Site iconSite icon Janayugom Online

ബിജെപി ഭരണത്തില്‍ ജനാധിപത്യത്തിന് ‘വിലയേറുന്നു’

നീഷ് സിസോദിയ എന്ന ഡല്‍ഹി ഉപമുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിനു പിന്നില്‍ അഴിമതിയുണ്ടെങ്കിലോ അഴിമതിക്കു കാരണമാകുന്നുണ്ടെങ്കിലോ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുകതന്നെ വേണം. പക്ഷേ അത്തരം നടപടികളുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതിപക്ഷ സര്‍ക്കാരുകളെ വരുതിയിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. അതുകൊണ്ടുതന്നെ സിസോദിയക്കെതിരായ നടപടികളുടെ പേരില്‍ വിവാദം കത്തിനില്ക്കുന്ന ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കാമെന്ന് പ്രലോഭനമുണ്ടായെന്ന് സിസോദിയ തന്നെയാണ് വെളിപ്പെടുത്തിയത്. അതിനു പിന്നാലെ എഎപി ഭരണം തകര്‍ത്ത് പിടിച്ചെടുക്കുന്നതിന് എംഎല്‍എമാര്‍ക്ക് നൂറുകണക്കിന് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. ഒരുമാസം മുമ്പാണ് ഝാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിനെ തകര്‍ക്കുന്നതിനുള്ള അട്ടിമറിനീക്കം താല്കാലികമായി ഒഴിവായത്.

——————————————————————————–

ഇതുകൂടി വായിക്കുക:   ഗോദി മീഡിയയും ജനങ്ങളുടെ ചെറുത്തുനില്പും

—————————————————————————–

കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്കെടുത്ത് ബിജെപിയായിരുന്നു ആ നീക്കത്തിന് പിന്നില്‍. ജൂലൈ അവസാനം ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്, നമന്‍ ബിക്സല്‍ കൊങ്കാരി എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പശ്ചിമബംഗാളില്‍ പിടിയിലായതോടെയാണ് ഝാര്‍ഖണ്ഡ് മന്ത്രിസഭയെ അട്ടിമറിക്കുന്നതിനുള്ള ബിജെപി നീക്കം പൊളിഞ്ഞത്. 49 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ബംഗാള്‍ സിഐഡി നടത്തിയ അന്വേഷണത്തിലാണ് ഹേമന്ത് സൊരേന്‍ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് ബിജെപി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇതെന്ന് വ്യക്തമായത്. പത്തുകോടി രൂപ വീതമായിരുന്നു ഓരോ എംഎല്‍എമാര്‍ക്കും ബിജെപി വിലയിട്ടിരുന്നതെന്നാണ് അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. മഹാരാഷ്ട്രയ്ക്കു പിറകേ ഝാര്‍ഖണ്ഡിലും അട്ടിമറിനീക്കമുണ്ടെന്ന് വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അരക്കോടിയോളം രൂപയുമായി കോ ണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗാളില്‍ പിടിയിലാകുന്നത്. ഝാര്‍ഖണ്ഡില്‍ അട്ടിമറിനീക്കം താല്കാലികമായി പരാജയപ്പെട്ടുവെങ്കിലും രാജ്യതലസ്ഥാനത്ത് എഎപി നേതൃത്വത്തിലുള്ള ഭരണം കയ്യടക്കാനുള്ള നീക്കം ബിജെപി ശക്തിപ്പെടുത്തി. അതിന്റെ ഭാഗമായി ആദ്യം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിത്തുടങ്ങി. വഴങ്ങുന്നില്ലെന്നു വന്നപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ പ്രലോഭനങ്ങളുമായി നിയമസഭാംഗങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ബിജെപി ഇതര സര്‍ക്കാരുകള്‍ തങ്ങളുടെ വരുതിയിലല്ലെങ്കില്‍ അട്ടിമറിക്കാനോ കൂറുമാറ്റത്തിലൂടെ തങ്ങളുടേതാക്കി മാറ്റുന്നതിനോ ഉള്ള ശ്രമങ്ങള്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷം ഇതുവരെ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

കോണ്‍ഗ്രസെന്ന ആയാറാം ഗയാറാം സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളെ ഏകദേശം നാമാവശേഷമാക്കിക്കഴിഞ്ഞു. അതുകൊണ്ട് അവര്‍ മറ്റു സര്‍ക്കാരുകളെയും ലക്ഷ്യംവച്ച് നീങ്ങിയിരിക്കുന്നുവെന്നാണ് ഝാര്‍ഖണ്ഡ്, ഡല്‍ഹി സര്‍ക്കാരുകള്‍ക്കെതിരായ അട്ടിമറിനീക്കത്തില്‍ നിന്ന് മനസിലാക്കേണ്ടത്. തെലങ്കാന സര്‍ക്കാരിനെ ഭയപ്പെടുത്തി തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ എംഎല്‍എമാരോട് ജാഗ്രതയോടെയിരിക്കണമെന്ന് റാവു മുന്നറിയിപ്പ് നല്കിയിരിക്കുകയുമാണ്. ഡല്‍ഹിയിലെ മദ്യനയത്തിന്റെ പേരില്‍ ചന്ദ്രശേഖരറാവുവിന്റെ കുടുംബത്തെ വേട്ടയാടുന്നതിനുള്ള നീക്കം സര്‍ക്കാരിനെ അട്ടിമറിക്കാനോ വരുതിയിലാക്കുന്നതിനോ ഉള്ള ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ചന്ദ്രശേഖരറാവുവിന്റെ കുടുംബവും പാര്‍ട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ കോര്‍പറേറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെയും അഴിമതിപ്പണത്തിന്റെയും പിന്‍ബലത്തില്‍ രാജ്യത്തെ പ്രതിപക്ഷ സര്‍ക്കാരുകളെ താഴെയിറക്കി അധികാരം പിടിക്കാനുള്ള മൃഗാസക്തിയിലാണ് ബിജെപി ഏര്‍പ്പെട്ടിരിക്കുന്നത്.

————————————————————————————–

ഇതുകൂടി വായിക്കുക:   എന്‍ഡിടിവിയെ വിഴുങ്ങാന്‍ വിടരുത് 

————————————————————————————

കര്‍ണാടക, ഗോവ, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ മാര്‍ഗത്തിലൂടെ ഭരണം കയ്യടക്കിയ ബിജെപിയുടെ ഒടുവിലത്തെ വിജയമായിരുന്നു മഹാരാഷ്ട്രയിലേതെന്ന് കരുതിയവരെ അത്ഭുതപ്പെടുത്തിയാണ് ഝാര്‍ഖണ്ഡിലെ അട്ടിമറിനീക്കം പുറത്തുവന്നത്. ഝാര്‍ഖണ്ഡില്‍ പത്തുകോടി രൂപയാണ് ഒരു എംഎല്‍എയ്ക്ക് വിലയിട്ടതെങ്കില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള എഎപി നിയമസഭാംഗങ്ങള്‍ വെളിപ്പെടുത്തുന്നത് 20 കോടി രൂപവീതമാണ് വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ്. മറ്റൊരാളെകൂടി കൊണ്ടുവന്നാല്‍ തുക ഇരട്ടിക്കുമെന്ന ചൂതാട്ടകേന്ദ്രത്തില്‍ പോലും കേട്ടിട്ടില്ലാത്ത വാഗ്ദാനങ്ങളാണ് ബിജെപി ഡല്‍ഹിയില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെത്തുമ്പോഴും വിലപേശലും ലേലംവിളിപോലെ തുകയുടെ തോത് വര്‍ധിച്ചു കൊണ്ടേയിരിക്കുന്നതും അപകടകരമായ അവസ്ഥയിലാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നതിന്റെ പ്രകടമായ തെളിവാണ്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്ന ഈ അപചയം ജനാധിപത്യ വിശ്വസികളെ സംബന്ധിച്ച് ആശങ്കാകുലവുമാണ്.

You may also like this video;

Exit mobile version