Site iconSite icon Janayugom Online

ആ വിയോജനക്കുറിപ്പാണ് ഉയര്‍ന്നു മുഴങ്ങുന്നത്

editorialeditorial

രു രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും ജനങ്ങളുടെ ജീവിതത്തിനും വന്‍ പ്രത്യാഘാതമുണ്ടാക്കിയ നോട്ടുനിരോധനത്തിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഭൂരിപക്ഷ വിധിയോടെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീര്‍പ്പു കല്പിച്ചിരിക്കുന്നു. ജസ്റ്റിസുമാരായ എസ് എ നസീര്‍, ബി ആര്‍ ഗവായി, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിപ്രസ്താവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനം ശരിവയ്ക്കുകയും തീരുമാനം റദ്ദാക്കേണ്ടതില്ലെന്ന് വിധിക്കുകയും ചെയ്തു. രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതിവിധിയില്‍ പറഞ്ഞു. നിയമപരമായി ഭൂരിപക്ഷ വിധിയാണ് പ്രാബല്യത്തിലുണ്ടാവുക. എങ്കിലും ഭൂരിപക്ഷ വിധിയിലെ ചില പരാമര്‍ശങ്ങള്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ശ്രദ്ധേയമാക്കുന്നുണ്ട്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിനു തന്നെയാണ് പരമാധികാരമെന്ന് വിധിയില്‍ പ്രസ്താവിക്കുന്നുണ്ടെങ്കിലും നോട്ടുനിരോധനം കൊണ്ട് എന്താണ് ലക്ഷ്യമിട്ടത്, അത് യാഥാര്‍ത്ഥ്യമായോ എന്നത് പ്രസക്തമല്ലെന്നാണ് പറഞ്ഞിരിക്കുന്നത്.

 


ഇതുകൂടി വായിക്കു; നിഗൂഢാധിപത്യമുള്ള ബിജെപിയും വിഭജിക്കപ്പെട്ട പ്രതിപക്ഷവും


 

വിധിയെ ശ്രദ്ധേയമാക്കുന്ന ഒരു ഭാഗം അതുതന്നെയാണ്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെയും സമ്പദ്ഘടനയെയും അടിമുടി തകര്‍ത്ത നോട്ടുനിരോധനം അതിന്റെ ലക്ഷ്യത്തില്‍ പരാജയപ്പെട്ടുവെന്ന പൊതു വിലയിരുത്തലിനെ ഭംഗ്യന്തരേണ ശരിവയ്ക്കുന്നതായി വിധിയിലെ ഈ പരാമര്‍ശങ്ങള്‍. 2016 നവംബര്‍ എട്ടിന് രാത്രി രാജ്യത്തോട് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു നോട്ടുനിരോധന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത്. കള്ളനോട്ടുകളും കള്ളപ്പണവും കണ്ടെത്തുക, ഭീകരവാദത്തിനുള്ള ധനസഹായം ഇല്ലാതാക്കുക, അനധികൃത സമ്പാദ്യം പുറത്തുകൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളാണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള നിർണായക തീരുമാനത്തിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ അത് ഫലം കണ്ടില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകളും സമകാലിക യാഥാര്‍ത്ഥ്യങ്ങളും ശരിവയ്ക്കപ്പെടുകയാണ് ഈ പരാമര്‍ശത്തിലൂടെ.

അതുകൊണ്ടുതന്നെ ജസ്റ്റിസ് ബി വി നാഗരത്നയുടെ വിയോജനക്കുറിപ്പിലെ നിഗമനങ്ങള്‍ തന്നെയാണ് സുപ്രീം കോടതിയുടെ നോട്ടുനിരോധനം സംബന്ധിച്ച ഇന്നലത്തെ വിധിയില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പിലാക്കേണ്ടതായിരുന്നില്ല ഇതുപോലെ സുപ്രധാനമായൊരു തീരുമാനം എന്നാണ് വിയോജനക്കുറിപ്പിലെ സുപ്രധാനമായ നിഗമനങ്ങളിലൊന്ന്. ജനപ്രതിനിധി സഭയില്‍ ചര്‍ച്ച ചെയ്ത ശേഷം അവരുടെ സമ്മതത്തോടെ നിയമമുണ്ടാക്കി വേണമായിരുന്നു നോട്ടുനിരോധനം നടപ്പിലാക്കേണ്ടതെന്നും നാഗരത്ന അഭിപ്രായപ്പെട്ടിട്ടുണ്ട്. നോട്ടുനിരോധനത്തെ അടിസ്ഥാനമാക്കിയാണ് അവരുടെ ഈ പരാമര്‍ശമെങ്കിലും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളും ജനപ്രതിനിധി സഭകളോടുള്ള അവഹേളനങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതാണ്. റിസര്‍വ് ബാങ്കെന്ന സ്വതന്ത്ര സംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും വിയോജനക്കുറിപ്പിലൂടെ തുറന്നുകാട്ടപ്പെടുന്നുണ്ട്. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും നല്കിയ മറുപടികളിലെ വൈരുധ്യങ്ങള്‍ അവര്‍ എടുത്തുകാട്ടുന്നുമുണ്ട്. ഭൂരിപക്ഷ വിധിയില്‍ ആറുമാസം മുമ്പ് ആര്‍ബിഐയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ദിവസംകൊണ്ട് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും നോട്ടുനിരോധനത്തിന്റെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചുവെന്നാണ് നാഗരത്ന നിരീക്ഷിക്കുന്നത്.

 


ഇതുകൂടി വായിക്കു; ബ്രാഹ്മണിക്കല്‍ ചരിത്രത്തിന് കളമൊരുങ്ങുന്നു


 

സുപ്രധാനമായൊരു സാമ്പത്തിക നടപടി ആര്‍ബിഐയുടെ സ്വതന്ത്രമായ തീരുമാനമായിരുന്നില്ലെന്നും അവരുടെ അഭിപ്രായം തേടുക മാത്രമാണുണ്ടായതെന്നുമുള്ള നാഗരത്നയുടെ അഭിപ്രായവും ഗൗരവമുള്ളതാണ്. നോട്ടുനിരോധനമെന്ന തുഗ്ലക്ക് പരിഷ്കാരത്തിന്റെ ഫലമായി രാജ്യം അനുഭവിച്ച ദുരിതങ്ങള്‍ മറക്കാറായിട്ടില്ല. ഭരണത്തണലില്‍ നിരോധിത നോട്ടുകള്‍ കണക്കുകളില്ലാതെ മാറ്റിയെടുത്തതും നിരോധനത്തിനു മുമ്പുള്ളതിനെക്കാള്‍ നോട്ടുകള്‍ രാജ്യത്ത് പ്രചാരത്തിലായതും ഭീകരവാദവും കള്ളപ്പണ നിക്ഷേപവും ലോഭമില്ലാതെ തുടരുന്നതും നേരനുഭവമുള്ള ജനത തന്നെയാണ് ഇപ്പോഴും രാജ്യത്തുള്ളത്. ഇത്രയും പിന്തിരിപ്പനായൊരു ഭരണനടപടിയുടെ പേരില്‍ ലോകമാകെ നമ്മുടെ രാജ്യത്തെ അപഹസിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. നിരോധനം നടപ്പിലാക്കുകയും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം നേടാതെ പോവുകയും സമ്പദ്ഘടനയുടെ നടുവൊടിഞ്ഞുവെന്ന അനുഭവം സര്‍ക്കാര്‍തലത്തിലും പൊതുസമൂഹത്തിലും നേരിടുകയും ചെയ്ത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധിയുണ്ടായത്. പൊതുവില്‍ നിരാശാജനകമാണ് ഈ വിധി. അതേസമയം എല്ലാ ദുരിതങ്ങളും നേരിട്ടുകഴിഞ്ഞ ശേഷം മറിച്ചൊരു വിധികൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോയെന്ന ചോദ്യവും പ്രസക്തമാണ്. സാങ്കേതികമായി സര്‍ക്കാരിന് ആശ്വസിക്കാമെന്നല്ലാതെ, ഈ വിധി അത്രമേല്‍ പ്രാധാന്യമില്ലാതാകുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടുന്ന വിയോജന വിധിയാണ് കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നത്.

Exit mobile version