Site iconSite icon Janayugom Online

കെ സലിംകുമാർ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിംകുമാറിനെ കട്ടപ്പനയിൽ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി വർക്കിങ് കമ്മിറ്റി അംഗവും ആണ്. 2022 ഓഗസ്റ്റിൽ അടിമാലിയിൽ നടന്ന സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൊഴിലാളി പ്രസ്ഥാനത്തിലൂടെകമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ എത്തി. ചെത്ത് തൊഴിലാളി ഫെഡറേഷൻ, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ, ചുമട്ടു തൊഴിലാളി ഫെഡറേഷൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ, മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ എന്നിവയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.

ഉടുമ്പന്നൂർ മഞ്ചിക്കല്ല് കണിയാംപറമ്പിൽ പരേതരായ തങ്കപ്പന്റെയും സരോജിനിയുടെയും മകനാണ് 59കാരനായ സലിംകുമാർ. അന്തരിച്ച സിപിഐ നേതാവ് വഴിത്തല ഭാസ്കരന്റെ മകൾ പരേതയായ സിന്ധു (ലത) ആണ് ഭാര്യ. മകൾ: ലക്ഷ്മിപ്രിയ. മരുമകൻ: രോഹിത്ത്.
51 അംഗ ജില്ലാ കൗൺസിലിനെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. മുതിർന്ന നേതാവ് പി പളനിവേൽ അന്തരിച്ചതിനെ തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമാണ് നടന്നത്. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ റവന്യു മന്ത്രി കെ രാജൻ, സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, കമലാ സദാനന്ദൻ, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസീഡിയത്തിന് വേണ്ടി കൺവീനർ കെ കെ ശിവരാമൻ നന്ദി പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം വി കെ ധനപാൽ നന്ദി പറഞ്ഞു. 

Exit mobile version