Site icon Janayugom Online

ഉന്നത വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ വാണിജ്യവല്‍ക്കരണം

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) യുടെ വൈസ് ചാന്‍സലറായിരിക്കെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ട എ ജഗദേഷ് കുമാര്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യുജിസി) അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം നടത്തിയ ചില പ്രഖ്യാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ജെഎന്‍യു വിസി ആയിരിക്കേ ജഗദേഷ് കുമാര്‍ ശ്രദ്ധാകേന്ദ്രമായത് അക്കാദമിക രംഗത്ത് മികവ് സൃഷ്ടിക്കുവാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടായിരുന്നില്ല. മറിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഇഷ്ടതോഴനായി നിന്നുകൊണ്ട് അവരുടെ താല്പര്യങ്ങള്‍ നിറവേറ്റുന്നതിന് ശ്രമിച്ചുവെന്നതിന്റെ പേരിലായിരുന്നു. ഉന്നത വിദ്യാഭ്യാസ മികവിന്റെയും രാഷ്ട്രീയ സംവാദത്തിന്റെയും മികച്ച ഇടമായും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിയുറച്ച നിലപാടു തറയായും പുകഴ്‌പെറ്റ ജെഎന്‍യുവിനെ വലതു തീവ്ര നിലപാടുകളുടെ പരീക്ഷണശാലയാക്കുവാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിന് വളവും വെള്ളവും നല്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ — സാമൂഹ്യ — സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും സംവാദങ്ങളുടെയും കേന്ദ്രമായി അറിയപ്പെട്ടിരുന്ന ജെഎന്‍യു ദേശവിരുദ്ധരുടെ താവളമെന്നും സംഘര്‍ഷഭൂമികയെന്നും മുദ്രകുത്തപ്പെടുന്ന സാഹചര്യമുണ്ടായി.

എല്ലാ കാലത്തും രാജ്യത്തെ ഇടതു — പുരോഗമന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കും ഒപ്പം നിലയുറപ്പിക്കാറുള്ള പ്രസ്തുത സര്‍വകലാശാല അത്തരം നിലപാടുകള്‍തന്നെയാണ് ആവര്‍ത്തിച്ചത്, പ്രക്ഷോഭങ്ങളാണ് നയിച്ചത്. എങ്കിലും ജഗദേഷിന്റെ കാലത്ത്, അദ്ദേഹത്തിന്റെ ഒത്താശയോടെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്നും രാജ്യവിരുദ്ധരുടെ ഉല്പന്നശാലയെന്നും മുദ്രകുത്തപ്പെട്ടു. അതിനുള്ള പ്രത്യുപകാരമെന്ന നിലയില്‍ ആറുവര്‍ഷത്തോളം ജെഎന്‍യുവിന്റെ മേധാവിയായിരിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. അതിനുശേഷമാണ് രാജ്യത്തെ ഉ­ന്നത വിദ്യാഭ്യാസ സം­­വിധാനത്തിന്റെയാകെ അധിപനായി അ­ദ്ദേഹത്തെ മാറ്റുന്നത്. രാജാവിനെക്കാള്‍ രാജഭക്തി കാട്ടുന്ന സമീപനം സ്വീകരിക്കുന്നുവെന്നാണ് യുജിസി അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം അദ്ദേഹം നടത്തിയ ചില പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നത്.  ഉന്നത വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുവാനും കച്ചവടം രൂക്ഷമാകുവാനും ഇടയാക്കുന്നതാണ് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.


ഇതുകൂടി വായിക്കൂ: വന്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയം


2020ലെ യുജിസി (പൊതു — വിദൂര വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ പഠനവും) നിയമത്തില്‍ ഭേദഗതി വരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിന്റെ മുന്നോടിയായി കോവിഡ് മഹാമാരിക്കാലത്ത് അടച്ചുപൂട്ടലിന്റെയും നിയന്ത്രണങ്ങളുടെയും ഫലമായി തടസപ്പെട്ട വിദ്യാഭ്യാസം തുടരുന്നതിന് ആശ്രയിച്ചിരുന്ന ഓണ്‍ലൈന്‍ സംവിധാനം സ്വകാര്യ — സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസം മുതല്‍ ഇത് നടപ്പിലാക്കും. 900 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പഠനത്തിന് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമല്ല. ഫീസ് സംബന്ധിച്ച നിബന്ധനകളും യുജിസി മുന്നോട്ടുവയ്ക്കുന്നില്ല. ഇതെല്ലാം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വിദ്യാഭ്യാസ — സാമൂഹ്യ മേഖലയില്‍ ഉണ്ടാക്കുവാന്‍ പോകുന്ന നിര്‍ദേശങ്ങളാണ്. സാങ്കേതിക വിദ്യാഭ്യാസ കമ്പനികളുമായി ചേര്‍ന്ന് നടത്തുന്ന ബിരുദ പഠനവും മറ്റും അവസാനിപ്പിക്കണമെന്ന് രണ്ടു മാസം മുമ്പാണ് യുജിസി നിര്‍ദേശിച്ചത്. ഇത്തരം സ്ഥാപങ്ങള്‍ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ കോഴ്സുകള്‍ നടത്തുന്നുവെന്ന പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പ്പെട്ടാണ് യുജിസി ഡിസംബറില്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. അത്തരം സ്ഥാപനങ്ങളെ തന്നെ ഓണ്‍ലൈനിലൂടെ ബിരുദപൂര്‍വ — ബിരുദാനന്തര കോഴ്സുകള്‍ നടത്തുന്നതിന് അനുവദിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ വളർച്ചയെ ആഴത്തിലാക്കുന്ന മോഡിയുടെ മാന്ത്രികവിദ്യ


 

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നതാണ് ഇതുകൊണ്ട് ഉണ്ടാകുവാന്‍ പോകുന്ന ഏറ്റവും വലിയ പ്രത്യാഘാതം. വിദ്യാഭ്യാസ കച്ചവടത്തിന് ആക്കംകൂടുമെന്നത് രണ്ടാമത്തെയും സാധാരണക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറംതള്ളപ്പെടുമെന്നത് മൂന്നാമത്തെയും പ്രത്യാഘാതങ്ങളായിരിക്കും. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കുന്ന നടപടിയായിരിക്കും ഉണ്ടാകുവാന്‍ പോകുന്നത്. ഹാജര്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ സമ്പന്നര്‍ക്ക് ക്ലാസിലെത്താതെ പണം നല്കി സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കാമെന്ന സാഹചര്യം കച്ചവടത്തിന് ആക്കം കൂട്ടും. കച്ചവടമാണ് മുഖ്യ പരിഗണനയാവുകയെന്നതിനാല്‍ തന്നെ ഭീമമായ ഫീസായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുകയെന്ന് നിലവിലുള്ള സ്ഥിതിവിശേഷത്തില്‍ നിന്ന് മനസിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് ഈ മേഖല ഒരു ഗുണവും ചെയ്യാന്‍പോകുന്നില്ല. യുജിസിയുടെ പുതിയ തീരുമാനത്തിലൂടെ പൂര്‍ണമായ വാണിജ്യവല്‍ക്കരണമാണ് ഉണ്ടാകുവാന്‍ പോകുന്നത്.

Exit mobile version