3 May 2024, Friday

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; ഭരണഘടനയ്ക്കെതിരെയുള്ള ഭരണകൂട ആക്രമണം

ഡി രാജ
October 4, 2023 4:15 am

രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ചും നീതിയുടെയും സമത്വത്തിന്റെയും കാവലില്‍ അത് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും തിരിച്ചറിഞ്ഞായിരുന്നു ഭരണഘടനയുടെ നിർമ്മാണം .വൈവിധ്യങ്ങളെ അംഗീകരിച്ചും ബലപ്പെട്ടുമായിരുന്നു ജനാധിപത്യ പാതയുടെ ആരംഭവും. ദേശീയവും പ്രാദേശികവുമായ താല്പര്യം സംരക്ഷിച്ചു കൊണ്ടുള്ള ജനാധിപത്യ മുന്നേറ്റം സാധ്യമാകുന്നതിന് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാര വിഷയ വിഭജനം വ്യക്തമായി രൂപകല്പന ചെയ്തിട്ടുമുണ്ട്. ഒരു ഫെഡറൽ സംവിധാനം ഉള്‍ക്കൊണ്ടു പ്രവർത്തിക്കുന്ന ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമായിരുന്നു ഭരണഘടനാ ദർശനം . യൂണിയൻ തലത്തിലും സംസ്ഥാന തലത്തിലും കൃത്യമായ ഇടവേളകളിൽ നടത്തുന്ന സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ അനിവാര്യത ഡോ. അംബേദ്കർ തിരിച്ചറിയുന്നത് ഇത്തരം പശ്ചാത്തലത്തിലാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ, സ്വതന്ത്രവും സ്ഥിരവുമായ ഒരു സംവിധാനമായി രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിക്കണമെന്ന് അംബേദ്കര്‍ തുടര്‍ന്ന് നിലപാട് സ്വീകരിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 324 ഇക്കാര്യങ്ങള്‍ കൃത്യമാക്കുന്നുണ്ട്.
നിർഭാഗ്യവശാൽ, ഭരണഘടന വ്യക്തമാക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി, ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ഘോഷണവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി. ഇത് ഭരണഘടനയുടെ സത്ത ബോധ്യപ്പെടാതെയുള്ള ഭരണഘടനയ്ക്കെതിരെയുള്ള ഭരണകൂട ആക്രമണം എന്ന് വിളിച്ചുപറയേണ്ടതുണ്ട്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായൊരു സമിതിയെ ഈ ദുഷിച്ച പദ്ധതിക്കുള്ള സാധ്യത പരിശോധിക്കാൻ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ ഘടനയിൽ നിന്നും ഇതിനോടകം രൂപീകരിച്ച ശുപാർശകളുടെ സൂചനകളില്‍ നിന്നും ഈ സമിതി സ്വേച്ഛാധിപത്യ താല്പര്യങ്ങള്‍ക്ക് നിയമസാധുത നൽകാൻ മാത്രമുള്ളതെന്ന് മനസിലാകും.


ഇതുകൂടി വായിക്കൂ:   ഭരണഘടനയോടുള്ള വെല്ലുവിളികൾ


“ഏകത്വം” പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയുടെ അഭിനിവേശമാണ്. രാജ്യത്തിനാകെ ഒരു നികുതി ഘടന, രാജ്യത്തിനാകെ ഒരു തെരഞ്ഞെടുപ്പ് …ഇങ്ങനെ അറുതിയില്ലാത്ത ഏകശിലാ നീക്കങ്ങള്‍.
സംസ്ഥാന അസംബ്ലികളിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ നിയമ കമ്മിഷൻ അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി നിയമ കമ്മിഷൻ ഇതുവരെ റിപ്പോർട്ടുകളൊന്നും നല്കിയിട്ടുമില്ല. നിയമ കമ്മിഷൻ വിഷയം പരിശോധിക്കുമ്പോൾ വേറിട്ടൊരു പ്രത്യേക സമിതിയുടെ ആവശ്യകത എന്താണ് ? നേരത്തെ പറഞ്ഞതുപോലെ, സ്വേച്ഛാധികാര നീക്കങ്ങള്‍ക്ക് നിയമസാധുത നൽകാൻ മാത്രമെന്ന് അടിവരയിടാം.
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് നിയമസഭയില്‍ ഭൂരിപക്ഷമുള്ള കാലത്തോളം അല്ലെങ്കിൽ കാലാവധി അവസാനിക്കുന്നത് വരെ അധികാരത്തിൽ തുടരാൻ അവകാശമുണ്ട്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശം പ്രായോഗികമായി പിന്തുടരുകയാണെങ്കിൽ, ഒരവിശ്വാസ പ്രമേയത്തിന് ശേഷം ലോക്‌സഭ പിരിച്ചുവിടുകയോ അല്ലെങ്കിൽ ഒരു സഖ്യം നിശ്ചിത ഭൂരിപക്ഷത്തിലെത്താതിരിക്കുകയോ ചെയ്താൽ സംസ്ഥാനങ്ങളില്‍ സ്ഥിരതയുള്ള സർക്കാർ രൂപീകരിച്ചോ ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ സംസ്ഥാന നിയമസഭകൾക്കും ലോക സഭയ്ക്ക് ഒപ്പം തെരഞ്ഞെടുപ്പിലൂടെ കടന്നുപോകേണ്ടിവരും. ഇത് സംസ്ഥാനത്തെ പാർട്ടികൾക്ക് ജനങ്ങൾ നൽകിയ ജനവിധിയെ അപമാനിക്കുന്നതും പ്രാതിനിധ്യ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധവുമാണ്.
റിപ്പബ്ലിക്കിന്റെ ഉദ്ഘാടന ശേഷം നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയായിരുന്നുവെന്നാണ് വാദം. അത് ഏവരുമറിയുന്നതുമാണ്. 1957ലെ രണ്ടാം പൊതുതെരഞ്ഞെടുപ്പിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരളത്തിൽ രൂപീകരിച്ച സര്‍ക്കാരിനെ കേന്ദ്രം അകാരണമായി പിരിച്ചുവിടുമ്പോള്‍ ഒന്നിപ്പിന്റെ കണ്ണികള്‍ ഉടയുകയായിരുന്നു. ആർട്ടിക്കിൾ 356ന്റെ ആദ്യ ഇരകളിൽ ഒന്നായിരുന്നു കേരളത്തിലെ സിപിഐ മന്ത്രിസഭ. 1965ൽ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ, പൊതുതെരഞ്ഞെടുപ്പിൽ നിന്ന് വേറിട്ട്, ഒരു പാർട്ടിക്കും ഭൂരിപക്ഷം നേടാനായില്ല. 1967ൽ പൊതുതെരഞ്ഞെടുപ്പിനൊപ്പം വീണ്ടും തെരഞ്ഞെടുപ്പ് നടന്നു.


ഇതുകൂടി വായിക്കൂ:  ഭരണഘടനയിലും കേന്ദ്രത്തിന്റെ കടുംവെട്ട്


1967 ന് ശേഷം രാജ്യത്തിലെ രാഷ്ട്രീയ ചിത്രങ്ങള്‍ മാറി. മിക്ക സംസ്ഥാനങ്ങളിലും ഏകകക്ഷി ഭരണം വെല്ലുവിളിക്കപ്പെട്ടു. എട്ട് സംസ്ഥാനങ്ങളിൽ അന്ന് പ്രബല പാർട്ടിയായി പരിഗണിച്ചിരുന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ഒരേസമയത്തുള്ള തെരഞ്ഞെടുപ്പുകളുടെ ചക്രം ഉടഞ്ഞു. ജനങ്ങളുടെ ഇച്ഛാശക്തിയുടെ നിയമാനുസൃതമായ ഇടപെടലുമായിരുന്നു കാരണം. ഒരു ഫെഡറൽ പാർലമെന്ററി ജനാധിപത്യത്തിൽ, ജനപ്രതിനിധികളിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ചിന്തകളിലും തീരുമാനങ്ങളിലും നിയന്ത്രിതമായ സ്വാധീനം ചെലുത്താനും വഴിയാകും.
‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആയിരക്കണക്കിന് കോടി രൂപ തെരഞ്ഞെടുപ്പ് ചെലവുകളില്‍ ലാഭിക്കുമെന്നാണ് വാദിക്കുന്നത്. പോളിങ് ബൂത്തുകൾ സ്ഥാപിക്കൽ, ഉദ്യോഗസ്ഥർക്ക് യാത്രപ്പടിയും ബത്തയും നൽകൽ, ഗതാഗത ക്രമീകരണം, മഷി വാങ്ങൽ തുടങ്ങിയവയിൽ ഉൾപ്പെടുന്നു സംസ്ഥാനത്ത് നിന്നുള്ള തെരഞ്ഞെടുപ്പ് ചെലവുകൾ. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് ഈ ചെലവുകൾ ഗണ്യമായി കുറയ്ക്കുമെന്നാണ് വാദം. പക്ഷെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുള്ള കണക്കുകളും ചേര്‍ന്നുള്ള തലക്കെട്ടുകളും കൂട്ടിവായിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചെലവുകൾ ലളിതവും അസ്ഥിരവുമായ അക്കങ്ങളല്ലെന്നും ശ്രദ്ധാപൂർവ്വമായ പഠനം ആവശ്യപ്പെടുന്ന ഗഹനതയെന്നും തിരിച്ചറിയണം.
ആന്ധ്രാപ്രദേശിൽ, 2014ൽ ഒന്നിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ മണ്ഡലത്തിന് ശരാശരി ചെലവ് 1.66 കോടി രൂപയായിരുന്നു. മധ്യപ്രദേശിൽ ലോക‌്സഭയിലേക്കും നിയമസഭയിലേക്കും പ്രത്യേകം തെരഞ്ഞെടുപ്പുകൾ നടത്തിയപ്പോള്‍ ഒരു നിയമസഭാ മണ്ഡലത്തിന് 1.43 കോടി രൂപ വീതം ചെലവ് വരികയും ചെയ്തു. ഒരേസമയത്തുള്ള തെരഞ്ഞെടുപ്പുകളോ വേറിട്ടതോ ആയ തെരഞ്ഞെടുപ്പുകൾ, തമ്മിലുള്ള വ്യത്യാസം അത്രപ്രകടമല്ല. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ജനങ്ങളുടെ ജനാധിപത്യ വോട്ടവകാശത്തെ വെട്ടിക്കുറയ്ക്കുന്നു എന്നതൊഴിച്ചാൽ, തെരഞ്ഞെടുപ്പ് ചെലവുകൾക്കോ അട്ടിമറികള്‍ക്കോ ഒരു പ്രതിവിധിയുമല്ല.


ഇതുകൂടി വായിക്കൂ:  ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ്


ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ, ഒട്ടേറെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാങ്ങിക്കൂട്ടേണ്ടതുണ്ട്. അഞ്ച് വർഷത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചെലവും വേറെ. വിവിധ സംസ്ഥാനങ്ങളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കാവുന്ന ഇവിഎമ്മുകൾ അഞ്ച് വർഷത്തേക്ക് പൂട്ടിവയ്ക്കുന്നത് യുക്തിരഹിതമാണ്. രാജ്യത്തിന് വേണ്ടത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളാണ്, ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി ശുപാർശ ചെയ്ത തെരഞ്ഞെടുപ്പിന് പൊതു ഫണ്ടിങ് പോലുള്ള ഉപാധികള്‍ പരിഗണിക്കണം.
ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിലുള്ള സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതി അവസാനിപ്പിക്കുകയും തെരഞ്ഞെടുപ്പുകളിലെ ഗുണ്ടായിസവും പണക്കൊഴുപ്പും കുറയ്ക്കുന്നതിന് മെച്ചപ്പെട്ട നിയമങ്ങൾ രൂപീകരിക്കുകയും വേണം.
ജനാധിപത്യതെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യമാക്കി മാറ്റാൻ യൂണിയന്‍ ഭരണകൂടം ഭൂരിപക്ഷം ദുരുപയോഗം ചെയ്യുന്നു. നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച രൂപകല്പനകളെല്ലാം കൊടിയ പരാജയങ്ങളും ജനങ്ങളുടെമേൽ വലിയ ദുരിതം അഴിച്ചുവിടുകയും ചെയ്തു. നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ തകർത്തു, തെറ്റായ ജിഎസ്‌ടി നൂറുകണക്കിന് ചെറുകിട ഉല്പാദന യൂണിറ്റുകളെ തകർത്തു. 2019 മുതൽ തന്നെ ജനാധിപത്യ പ്രാതിനിധ്യം ഇല്ലാത്ത ജമ്മു കശ്മീരിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.