Site iconSite icon Janayugom Online

എസ്ഐആറിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്; സർവകക്ഷി യോഗത്തിൽ തീരുമാനം

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയെ (എസ്ഐആർ) നിയമപരമായി നേരിടാൻ കേരളം സുപ്രീം കോടതിയിലേക്ക്. സർവകക്ഷി യോഗത്തിൽ ആണ് ഇത് സംബന്ധിച്ച ധാരണയായത്. ഇതിനായി നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. എന്നാൽ സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം ചേർന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്‌ഐആറില്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നായിരുന്നു സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. തമിഴ്‌നാട് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കണമെന്നായിരുന്നു യോഗത്തിലെ നിര്‍ദേശം. പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. യോഗത്തിൽ സത്യൻമൊകേരി (സിപിഐ), എം വി ഗോവിന്ദന്‍ (സിപിഐ എം), പി സി വിഷ്ണുനാഥ് (കോണ്‍ഗ്രസ് ഐ), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎല്‍), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി തോമസ് (ജനതാദള്‍ സെക്യുലര്‍), തോമസ് കെ തോമസ് (എന്‍സിപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), അഡ്വ. ഷാജ ജി എസ് പണിക്കര്‍ (ആര്‍എസ് പി ലെനിനിസ്റ്റ്) കെ ആര്‍ ഗിരിജന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), കെ സുരേന്ദ്രന്‍ (ബിജെപി), എന്‍ കെ പ്രേമചന്ദ്രന്‍ (ആർ എസ് പി), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version