Site iconSite icon Janayugom Online

വൈദ്യുതി പ്രതിസന്ധി കേന്ദ്രത്തിന്റെ മറ്റൊരു പിടിപ്പുകേട്

മോഡി സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയുടെയും അനാസ്ഥയുടെയും ഫലമായി രാജ്യം അഭൂതപൂർവമായ വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. രാജ്യത്തെ വൈദ്യുതിയുടെ സിംഹഭാഗവും പ്രദാനം ചെയ്യുന്ന 135 താപനിലയങ്ങളിൽ 80 ശതമാനവും രൂക്ഷമായ കൽക്കരിക്ഷാമത്തെ നേരിടുകയാണ്. പല സംസ്ഥാനങ്ങളിലും നിലയങ്ങളുടെ പ്രവർത്തനം കൂട്ടത്തോടെ നിലച്ചുകൊണ്ടിരിക്കുന്നു. പുനരുപയോഗ സ്രോതസുകളിലേക്കുള്ള പരിവർത്തനം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നിലവിലെ പ്രതിസന്ധി സൂചകമാകുന്നത്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡൽഹി, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതിക്ഷാമം രൂക്ഷമായി തുടരുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹി ഉടൻ ഇരുട്ടിലാകുമെന്ന് സംസ്ഥാന സർക്കാർ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ പത്തുമണിക്കൂർവരെ വൈദ്യുതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഉടൻ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും. ഇത്രയും വലിയൊരു വൈദ്യുതി പ്രതിസന്ധി ഇതുവരെ രാജ്യത്തുണ്ടായിട്ടില്ല. നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിനങ്ങളിൽ രാജ്യം മൊത്തത്തിൽ സ്തംഭനത്തിലേക്കു നീങ്ങും. എന്നാൽ കോവിഡ് രണ്ടാം­തരംഗ കാലത്തെ ഓക്സിജൻ പ്രതിസന്ധിയിലെന്നപോലെ സ്ഥിതിവിവരങ്ങൾ മറച്ചുപിടിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.


ഇതുകൂടി വായിക്കൂ:നൂറ് ദിനം കൊണ്ട് എട്ട് സബ്സ്റ്റേഷനുകള്‍; വൈദ്യുതി പ്രസരണ മേഖലയില്‍ വന്‍ കുതിപ്പ്


പഞ്ചാബിൽ നാലു മണിക്കൂർ ലോഡ്ഷെഡിങ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഝാർഖണ്ഡിൽ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉള്ളതായി സംസ്ഥാനം പറയുന്നു. രാജസ്ഥാനിൽ 17 ശതമാനവും ബിഹാറിൽ ആറു ശതമാനവും ക്ഷാമം നേരിടുന്നു. കൽക്കരി കിട്ടാതെ മഹാരാഷ്ട്രയിൽ 13 താപനിലയങ്ങൾ അടച്ചു. യുപിയിൽ 14 താപനിലയങ്ങളും പഞ്ചാബിൽ അഞ്ച് നിലയങ്ങളും പ്രവർത്തനം നിർത്തി. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയല്ലാതെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പോംവഴികളൊന്നും കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് മുന്നിലില്ല. ആ­ഗോള തലത്തിൽ കൽക്കരി സ­മ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇ­ന്ത്യ. ആഭ്യന്തരമായി ഉ­ല്പാദിപ്പിക്കപ്പെടുന്ന കൽക്കരിയാണ് രാജ്യത്ത് 70 ശതമാനം ഉപയോഗിക്കപ്പെടുന്നത്. 2020ൽ കോ­ൾ ഇന്ത്യ 602 ദശലക്ഷം ടൺ കൽക്കരി ഉല്പാദിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എട്ടുലക്ഷം ടൺ കൽക്കരിയാണ് അയൽ രാജ്യമായ നേപ്പാളിലേക്ക് ഉൾപ്പെടെ കയറ്റി അയച്ചതെന്ന് കൽക്കരി മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ഉല്പാദനത്തിൽ നേരിയ ഇടിവ് നേരിട്ടുവെങ്കിലും നിലവിലെ സാഹചര്യം അതിന്റെ ഫലമായി ഉണ്ടായതല്ല. കൽക്കരി സംഭരണത്തിലെ കണക്കുകൂട്ടലുകളിലെ പിഴവിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കൽക്കരി പ്രതിസന്ധി.


ഇതുകൂടി വായിക്കൂ:കല്‍ക്കരി ക്ഷാമം; 115 താപനിലയങ്ങളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍


കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ച് വൈദ്യുതി ആവശ്യം ഉയരില്ലെന്ന വിലയിരുത്തലായിരുന്നു കൽക്കരി മന്ത്രാലയത്തിനും കോൾ ഇന്ത്യ അടക്കമുള്ള ഉല്പാദകർക്കും ഉണ്ടായിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തുമ്പോൾ വൈദ്യുതി ആവശ്യം കുത്തനെ ഉയർന്നു. അപ്രതീക്ഷിതമായ മഴയുടെ വർധന ഖനികളിലെ ഉല്പാദനത്തെയും ഗതാഗതത്തെയും ബാധിച്ചു. രാജ്യാന്തര വിപണിയിൽ കൽക്കരിക്ക് വില കൂടിയത് ഇറക്കുമതി എളുപ്പമല്ലാതാക്കി. ആഭ്യന്തര കൽക്കരി താപമൂല്യം കുറഞ്ഞതായതിനാൽ കൂടുതൽ ഉപയോഗിക്കേണ്ടിവന്നു. രാജ്യത്ത് ചില മേഖലകളിലെ മഴക്കുറവ് ജലവൈദ്യുതി പദ്ധതികളിലെ ഉല്പാദനത്തിൽ കുറവുണ്ടാക്കിയതിനൊപ്പം ആണവ നിലയങ്ങൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടേണ്ടിവന്നതും താപനിലയങ്ങളിന്മേലുള്ള ആശ്രയത്വം വർധിപ്പിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ അത് കോവിഡാനന്തര ഇന്ത്യയെ വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.


ഇതുകൂടി വായിക്കൂ:പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കും: മന്ത്രി കൃഷ്ണൻകുട്ടി


കൂടിയ വിലയ്ക്ക് കൽക്കരി വാങ്ങേണ്ടതായി വന്നാൽ അത് വൈദ്യുതി വിലയെയും അന്തിമമായി പണപ്പെരുപ്പത്തെയും ബാധിക്കും. ആഗോള കരാറുകളുടെ ഭാഗമായ കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റണമെങ്കിൽ ഇന്ത്യ കൽക്കരി ആശ്രയത്വത്തിൽ നിന്നും സ്വയം വിട്ടുനിൽക്കേണ്ടതുണ്ട്. എന്നാൽ പുനരുപയോഗ ഊർജ്ജ സംവിധാനത്തിലേക്ക് മുഴുവനായും മാറാൻ രാജ്യത്തിന് ഉടൻ കഴിയില്ല. ഇതിന് പതിറ്റാണ്ടുകളുടെ കാലതാമസം നേരിടും. 2030 നുള്ളിൽ 450 ജിഗാവാട്ട് വൈദ്യുതി ഉല്പാദനശേഷി കൈവരിക്കുന്നതിനാണ് റിന്യൂവബിൾ എനർജി മന്ത്രാലയം രൂപരേഖ തയാറാക്കിയിരിക്കുന്നത്. നിലവിലെ ക്ഷാമവും പ്രതിസന്ധിയും ആഭ്യന്തര കൽക്കരി ഉല്പാദനം വർധിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്കയുണ്ട്. സ്വകാര്യ പങ്കാളിത്തം വർധിപ്പിച്ചുകൊണ്ട് 2024 ഓടെ ആഭ്യന്തര കൽക്കരി ഉല്പാദനം ഒരു ബില്യൺ ടണ്ണായി ഉയർത്താൻ ഇന്ത്യ ഇതിനകം പദ്ധതി തയാറാക്കിയിട്ടുമുണ്ട്. ചില സംസ്ഥാന സർക്കാരുകൾ ഇതിനകം സംരക്ഷിത മേഖലകളിൽ പുതിയ കൽക്കരി ഖനന അനുമതിക്കായി സമ്മർദ്ദം ചെലുത്തിവരുന്നുണ്ട്. എന്നാൽ കൽക്കരി ഖനനം വർധിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പാരിസ്ഥിതിക നാശത്തിന്റെ ഭാരം ആദിവാസി സമൂഹങ്ങളടക്കമുള്ള ദുർബല വിഭാഗങ്ങളാകും നേരിടേണ്ടിവരുക.

You may also­like this video;

Exit mobile version