വീണ്ടും ഒക്ടോബര്‍… വേനൽക്കാലത്തിന്റെ കഠിനമായ ചൂട് പിൻവാങ്ങുകയും ശീതകാലം തുടങ്ങുകയുമാണ്. ചൂടിന്റെ കാഠിന്യം മാറിയെങ്കിലും മഞ്ഞുവീഴ്ചകൊണ്ട് തണുത്ത രാത്രികളുടെ ദെെന്യതയില്‍ ഉറങ്ങേണ്ട അവസ്ഥയിലാണ് തൊഴില്‍രഹിതരും, പട്ടിണിക്കാരുമായ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍. ഇതുപോലൊരു ഒക്ടോബര്‍ രണ്ടിനാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജനിച്ചത്. ഒരുനൂറ്റാണ്ടായി ബാപ്പു എന്നു വിളിക്കപ്പെടുന്ന സാന്നിധ്യമാണ് അദ്ദേഹം. ഏത് പ്രതിസന്ധിയിലും അദ്ദേഹത്തിന്റെ പ്രഭാവലയത്തിൽ നമുക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. നാം സ്വാതന്ത്ര്യം നേടി, ജനാധിപത്യവും മതേതരവും സോഷ്യലിസ്റ്റും ആയ രാഷ്ട്രീയ സംവിധാനം കെട്ടിപ്പടുത്തു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്വകാര്യ ഉടമസ്ഥതയിൽ നിന്ന് പതുക്കെ മുക്തി നേടാനുള്ള ദേശസാൽക്കരണം, സംയോജിത സംസ്കാരം എന്നിവ രൂപപ്പെട്ടു. ഭരണഘടനയാൽ അത് പരിപോഷിപ്പിക്കപ്പെട്ടു. എന്നാൽ 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതു മുതല്‍ അതില്‍ വിള്ളലുണ്ടാകാന്‍ തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ സമ്മിശ്ര സംസ്കാരത്തിൽ വിള്ളൽവീഴ്ത്താനുള്ള ഗൗരവപൂര്‍ണമായ ശ്രമങ്ങൾ തുടര്‍ച്ചയായി നടക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ബഹുസ്വരതയിൽ ജീവത്തും ഇഴചേർന്നതുമായ വ്യക്തിത്വമുണ്ട്. ഇന്ന് അത് ഭീഷണിയിലാണ്. നാസികളുടെ യഹൂദ വിരുദ്ധതയുടെ മാതൃകയിൽ ഹിന്ദു സ്വേച്ഛാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയെയാണ് അത് അഭിമുഖീകരിക്കുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ന്യൂനപക്ഷങ്ങൾ ഹിന്ദുത്വയ്ക്ക് വിധേയരായി കഴിയണമെന്നുമുള്ള ആശയത്തെ മുൻനിർത്തിയാണ് നിലവിലെ ഭരണകൂടം പദ്ധതി നടപ്പാക്കുന്നത്. എല്ലാ മതത്തിലെയും എല്ലാ ജാതിയിലെയും എല്ലാ പൗരന്മാർക്കും തുല്യതയെന്ന ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാടാണവരുടേത്.
ഇതുകൂടി വായിക്കു; വായനയും ഗാന്ധിയും
ആർഎസ്എസും അനുബന്ധവുമായി വലതുപക്ഷ പ്രത്യയശാസ്ത്രത്തിനു കീഴിൽ കൂണുപോലെ മുളച്ചുപൊന്തുന്ന സംഘടനകളിലൂടെ ഹിന്ദുത്വ സവർണർ ന്യൂനപക്ഷ സമുദായങ്ങളോടുള്ള വിവേചനം ശക്തമാക്കുന്നു. ഹിന്ദുരാഷ്ട്രത്തിന്റെ വിമോചകനായി അവർ കാണുന്നത് ആർഎസ്എസ് പ്രവര്‍ത്തകനായ നരേന്ദ്ര മോഡിയെയാണ്. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതിനുള്ള പ്രചരണം എല്ലാ തലങ്ങളിലും നടക്കുന്നു. ഹിന്ദുത്വ ഭൂരിപക്ഷ ആധിപത്യശ്രമങ്ങളാണ് സർക്കാർ പിന്തുടരുന്നത്. അവയിൽ ഏറ്റവും പ്രകടമായതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയ്ക്ക് പോലും തിരിച്ചടിയായ പൗരത്വ ഭേദഗതി നിയമം. മതേതരത്വം നിഷേധിച്ചുകൊണ്ടാണ് പ്രാകൃതമായ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. പൗരത്വം നിർവചിക്കുകയും നൽകുകയും ചെയ്യുമ്പോൾ, മതം മാനദണ്ഡമാക്കുന്നു. ആരാണ് ഇന്ത്യൻ പൗരൻ എന്ന് വ്യക്തമാക്കുന്നതിനുള്ള അടിസ്ഥാന ഘടകം മതമാകുന്നു. ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെതിരെയുള്ള കടന്നാക്രമണമായിരുന്നു അത്, പ്രത്യേകിച്ച് ബാപ്പുവിനെതിരെ. അദ്ദേഹം നിലകൊണ്ട നയങ്ങള്‍ക്കും നമുക്കെല്ലാവർക്കും നേരെയുള്ള ആക്രമണം. ജനാധിപത്യ ധാർമ്മികതയോടെ നാം സംരക്ഷിച്ചിരുന്നതെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടക്കുന്നത്. യഥാർത്ഥത്തിൽ ഗാന്ധിജി ജനങ്ങളിൽ ചെലുത്തിയിരുന്ന സ്വാധീനത്തിനെതിരെയായിരുന്നു അത്.
ഇതുകൂടി വായിക്കു; ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; ഭരണഘടനയ്ക്കെതിരെയുള്ള ഭരണകൂട ആക്രമണം
മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാർക്ക് അതിവേഗം ഇന്ത്യൻ പൗരത്വം നൽകാന്‍ അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് ബിൽ. മതപീഡനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തുന്നവര്‍ക്ക് അഭയം നൽകുമെന്ന് ബിജെപി നേതൃത്വത്തിലുള്ള ഹിന്ദുത്വ സർക്കാർ പറഞ്ഞു. ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈനർ എന്നിവർക്ക് മാത്രം പൗരത്വം നല്‍കുന്ന നിയമം മുസ്ലിം വിരുദ്ധമാണ് എന്നതിനാല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കി, പ്രത്യേകിച്ച് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു-കിഴക്കന്‍ മേഖലയില്‍. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യൻ പൗരന്മാരാകുന്നതിൽ നിന്ന് വിലക്കിയ 64 വർഷം പഴക്കമുള്ള പൗരത്വ നിയമമാണ് പരിഷ്കരിച്ചത്. പാസ്പോർട്ടോ സാധുവായ രേഖകളോ ഇല്ലാതെ ഇന്ത്യയിൽ താമസിക്കുന്ന, അല്ലെങ്കിൽ അനുവദനീയമായ സമയത്തിനപ്പുറവും ഇവിടെ തങ്ങുന്ന വിദേശികളാണ് അനധികൃത കുടിയേറ്റക്കാര്‍ എന്ന് നിര്‍വചിക്കപ്പെടുന്നത്. ഇത്തരം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലിലടയ്ക്കുകയോ ചെയ്യാം. പൗരത്വത്തിന് അപേക്ഷിക്കുന്നയാള്‍ കുറഞ്ഞത് 11 വർഷമെങ്കിലും ഈ രാജ്യത്ത് താമസിച്ചിരിക്കണം എന്ന വ്യവസ്ഥ പുതിയ നിയമം ഭേദഗതി ചെയ്യുന്നു. മുകളില്‍പ്പറഞ്ഞ ആറ് മതന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തങ്ങൾ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ നിബന്ധന ഒഴിവാക്കപ്പെടും. രാജ്യത്തിന്റെ പൗരത്വത്തിനോ ദേശീയതയ്ക്കോ അർഹത നേടുന്നതിന് അവർ ആറ് വർഷം ഇന്ത്യയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്താൽ മതിയാകും. രാജ്യത്തെ മുസ്ലിങ്ങളെ ‘അന്യരാക്കി’ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വിവേചനം. അതുപോലെതന്നെയാണ് അവർക്കെതിരായ ആക്രമണങ്ങളും.
ഗാന്ധിയെ വീണ്ടും കണ്ടെത്തേണ്ടതിന്റെ അനിവാര്യമായ അവസ്ഥ രാജ്യത്ത് കെെവന്നിരിക്കുന്നു. ബാപ്പുവിന് ഒരിക്കലും ഈയവസ്ഥ അംഗീകരിക്കാനാകില്ല. അദ്ദേഹം ജീവിതകാലത്ത് തന്നെ, ഹിന്ദു രാഷ്ട്രത്തെയും അതിന്റെ വക്താക്കളായ രാഷ്ട്രീയ സ്വയംസേവക് സംഘിനെയും ഹിന്ദു മഹാസഭയെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർത്തിരുന്നു. സ്വാതന്ത്ര്യാനന്തരം ചുരുങ്ങിയ കാലയളവിനുള്ളിൽ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമെന്ന കാഴ്ചപ്പാടിലേക്ക് നാമെത്തിയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പരമോന്നത നേതാവെന്ന നിലയിലുള്ള ധാർമ്മിക ശക്തികൊണ്ടും നിസ്വാര്‍ത്ഥ പ്രയത്നങ്ങൾ കൊണ്ടും ഗാന്ധിജിയുണ്ടാക്കിയ സ്വാധീനം കൊണ്ടാണ്. അത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏകീകൃത തത്വമായി മാറി. സ്വതന്ത്ര ഇന്ത്യയുടെ ഈ മതേതര പദ്ധതിയെയാണ് ഗാന്ധിവധത്തിലൂടെ പാളം തെറ്റിക്കാൻ ശ്രമിച്ചത്. യുദ്ധമുഖങ്ങൾ വീണ്ടും ഉയർന്നുവരുന്നു. പക്ഷേ ഗാന്ധി ജീവിക്കുന്നു, അതോടൊപ്പം നമ്മുടെ സംയോജിത സംസ്കാരവും.