Site iconSite icon Janayugom Online

കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റെ മൃതദേഹം കണ്ടെത്തി

കട്ടപ്പന ഇരട്ടക്കൊലയിൽ പ്രതികൾ കുഴിച്ചിട്ട ഒരു മൃതദേഹം പൊലീസ് കണ്ടെടുത്തു. നാല് ദിവസം പ്രായമായ കുട്ടിയുടെ ശരീരം കണ്ടെത്തുവാൻ ശ്രമം തുടരുന്നു. വീടിനുള്ളിൽ നിർമ്മിച്ച കുഴിയിൽ നിന്നാണ് ഗൃഹനാഥനായ വിജയന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് കൊലപാതങ്ങൾ നടത്തിയതായി സമ്മതിച്ച പ്രതി പുത്തൻപുരയ്ക്കൽ വിട്ടിൽ നിതീഷിനെ (രാജേഷ് 31) ഇന്നലെ രാവിലെ കാക്കാട്ടുകടയിലെ വാടക വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിതീഷ് പറഞ്ഞ സ്ഥലത്ത് കുഴിച്ചതോടെ കാർഡ് ബോർഡിൽ മൂന്നായി മടക്കിയ നിലയിൽ വിജയന്റെ അസ്ഥികൂടവും ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി.

കഴിഞ്ഞ ഓഗസ്റ്റിലാണ് വാക്കുതർക്കത്തിനിടയിൽ നിതീഷ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിജയനെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊന്നത്. മുറിക്കുള്ളിൽ തന്നെ അഞ്ചരയടിയോളം താഴ്ചയിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. തുടർന്ന് തറ കോൺക്രീറ്റ് ചെയ്തു. വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരുടെ സാന്നിധ്യത്തിലാണ് കൊല നടന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശരീരാവശിഷ്ടം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വിജയന്റെ അവിവാഹിതയായ മകൾക്ക് പ്രതിയില്‍ ഉണ്ടായ ആൺകുട്ടിയെയാണ് ജനിച്ച് നാലാം ദിവസം ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. കക്കാട്ടുകടയിലെ തെളിവെടുപ്പിന് ശേഷം കട്ടപ്പന സാഗര ജംഗ്ഷനിലെ വിജയന്റെ പഴയ വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കൂട്ടുപ്രതിയായ വിഷ്ണു പരിക്കുകൾ പറ്റിയതിനെ തുടർന്ന് ആശുപത്രി ചികിത്സയിലാണ്. വരും ദിവസങ്ങളിൽ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. വിജയന്റെ ഭാര്യയെയും മകളെയും കട്ടപ്പനയിലുളള ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ, കട്ടപ്പന ഡിവൈഎസ്‌പി പി വി ബേബി, പൊലീസ് സർജൻ ലിസ തോമസ്, അസി. സർജൻ ജോമോൻ, ഇടുക്കി എൽഎ തഹസിൽദാർ മിനി കെ ജോൺ, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തിയിരുന്നു.

Eng­lish Summary:Kattappana Twin mur­der­case; Vijayan’s body found
You may also like this video

Exit mobile version