20 April 2024, Saturday

ബ്രാഹ്മണിക്കല്‍ ചരിത്രത്തിന് കളമൊരുങ്ങുന്നു

Janayugom Webdesk
December 28, 2022 5:00 am

‘ബ്രിട്ടീഷുകാരാൽ അടിമകളാക്കപ്പെട്ടതുമൂലം നമുക്ക് പലതും നഷ്ടമായിട്ടുണ്ടെങ്കിലും മനുഷ്യരെന്ന ബോധത്തിലേക്ക് ഉയർത്തപ്പെടാൻ ബ്രിട്ടന്റെ ഭരണം സഹായിച്ചു. വടക്കേ ഇന്ത്യക്കാരുടെ അടിമകളായി തുടർന്നിരുന്നുവെങ്കിൽ കീഴാളജാതി വിഭാഗങ്ങൾ മാത്രമായി ഒരു വലിയ വിഭാഗത്തിന്റെ അസ്തിത്വം മാറ്റപ്പെട്ടേനെ’ എന്ന് സാമൂഹികപരിഷ്കർത്താവ് ഇ വി രാമസ്വാമി നായ്ക്കർ പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ സൂചിപ്പിക്കാൻ കാരണം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ ഒരു പ്രസ്താവനയാണ്. ‘ചില പ്രത്യേക ആഖ്യാനങ്ങൾക്കു മാത്രം യോജിച്ചതും പൗരൻമാരിൽ അപകർഷതാബോധം സൃഷ്ടിച്ചതുമായ ചരിത്രമാണ് രാജ്യത്ത് പഠിപ്പിച്ച’തെന്നാണ് നരേന്ദ്ര മോഡിയുടെ പ്രസ്താവം. ‘ഇന്ത്യയെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്കു നയിക്കാൻ ഭൂതകാലത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങളിൽനിന്നു നാം സ്വതന്ത്രരാകണം. ഒരു വശത്ത് വർഗീയവാദത്താൽ അന്ധമായ മുഗൾ ഭരണകൂടവും മറുവശത്ത് നമ്മുടെ ഗുരുക്കന്മാരുമായിരുന്നു. ഒരു വശത്ത് തീവ്രവാദവും മറുവശത്ത് ആത്മീയതയും. ഒരു വശത്ത് വർഗീയ കലാപവും മറുവശത്ത് ലിബറലിസവും. ’ സിഖ് മതത്തിലെ പത്താം ആചാര്യൻ ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായ സോരാവര്‍ സിങ്ങിന്റെയും ഫത്തേ സിങ്ങിന്റെയും ധീരതയെ അനുസ്മരിക്കുന്ന വീർ ബാൽ ദിവസിൽ പങ്കെടുത്തുകൊണ്ട് മോഡി പറഞ്ഞതിങ്ങനെയാണ്.


ഇതുകൂടി വായിക്കു; ജനങ്ങളെ വെല്ലുവിളിക്കുന്ന ഭരണകൂടം


ചരിത്രത്തെ എത്ര ലാഘവത്തോടെയാണ് പ്രധാനമന്ത്രി വക്രീകരിച്ചു സ്വായത്തമാക്കുന്നതെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന്റെ അടുത്ത വാചകം തെളിവ് നൽകുന്നു. ‘ഔറംഗസേബും അദ്ദേഹത്തിന്റെ ആളുകളും വാളുകൊണ്ട് മതം മാറ്റാൻ ശ്രമിച്ചു. അതുകൊണ്ടാണ് നിരപരാധികളായ രണ്ട് കുട്ടികളെ കൊല്ലാൻ അദ്ദേഹം തീരുമാനിച്ചത്. ആ ഭീകരതയ്ക്കെതിരെ, ഇന്ത്യയെ മാറ്റാനുള്ള അദ്ദേഹത്തിന്റെ പദ്ധതികൾക്കെതിരെ, ഗുരു ഗോവിന്ദ് സിങ് ഒരു പർവതം പോലെ നിന്ന ആ കാലഘട്ടം ഓർമ്മയിലുണ്ടാകണം’ എന്ന നരേന്ദ്ര മോഡിയുടെ പരാമര്‍ശം തികച്ചും ഏകപക്ഷീയമാണ്. ഹിന്ദു-മുസ്ലിം ഭരണാധികാരികളെല്ലാം ഒരുപോലെ ബലപ്രയോഗത്തിലൂടെ മതംമാറ്റവും പിടിച്ചടക്കലും നടത്തിയിട്ടുണ്ട്. എന്നാല്‍ മുസ്ലിം വിരുദ്ധതയുടെ പ്രണേതാക്കളായ സംഘ്പരിവാറിന്റെ മറ്റേത് നേതാവിനേയും പിന്നിലാക്കുംവിധമുള്ള ഇസ്ലാമോഫോബിയ പടർത്തുകയാണ് പ്രധാനമന്ത്രി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലായിരുന്നു അതേദിവസം തന്നെ കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ ബിഹാറിലെ ഗോപാൽ നാരായൺ സിങ് സർവകലാശാലയിൽ നടത്തിയ പരാമർശം. അടിസ്ഥാനപരമായ ചില തിരുത്തലുകൾക്കായി ഇന്ത്യൻ ചരിത്രം പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണദ്ദേഹം പറഞ്ഞത്. ‘ഭൂരിഭാഗം ചരിത്രകാരന്മാരും ഇന്ത്യയുടെ സംസ്കാരത്തോടും നാഗരികതയോടും നീതി പുലർത്തിയില്ല. ചരിത്രത്തിന്റെ വികലമായ പതിപ്പാണ് അവർ പഠിപ്പിച്ചത്. പുനരാലോചനയ്ക്കും തിരുത്തലുകൾ വരുത്താനും പെെതൃകത്തെ മഹത്വപ്പെടുത്താനുമുള്ള സമയമാണിത്’ എന്ന് മന്ത്രി പറഞ്ഞത് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും അഖില ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.

 


ഇതുകൂടി വായിക്കു; വികസനവും പ്രകൃതിയും പ്രകടമായ വൈരുധ്യാത്മകതയും


 

സ്വയം അറിയാൻ നമ്മൾ ചരിത്രം പഠിക്കേണ്ടതുണ്ട്. ഭൂതകാലം പഠിച്ചവർക്കേ വർത്തമാനത്തിൽ ചരിത്രം സൃഷ്ടിക്കാനും ഭാവി പ്രവചിക്കാനും കഴിയൂ. പക്ഷേ ശാസ്ത്രാധിഷ്ഠിതമായ വസ്തുതയായിരിക്കണം ആ ചരിത്രം. ഇന്ന് രാജ്യത്തെ വിഴുങ്ങിയിരിക്കുന്ന അപകടം ചരിത്രത്തിന്റെ വളച്ചൊടിക്കലാണ്. വിദ്യാഭ്യാസം, ഭാഷ, സംസ്കാരം, അധികാരം, സമ്പദ്‌വ്യവസ്ഥ, ഭരണം എന്നിവയിൽ ഭരണഘടനയുടെ മഹത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ ചരിത്രഭൂതകാലം കേവലം പുരാതനവും പ്രാചീനവുമായി നിലകൊള്ളുന്ന ഒന്നല്ല. വർത്തമാന ഇന്ത്യയുടെ സാംസ്കാരിക‑സാമൂഹിക‑രാഷ്ട്രീയ ജീവിതത്തെ നിർണയിക്കുന്ന സുപ്രധാന ശക്തിസ്രോതസാണത്. ഇന്ന് ഭരണത്തിലിരിക്കുന്ന മത രാഷ്ട്രീയ‑വർഗീയ ശക്തികൾ നമ്മുടെ ചരിത്ര ഭൂതകാലത്തെ ഏകപക്ഷീയമായി വ്യാഖ്യാനിച്ചുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ ചരിത്രസ്മരണകളെ ഉന്മൂലനംചെയ്യാനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളുടെ സാംസ്കാരിക ചരിത്രത്തെ ഇല്ലായ്മചെയ്തുകൊണ്ട് ഇന്ത്യാചരിത്രത്തെ ഹിന്ദുത്വ ആഖ്യാനങ്ങൾക്ക് ഉതകുംവിധം മാറ്റിമറിക്കാനാണ് ശ്രമിക്കുന്നത്. ബാബരി മസ്ജിദിൽ തുടങ്ങി ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും മുകളിൽ അവകാശമുന്നയിക്കുന്നതിലൂടെ ഇസ്ലാമിക ചരിത്രപൈതൃകത്തെ ഉന്മൂലനംചെയ്യലാണ് സംഘ്പരിവാർ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സാംസ്കാരിക‑രാഷ്ട്രീയബോധമായി അവര്‍ വ്യാഖ്യാനിക്കുന്ന ബ്രാഹ്മണ്യത്തിന്റെ സഹായത്തോടുകൂടിയാണ് ഹിന്ദുത്വവാദികള്‍ സാംസ്കാരിക നശീകരണത്തിന് ആക്കംകൂട്ടുന്നത്. ഇതിനുവേണ്ടിയാണ് മുഗൾഭരണകാലത്തെ ഇരുണ്ടകാലമായും ഔറംഗസേബിനെ ഉദാഹരണമാക്കി മുഗൾ ഭരണാധികാരികളെ ധ്വംസകരായും അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. പൊരിയോര്‍ ചൂണ്ടിക്കാട്ടിയ ‘കീഴാളജാതി വിഭാഗ’മായി ഭൂരിപക്ഷം തളയ്ക്കപ്പെടാതിരിക്കാന്‍ രാജ്യത്തെ മതേതരജനത കരുത്താര്‍ജിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.