Site iconSite icon Janayugom Online

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം: കോടതി ഉത്തരവ് പരിശോധിച്ച ശേഷം നടപടിയെന്ന് കണ്ണൂര്‍ വിസി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് വേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി വിധിയില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല വിസി. ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കൂവെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു.

പ്രിയയുടെ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നു. അന്ന് യുജിസി നിലപാട് പറഞ്ഞിരുന്നെങ്കില്‍ വിഷയം വഷളാകില്ലായിരുന്നു. പ്രിയ വര്‍ഗ്ഗീസ് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പരിശോധിക്കും. പട്ടികയിലുള്ള മൂന്ന് പേരുടെയും യോഗ്യത പരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കി പുതിയ പട്ടിക യുജിസിക്ക് മുമ്പില്‍ വയ്ക്കുമെന്നും വിസി വ്യക്തമാക്കി. ഹൈക്കോടതി വിധിയില്‍ അപ്പീല്‍ പോകില്ലെന്നും അദ്ദേഹം അറിയിച്ചു. 

നിലവില്‍ ഒന്നാം റാങ്കുകാരിയായ പ്രിയ ലിസ്റ്റില്‍ തുടരേണ്ടതുണ്ടോയെന്ന് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിച്ച് സര്‍വകലാശാല തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പരിശോധന പൂര്‍ത്തിയാക്കി ലിസ്റ്റ് പരിഷ്കരിച്ച ശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചെങ്ങനാശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

Eng­lish Sum­mery: Kan­nur VC Gopinath Ravin­dran reacts about high court order on Priya Vargh­e­se’s Appointment
You may also like this video

Exit mobile version