Site icon Janayugom Online

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും; മന്ത്രി എം ബി രാജേഷ്

ശാസ്ത്രീയമായ പദ്ധതി പ്രവർത്തനങ്ങളിലൂടെ അതിദരിദ്രരുടെ ഉപജീവന ആവശ്യങ്ങൾ നിർവഹിക്കുക വഴി ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഉജ്ജീവനം’ 100 ദിന ഉപജീവന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവൺമെന്റ് വിമൻസ് കോളജില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തിൽ നിതി ആയോഗിന്റെ പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ ദാരിദ്ര്യത്തിന്റെ തോത് 0.5 ശതമാനം മാത്രമാണ്. ഈ കുടുംബങ്ങളെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ മുൻഗണനാക്രമത്തിൽ പ്രത്യേക പ്രധാന്യം നൽകിയിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ മുഖ്യകാരണമായ ഉപജീവന മാർഗത്തിന്റെ അപര്യാപ്തത മാറ്റിക്കൊണ്ട് ഓരോ കുടുംബത്തെയും സ്വയംപര്യാപ്തതയിലേക്കുയർത്തുന്നു എന്നതാണ് ഉജ്ജീവനം ക്യാമ്പയിന്റെ പ്രത്യേകത. കുടുംബശ്രീ മുഖേന കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങൾക്കും ആവശ്യമായ സൂക്ഷ്മതല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന സംരംഭങ്ങൾ തുടങ്ങാനുള്ള സാമ്പത്തിക സഹായവും പരിശീലനവുമാണ് ഈ ക്യാമ്പയിൻ വഴി ലഭ്യമാക്കുന്നത്. ഇതിന് വേണ്ടിയുള്ള വിവരശേഖരണം ഉടൻ ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം നടത്തുന്നത്. 2024 നവംബർ ഒന്നിനകം 93 ശതമാനം കുടുംബങ്ങളെയും ബാക്കിയുള്ള ഏഴുശതമാനം കുടുംബങ്ങളെ 2025 നവംബർ ഒന്നിനകവും അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കും.

ഇതിനായി ആവിഷ്കരിച്ച കർമപരിപാടികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ അഡീഷണൽചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അതിദരിദ്ര ഗുണഭോക്താക്കൾക്കുളള ഉപജീവന പദ്ധതി സഹായവിതരണം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗം ജിജു പി അലക്സ് എന്നിവർ നിർവഹിച്ചു. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗീത നസീർ, സിഡിഎസ് അധ്യക്ഷമാരായ സിന്ധു ശശി പി, വിനീത പി, ഷൈന എ, ബീന പി എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Ker­ala will become the first state with­out extreme poor; Min­is­ter M B Rajesh
You may also like this video

Exit mobile version