കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയും കോണ്‍ഗ്രസും പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കും. 215 സീറ്റുകളില്‍ സിപിഐ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. പാര്‍ട്ടി മത്സരിക്കുന്ന ഏഴിടങ്ങളില്‍ സൗഹാര്‍ദ മത്സരങ്ങളായിരിക്കും.
ബിജെപിയെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് കര്‍ണാടകയുടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയും സിപിഐ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐടിയുസി നേതാവ് എച്ച് വി ആനന്ദ സുബ്ബറാവുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഉപാധികളില്ലാതെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസും സിപിഐയും കൈകോര്‍ക്കുന്നത്. മേലുകോട്ടെ മണ്ഡലത്തില്‍ സര്‍വോദയ കര്‍ണാടക പാര്‍ട്ടി(എസ്‌കെപി)യുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രമുഖ കര്‍ഷക നേതാവ് ദര്‍ശന്‍ പുട്ടണ്ണയ്യയെയും സിപിഐ, കോണ്‍ഗ്രസ് കക്ഷികള്‍ പിന്തുണയ്ക്കും. ബാഗേപള്ളി മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഐ(എം) സ്ഥാനാര്‍ത്ഥിയെ സിപിഐ പിന്തുണയ്ക്കുമെന്നും സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശ് പറഞ്ഞു.
പരമ്പരാഗതമായി സിപിഐ മത്സരിക്കുന്ന കെജിഎഫ് മണ്ഡലത്തിലടക്കം അഞ്ച് സീറ്റുകളിലാണ് സിപിഐ(എം) മത്സരിക്കുന്നത്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സിപിഐ(എം)ന് ജയസാധ്യതയുള്ള മണ്ഡലമെന്ന നിലയ്ക്കാണ് ബാഗേപള്ളിയില്‍ സിപിഐ പിന്തുണ നല്‍കുന്നത്. മൂന്നിടത്ത് ജെഡി(എസ്) സിപിഐ(എം)നെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കെജിഎഫ് മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി കോലാര്‍ ജില്ലാ സെക്രട്ടറി ജ്യോതി ബസു, സിറാ മണ്ഡലത്തില്‍ പാര്‍ട്ടി തുംകൂര്‍ ജില്ലാ സെക്രട്ടറി ഗിരീഷ്, ജവര്‍ഗി മണ്ഡലത്തില്‍ കല്‍ബുര്‍ഗി ജില്ലാ സെക്രട്ടറി മഹേഷ് കുമാര്‍ റാത്തോഡ്, കട്ലഗി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി വിജയനഗര്‍ ജില്ലാ സെക്രട്ടറി എച്ച് വീരണ്ണ, അലന്ത് മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം മോലാ മുള്ള, മുടിഗരെ മണ്ഡലത്തില്‍ പാര്‍ട്ടി ചിക്ക്മംഗ്ലൂരു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രമേശ് കെല്‍ഗുരു, മടിക്കേരി മണ്ഡലത്തില്‍ പാര്‍ട്ടി കൊടക് ജില്ലാ കൗണ്‍സില്‍ അംഗം സോമപ്പ എന്നിവരാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍.
English Summary;Karnataka election; CPI will support Congress
You may also like this video