Site icon Janayugom Online

സംയുക്ത പ്രതിപക്ഷ യോഗം കർണാടക തെരഞ്ഞെടുപ്പിന് ശേഷം

2024ല്‍ ബിജെപിയെ നേരിടാന്‍ വിശാല പ്രതിപക്ഷ സഖ്യം ശക്തമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ നീക്കമാണ് നടക്കുന്നത്. ഇതിനകം ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയ നിതീഷിന്റെ പ്രവർത്തനങ്ങൾ ആശങ്കയോടെയാണ് ബിജെപി കാണുന്നത്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പട്നയിൽ പ്രതിപക്ഷ നേതാക്കളുടെ സംയുക്ത യോഗം ചേരുമെന്ന് ബിഹാര്‍ മുഖ്യമന്ത്രികൂടിയായ നിതീഷ് കുമാർ സൂചന നൽകി. നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാൽ ഇപ്പോള്‍ യോഗം നടന്നാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാനാകില്ലെന്ന് ജെഡിയു മേധാവി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്ന വിഷയം തീർച്ചയായും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യും. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യോഗവേദി അന്തിമമായി തീരുമാനിക്കും. പട്ന വേദിയായി ഏകകണ്ഠമായി തീരുമാനിച്ചാൽ യോഗം ഇവിടെ നടക്കുമെന്ന് നിതീഷ് പറഞ്ഞു. ഏപ്രിൽ 24ന് കൊൽക്കത്തയിൽ നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷ ഐക്യം ചർച്ച ചെയ്യാൻ പട്നയിൽ എല്ലാ ബിജെപി ഇതര കക്ഷികളുടെയും യോഗം സംഘടിപ്പിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭ്യർത്ഥിച്ചിരുന്നു.

മമത ബാനർജിക്ക് പുറമേ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും നിതീഷ് കുമാർ ചർച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷിനൊപ്പമുണ്ടായിരുന്നു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായുള്ള ചർച്ചയ്ക്ക് ഒരുങ്ങുകയാണ് നിതീഷ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിന് സിപിഐ, സിപിഐ(എം) അടക്കമുള്ള ഇടത് പാർട്ടികളുടെ പിന്തുണയുമുണ്ട്. ഏതാനുംദിവസം മുമ്പ് സിപിഐ ജനറല്‍ സെക്രട്ടി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി നിതീഷ് ചർച്ച നടത്തിയിരുന്നു.

 

Eng­lish Sam­mury: Joint oppo­si­tion meet­ing after Kar­nata­ka elections

Exit mobile version