19 June 2024, Wednesday

വായനയും ഗാന്ധിയും

അജിത് കൊളാടി
വാക്ക്
October 7, 2023 4:15 am

ഗാന്ധി ധാരാളം വായിച്ചിരുന്നോ? ഗാന്ധി മികച്ച വായനക്കാരനായിരുന്നില്ല എന്ന ഒരു ധാരണ പൊതുവിലുണ്ട്. ഗാന്ധിജിയുടെ ജീവിതദർശനം, രാഷ്ട്രീയ പോരാട്ടങ്ങൾ, സത്യാന്വേഷണ പരീക്ഷണങ്ങൾ, സഹിഷ്ണുത, മാനവികത, സാഹോദര്യം, തുടങ്ങിയവ രൂപപ്പെടുത്തുന്നതിൽ ജീവിതം മുഴുവൻ ആ മഹാത്മാവ് നടത്തിയ ഗഹനമായ വായനയും പഠനങ്ങളും നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. ഭയത്തിനും ഹിംസയ്ക്കുമെതിരെ ആ മനുഷ്യന്റെ ചിന്താശേഷിയുടെ വിമോചനേച്ഛയായിരുന്നു സത്യഗ്രഹം. ഭയത്തിനും അധിനിവേശത്തിനും അധികാരത്തിനുമെതിരെ സമരം നടത്താൻ ഗാന്ധിക്ക് സഹായകമായത് അദ്ദേഹത്തിന്റെ ചിന്തകളാണ്. ഒരിക്കൽ സംഗീത ജ്ഞാനഭരിതമായ ശാന്തിനികേതൻ കണ്ടു മടങ്ങുമ്പോൾ ഒരാൾ ഗാന്ധിയോടു ചോദിച്ചു “എങ്ങനെയുണ്ട് ശാന്തി നികേതൻ?”. ഗാന്ധി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു “ഇവിടെ സംഗീതം കുറച്ചു കൂടുതലാണ്. സംഗീതം നിറഞ്ഞ ജീവിതത്തെക്കാൾ എനിക്കിഷ്ടം ജീവിതമെന്ന സംഗീതമാണ്”.
ഗാന്ധിയുടെ ഏറ്റവും മികച്ച രചനകളിലൊന്ന് തെക്കേ ആഫ്രിക്കയിലെ സത്യഗ്രഹം എന്ന പുസ്തകമാണ്. അലങ്കാരങ്ങളില്ലാതെ ഒരാൾ ഒരു വലിയ സമരജീവിതത്തെയും ആ ജീവിതം ഉഴുതുമറിച്ച ഒരു സമൂഹത്തെയും കുറിച്ചെഴുതിയത് ഇതില്‍ വായിക്കാം. കഴ്സൺ പ്രഭു ഒരു പ്രസംഗത്തിൽ പറഞ്ഞു: “സത്യം എന്ന മഹത്തായ ആശയം യഥാർത്ഥത്തിൽ ഒരു പാശ്ചാത്യ അവധാരണമാണ്. ധാർമ്മിക മാനദണ്ഡങ്ങളിൽ സത്യം ഒരു പ്രധാന ഘടകമായത് ആദ്യം പാശ്ചാത്യ ലോകത്താണ്. കിഴക്ക് കൂടുതൽ ആദരിക്കപ്പെട്ടിരുന്നത് എപ്പോഴും അധികാരത്തിന്റെ കുടിലതകളാണ്”. ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയുടെ ആ പ്രസ്താവനയെ ഗാന്ധി എതിർത്തത് ഉപനിഷത്തുക്കളും മറ്റു ധർമ്മമീമാംസയും ഉദ്ധരിച്ചാണ്. സത്യത്തെ സാധൂകരിക്കുന്നതിൽ ഗാന്ധി കാണിച്ച ആർജവത്തിൽ ഇന്ത്യൻ ദാർശനികതയിൽ അദ്ദേഹത്തിനുള്ള അവഗാഹം പ്രകടമാണ്. തൈത്തിരിയോപനിഷത്ത്, യജുർവേദം, സാമവേദം, മുണ്ഡകോപനിഷത്ത്, ഹിതോപദേശം, മാക്സ് മുള്ളർ എഴുതിയ മഹാഭാരതം വ്യാഖ്യാനം, തുളസീദാസ രാമായണം, ഭഗവദ്ഗീത എന്നിവയിൽ നിന്നെല്ലാമുള്ള ഉദ്ധരികളോടെയാണ് കഴ്സൺ പ്രഭുവിന് മറുപടി പറഞ്ഞത്.


ഇതുകൂടി വായിക്കൂ:  ഗാന്ധിജി സൃഷ്ടിച്ച നാടകവും സിനിമയും


ഈ മറുപടിക്കത്തിന് ശേഷം ഒമ്പതു കൊല്ലം കഴിഞ്ഞ് ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിൽ തിരികെയെത്തുന്നു. 1915ൽ ഇന്ത്യയിലെത്തുമ്പോൾ കൂടെയുണ്ടായിരുന്നത് 10,000 പുസ്തകങ്ങളാണ്. ജോൺ റസ്കിന്റെ ‘അൺ ടു ദിസ് ലാസ്റ്റ്’, തോറോയുടെ ‘വാൾഡൻ’, ടോൾസ്റ്റോയിയുടെ ‘ദൈവരാജ്യം നിങ്ങൾക്കുള്ളിലാണ്’ തുടങ്ങിയ പുസ്തകങ്ങളാണ് ഗാന്ധിയുടെ ജീവിതത്തെ സമൂലം സ്വാധീനിച്ചതെന്ന് പൊതുവെ കരുതപ്പെടുന്നു; ടോൾസ്റ്റോയ് ഗാന്ധിക്കയച്ച കത്തുകളും. ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചും ബ്രിട്ടീഷ് അധീശത്വത്തെക്കുറിച്ചും ടോൾസ്റ്റോയ് എഴുതിയ വരികൾ ഗാന്ധിയിൽ ഊർജം നിറച്ചു. ആ വരികൾ ഇപ്രകാരമാണ്: “വെറുമൊരു കച്ചവടക്കമ്പനിക്ക് എങ്ങനെയാണ് 200 ദശലക്ഷം ജനങ്ങളെ അടിമകളാക്കിവയ്ക്കാൻ കഴിയുക? സാമാന്യ ബോധമുള്ളവർക്ക് ഇത് മനസിലാക്കാൻ പ്രയാസമാണ്. പൊതുവെ ആരോഗ്യമില്ലാത്ത സാധാരണക്കാരായ 30,000 വെള്ളക്കാർ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന, ബുദ്ധിശക്തിയുള്ള, അധ്വാനിക്കുന്ന 200ദശലക്ഷം ആളുകളെ അടിമകളാക്കിയെന്നോ? ഈ കണക്കുകൾ തന്നെ കാണിക്കുന്നത് ഇന്ത്യക്കാർ അടിമകളാകാൻ സ്വയം നിന്നുകൊടുത്തു എന്നാണ്”. പിന്നീട് ടോൾസ്റ്റോയിയുടെ കത്തിന് ഗാന്ധി അവതാരിക എഴുതി.
രാമായണം, മഹാഭാരതം, ഭഗവദ്ഗീത, ഖുറാൻ, ബൈബിൾ തുടങ്ങിയ മത ഗ്രന്ഥങ്ങളെക്കുറിച്ച് ഗാന്ധിയുടെ വിലയിരുത്തലുകളുണ്ട്. ഗാന്ധിജി വായിച്ചുതീർത്ത 4500 പുസ്തകങ്ങൾ ‘ബിബ്ലിയോഗ്രഫി ഓഫ് ബുക്സ് റെഡ് ബൈ മഹാത്മാഗാന്ധി’ എന്ന ഗ്രന്ഥത്തിൽ കിരിത് കെ ഭവ്സറും, പൂർണിമ ഉപാധ്യായയും, മാർക്ക് ലിൻഡ്‌ലിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠം ലൈബ്രേറിയന്മാരായിരുന്നു. ഗാന്ധിജി വായിച്ച പുസ്തകങ്ങളുടെ കാലക്രമം, അവയുടെ പേരുകൾ, ഗ്രന്ഥകാരന്മാര്‍ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഗാന്ധിജിയില്ലാത്ത 75 വര്‍ഷങ്ങള്‍


രാഷ്ട്രീയം, ചരിത്രം, സാഹിത്യം, മത ദർശനങ്ങൾ, പുരാണങ്ങൾ, തത്വചിന്ത, പരിസ്ഥിതി, കൃഷി, പ്രകൃതിചികിത്സ, ഗണിത ശാസ്ത്രം തുടങ്ങിയ വൈവിധ്യമാർന്ന വൈജ്ഞാനിക മേഖലകളിൽ അദ്ദേഹം ഏറെ തല്പരനായിരുന്നു. ഇംഗ്ലീഷ് കവിതകൾ വായിച്ചു. റോബർട്ട് ബ്രൗണിങ്, ഒലിവർ ഗോൾഡ്സ്മിത്ത്, ജോൺ കീറ്റസ്, ഹെന്റി വാഡ്സ് വർത്ത് ലോങ് ഫെലോ, അലക്സാണ്ടർ പോപ്പ്, സർ വാൾട്ടർ സ്കോട്ട്, വില്യം ഷേക്സ്പിയർ, ലോർഡ് ബൈറൺ, പി ബി ഷെല്ലി, വില്യം വേർഡ്സ് വർത്ത് തുടങ്ങി അസംഖ്യം പ്രശസ്തരുടെയും അപ്രശസ്തരുടെയും കൃതികൾ അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിൽ ഉണ്ടായിരുന്നു.
1924 സെപ്റ്റംബർ നാലിന് ഗാന്ധിജി യങ് ഇന്ത്യയിൽ എഴുതിയ എന്റെ ജയിലനുഭവങ്ങൾ എന്ന ലേഖനത്തിന്റെ ആദ്യഭാഗം ‘ഞാൻ എന്തു വായിച്ചു’ എന്നാണ്. സബർമതി ആശ്രമം ഉപേക്ഷിച്ച് വാർധയിലേക്ക് പോകുന്ന ഘട്ടത്തിൽ, 1933 ജൂലൈ 21 ന് ദ ഡെയിലി ഹെറാൾഡ് എന്ന പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ഗാന്ധിജി പറഞ്ഞു: ‘ഞാൻ ജയിലിൽ പോകുന്നുവെന്നത് ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരുടെ ത്യാഗങ്ങളുടെയും അവർ അനുഭവിച്ച ദുരിതങ്ങളുടെയും മുന്നിൽ ഒരു ത്യാഗമേ അല്ല. ഉപവാസ സമരം അവസാനിച്ചപ്പോൾത്തന്നെ എനിക്ക് അതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. സബർമതി ആശ്രമത്തിന് മൂന്ന് ലക്ഷം രൂപ വിലയുള്ള സ്ഥാവര സ്വത്തുണ്ട്, കെട്ടിടങ്ങളും ഭൂമിയുമടക്കം ജംഗമ സ്വത്തുക്കൾ ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ വിലയുള്ളതുണ്ട്, 11,000 പുസ്തകങ്ങളുള്ള സമ്പന്നമായൊരു ഗ്രന്ഥാലയമടക്കം’. (മഹാത്മാ ഗാന്ധി: സമ്പൂർണ കൃതികൾ, വോള്യം 55, പുറം 315).


ഇതുകൂടി വായിക്കൂ: ഹിന്ദുത്വത്തിനെതിരെ ഗാന്ധിജിയുടെ വിജയം


തിരഞ്ഞെടുത്ത കൃതികളുടെ ഒരു വലിയ ശേഖരമായിരുന്നു ഗാന്ധിയുടേത്. അവിടെ ഡാർവിന്റെ മനുഷ്യോല്പത്തിയും, ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ ജെയിംസ് ജിൻസിന്റെ മിസ്റ്റീരിയസ് യൂണിവേഴ്സും തോളുരുമ്മി. അസീറിയൻ സാഹിത്യകാരനായ ലൂഷ്യന്റെ പുസ്തകവും നിലകൊണ്ടു. സ്വിഫ്റ്റിന്റെ ഗള്ളിവറുടെ യാത്രകൾ, ടോൾസ്റ്റോയിയുടെ കഥ- നോവൽ സാഹിത്യമൊഴിച്ചുള്ളവ തുടങ്ങിയ രചനകൾ ഉണ്ടായിരുന്നു. തന്റേതുൾപ്പെടെയുള്ള നോവലുകൾ ധാർമ്മിക മൂല്യമില്ലാത്തവയാണെന്ന് ‘എന്താണ് കല’ എന്ന പുസ്തകത്തിൽ ടോൾസ്റ്റോയ് വാദിച്ചിട്ടുണ്ട്. അതാകാം ഗാന്ധിയെ നോവലുകളിൽ നിന്ന് അകറ്റിയത്. ഗോഥെയുടെ ഫൗസ്റ്റും, എഡ്വേഡ് ജെറാൾഡ് വിവർത്തനം ചെയ്ത ഒമർ ഖയ്യാമിന്റെ റൂബ്ബായത്തും പുസ്തക ശേഖരത്തിൽ ഉണ്ടായിരുന്നു. എഡ്വേഡ് ഗിബൺ, കാർലൈൽ, പതഞ്ജലി, ഭർതൃഹരി, ബർട്രന്റ് റസൽ, സുത്തനിപാതം (ബുദ്ധസൂക്തങ്ങളുടെ സമാഹാരം) എന്നിങ്ങനെ അതിവിപുലമായിരുന്നു ഗ്രന്ഥശേഖരം.
വായനയെന്നാൽ സാധനയായിരുന്നു ഗാന്ധിജിക്ക്, നേരമ്പോക്കായിരുന്നില്ല. വായനയിലൂടെ ആത്മീയ മോചനത്തിനുള്ള പാത കണ്ടെത്തി. സ്വാർത്ഥ ത്യാഗത്തിനുള്ള പരീക്ഷണങ്ങളായിരുന്നു ഗാന്ധിയുടെ സത്യാന്വേഷണങ്ങൾ. വിസ്തൃതമായ അർത്ഥ ശൃംഖലകളുള്ള, മതവിശ്വാസ അതിർത്തികളെ ഉല്ലംഘിക്കുന്ന സ്നേഹം, അഹിംസ, സഹിഷ്ണുത തുടങ്ങിയ ആശയങ്ങൾ ഗാന്ധിയുടെ ധാർമ്മിക ചിന്തയുടെ അടിസ്ഥാന ശിലകളായത് വായനയിലൂടെയാകണം. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഗൗരവതരമായ ചില സന്ദേഹങ്ങൾ ഗാന്ധി പറയുന്നത് ദൈവത്തെ നിഷേധിച്ചു കൊണ്ടല്ല, മറിച്ച് ദൈവത്തെ കുറിച്ചുള്ള വ്യവസ്ഥാപിതമായ കാഴ്ചപ്പാടുകളെ നിരന്തരം ചോദ്യംചെയ്തു കൊണ്ടാണ്.
ഗാന്ധി എപ്പോഴും യുദ്ധം ചെയ്തത് തന്റെയുള്ളിലെ അധൈര്യത്തോടാണ്. സ്നേഹം, സത്യം, നീതി, അഹിംസ എന്നിവയാണ് അദ്ദേഹം പ്രതിഷ്ഠിച്ച ചിന്ത. വായനയിലൂടെ അനർഗളമായ ചിന്ത പ്രവഹിച്ചു. സബർമതി ആശ്രമം രാജ്യത്തിനു മുഴുവൻ വേണ്ട ഊർജോല്പാദന കേന്ദ്രമായി. ലോകത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ഉന്നതമായ മാനേജ്മെന്റ് നയങ്ങളുടെ പ്രഭവകേന്ദ്രമായി. മനസേ നീ ഏറ്റവും വിനീതമായി നിൽക്കൂ എന്ന് മഹാത്മാവിനെക്കൊണ്ട് നിത്യം പ്രാർത്ഥിപ്പിച്ചത് വായനയിലൂടെ സ്വായത്തമാക്കിയ ചിന്തകളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.