്കുന്നത്. 2022–23ൽ ആദ്യ ആറുമാസങ്ങളിൽ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം 5406 ആയിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 4069 തട്ടിപ്പുകളാണ് കണ്ടെത്തിയത്. ഇപ്പോൾ, ജൂൺ എട്ടിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്, ബോധപൂർവം വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്കും തട്ടിപ്പുകാർക്കും സമവായ വായ്പാ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം നല്കണമെന്നും പുതിയ വായ്പ നേടാമെന്നുമാണ്.

എല്ലാ കാര്യങ്ങളും രാജ്യ താല്പര്യത്തിനായാണ് എന്ന് അവകാശപ്പെടുന്ന സർക്കാരിന് കീഴിലാണ് ഇത് നടക്കുന്നത്. അതിനപ്പുറം 2019 ജൂൺ ഏഴിന് ആർബിഐ തന്നെ പുറപ്പെടുവിച്ച നിഷ്ക്രിയ ആസ്തികൾ പരിഹരിക്കുന്നതിനുള്ള വിവേക പൂർവമായ ചട്ടക്കൂട് എന്ന സർക്കുലറിന് വിരുദ്ധവുമാണ് ഇപ്പോഴത്തെ നിർദേശം. ബോധപൂർവം വീഴ്ച വരുത്തുക, വഞ്ചനയിലൂടെയും തെറ്റായ മാർഗത്തിലൂടെയും വായ്പ സംഘടിപ്പിക്കുക എന്നീ അയോഗ്യതയുള്ളവർക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ സർക്കുലറിൽ നിന്ന് വ്യക്തമാകുന്നത്. ഒത്തുതീർപ്പ് ചർച്ചകൾ നടത്തുമ്പോൾ ബാങ്ക് ഒരു പൊതു മേഖലാ സ്ഥാപനവും ഓഹരി ഉടമകൾ നികുതിദായകരായ സാധാരണ ജനങ്ങളുമാണെന്നും അവരുടെ താല്പര്യങ്ങൾ പരിഗണിക്കണമെന്നും ആർബിഐ സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ ആർബിഐ സർക്കുലർ അനുസരിച്ച് മനഃപൂർവം കുടിശിക വരുത്തുന്നവർക്കും അതിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികൾക്കും സമവായ വായ്പാ തീർപ്പാക്കലിനോ സാങ്കേതികമായ എഴുതിത്തള്ളലിനോ വേണ്ടി ബാങ്കുകളെ സമീപിച്ച് അത് നേടിയെടുക്കാവുന്നതാണ്. ഇവിടെ കഴി‍ഞ്ഞ ഡിസംബറിൽ കേന്ദ്ര ധന മന്ത്രാലയം ലോക്‌സഭയിൽ കിട്ടാക്കടം എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് നല്കിയ മറുപടി ഓർക്കുന്നത് നല്ലതാണ്. 2021–22 വരെയുള്ള ആറ് സാമ്പത്തികവർഷത്തിനിടെ 11.7 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്നായിരുന്നു പ്രസ്തുത മറുപടിയിലുണ്ടായിരുന്നത്. അതിനർത്ഥം നമ്മുടെ ബാങ്കുകളി‍ൽ നിന്ന് അത്രയും തുക അപ്രത്യക്ഷമായെന്നാണ്. ബാങ്കുകൾ അവയുടെ ബാക്കി പത്രത്തിന്റെ രേഖകൾ ശരിയാക്കുന്നതിന്റെ ഭാഗമായും നികുതി ആനുകൂല്യം നേടുന്നതിനും മൂലധന പ്രതീക്ഷയോടെയും നടത്തുന്ന പ്രക്രിയയാണ് എഴുതിത്തള്ളലെന്ന് മന്ത്രാലയം രേഖാമൂലം നല്കിയ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വലിയ തോതിലുള്ള വായ്പകൾ എഴുതിത്തള്ളിയതിന്റെ ഫലമായി പത്തുവർഷത്തിനിടയിലെ നിഷ്ക്രിയ ആസ്തി 13,22,309 കോടിയായി കുറയ്ക്കാൻ സാധിച്ചുവെന്നാണ് റിസർവ് ബാങ്കിന്റെ ഒടുവിലത്തെ കണക്കുകൾ അവകാശപ്പെടുന്നത്. ഇത്തരത്തില്‍ കണക്കുകൾ ശരിയാക്കുന്നതിന് വന്‍തുക എഴുതിത്തള്ളി വഞ്ചകർക്കും തട്ടിപ്പുകാർക്കും സഹായം നല്കുന്നത് വൻ കുറ്റകൃത്യമായി പരിഗണിക്കേണ്ടതാണ്.


ഇതുകൂടി വായിക്കൂ:നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥ


വൻതുക വായ്പയെടുത്ത് വീഴ്ച വരുത്തുന്നവർ നിയമവിരുദ്ധമായും അല്ലാതെയുമുള്ള മാർഗങ്ങളിലൂടെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും ബാങ്കുകളുടെ പണം തട്ടിയെടുക്കുകയാണെന്ന് പറയാതെ വയ്യ. മോഡി സർക്കാരോ റിസർവ് ബാങ്കോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സമവായ വായ്പാ തീർപ്പാക്കലിനും ക്രിമിനൽ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനുമാണ് ആർബിഐ തയ്യാറാകുന്നത്. മനഃപൂർവം വീഴ്ച വരുത്തുകയോ വഞ്ചിക്കുകയോ ചെയ്യുന്നവർക്കെതിരായ ക്രിമിനൽ നടപടികളെ കുറിച്ച് മുൻ ധാരണകളില്ലാതെ ബാങ്കുകൾക്ക് ഒത്തുതീർപ്പുകളോ സാങ്കേതിക എഴുതിത്തള്ളലോ നടത്താമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഏതെങ്കിലും ഉദ്യോഗസ്ഥൻ തട്ടിപ്പുകാർക്കെതിരെ കർശന ഉപാധികൾ വച്ചേക്കരുതെന്ന് കരുതി കൂട്ടിച്ചേർത്തതാവാമെന്നും കരുതാവുന്നതാണ്. ഒത്തുതീർപ്പ് നടപടികൾക്ക് വിധേയരായവർക്ക് പുതിയ വായ്പകൾ നല്കുന്നതിന് കുറഞ്ഞത് 12 മാസമെങ്കിലും ഇടവേള നൽകിയാൽ മതിയെന്നും ആർബിഐ ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്. കാർഷിക വായ്പ ഒഴികെയുള്ളവയുടെ ഇടവേള 12 മാസമെന്ന വ്യവസ്ഥയ്ക്ക് വിധേയമായിരിക്കണമെന്നാണ് നിർദേശം. എങ്കിലും ബാങ്കുകൾക്ക് അവരുടെ ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇളവ് കാലാവധി വ്യത്യാസപ്പെടുത്തുന്നതിനും സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. കടം വാങ്ങുന്നവർ തിരിച്ചടയ്ക്കാത്ത തുകയിൽ കുറവ് വരുത്തി ഒത്തുതീർപ്പ് നടത്തുന്നതിന് രാജ്യത്തെ ബാങ്കുകൾ തയാറാകാറുണ്ടെന്നത് പൊതുവായ കാര്യമാണ്. പിരിച്ചെടുക്കുന്നതിനായി വിനിയോഗിക്കേണ്ടിവരുന്ന നിയമപരമായ ചെലവുകളും കിട്ടാക്കടം പിരിച്ചെടുക്കുന്നതിനുള്ള മറ്റു നടപടിക്രമങ്ങളും ഒഴിവായിക്കിട്ടുമെന്ന യുക്തിയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള പുനഃക്രമീകരണം എവർഗ്രീനിങ് എന്നാണ് അറിയപ്പെടുന്നത്. ഈ നടപടി തുടരുന്നത് സംബന്ധിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്കിയിരുന്നതുമാണ്. പാപ്പരത്ത നിയമം ഉപയോഗിച്ചാൽ പോലും കിട്ടാക്കടം പിരിച്ചെടുക്കുവാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. ബാങ്കുകൾ നിയമപരമായ അതോറിട്ടികളുടെ, അതായത് കടം പിരിച്ചെടുക്കൽ ട്രൈബ്യൂണലിന്റെ അനുവാദമില്ലാതെ വായ്പ പുനഃക്രമീകരണം നടത്താറുമുണ്ട്. വൻതുക ബാങ്ക് വായ്പയെടുത്ത് മനഃപൂർവം കുടിശിക വരുത്തുന്നവരെയും തട്ടിപ്പുകാരെയും സഹായിക്കുന്നതിന് ആർബിഐ നടപ്പിലാക്കുന്ന സമവായ വായ്പാ തീർപ്പാക്കൽ പദ്ധതിയെ ബാങ്ക് ജീവനക്കാരുടെ സംഘടനകളായ എഐബിഇഎ, എഐബിഒസി എന്നിവ ശക്തിയായി വിമർശിച്ചിട്ടുണ്ട്.

ഇത് ബാങ്കുകളുടെ വിശ്വാസ്യത തകർക്കുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരായ നടപടികൾ തടസപ്പെടുത്തുമെന്നും സംഘടനകൾ പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി. വഞ്ചിക്കുകയും ബോധപൂർവം വീഴ്ച വരുത്തുകയും ചെയ്തവർക്കായി സമവായത്തിലൂടെ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നത് നീതിക്കും വിശ്വാസ്യതയ്ക്കും വിരുദ്ധമായ സമീപനമാണ്. കടം വാങ്ങി ദുരുപയോഗം ചെയ്യുന്നവരെ സഹായിക്കുന്ന ഈ നടപടി വസ്തുതാപരമായും നീതിപൂർവകമായും വായ്പയെടുത്ത് വിനിയോഗിക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്യുന്നവർക്ക് മോശം സന്ദേശം നല്കുമെന്നും അവർ പറയുന്നു. കിട്ടാക്കടം വരുത്തിയവരെ സംബന്ധിച്ച വിവരങ്ങൾ രാജ്യത്തിനിപ്പോഴും അജ്ഞാതമാണ്. ഒരു കോടിയിലധികം രൂപ വായ്പ എടുത്തു വീഴ്ച വരുത്തിയവർ ആരൊക്കെയെന്ന കാര്യം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. 2022 ഡിസംബറിൽ കേന്ദ്ര ധനകാര്യ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയിൽ പറയുന്നത് എഴുതിത്തള്ളിയ വായ്പകൾ സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ളവ സൂക്ഷിക്കുന്നില്ല എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു എന്നാണ്. 25 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള തുക വായ്പയെടുത്തു തിരിച്ചടയ്ക്കാത്തവർക്കെതിരെ ഫയൽ ചെയ്ത കേസിന്റെ പട്ടിക ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി (സിഐസി) കളുടെ വെബ്സൈറ്റിൽ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും കേസ് ഫയൽ ചെയ്യാത്തവരുടെ വിവരങ്ങൾ രഹസ്യ സ്വഭാവം ഉള്ളതായതിനാൽ പൊതുവായി ലഭ്യമാക്കാൻ ആവില്ലെന്നും മന്ത്രാലയത്തിന്റെ മറുപടിയിൽ പറഞ്ഞിരിക്കുന്നു. ആർബിഐയുടെ ഇപ്പോഴത്തെ തീരുമാനം പുറത്തുവന്ന സമയവും ശ്രദ്ധേയമാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് ഏകദേശം 10 മാസം മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ പലവൻകിടക്കാരും വായ്പയെടുത്തു കുടിശിക വരുത്തുന്നത്, ബാങ്ക് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ എന്നിവരുടെ ഒത്താശയോടെയും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ സഹായം ലഭിക്കുന്നതിനാലുമാണ് എന്നുള്ള പഴയ ആരോപണങ്ങൾ വീണ്ടുമുയരുന്നതിനു ഇത് ഇടയാക്കും എന്ന കാര്യത്തിൽ സംശയമില്ല. അതിനൊപ്പം പൊതുപണം ബാങ്കുകളിൽ നിന്ന് തട്ടിയെടുക്കുന്നതിന് ഭരണ സ്ഥാപനങ്ങൾ തന്നെ വഴിയൊരുക്കുന്നു എന്ന ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. (ഇന്ത്യ പ്രസ് ഏജൻസി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.