Site iconSite icon Janayugom Online

അൻസിലിനെ കൊന്നത് കളനാശിനി നൽകി; പെൺ സുഹൃത്ത് അഥീന അറസ്റ്റിൽ

എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത് അറസ്റ്റില്‍. കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിൽ (38) മരിച്ച സംഭവത്തിലാണ് പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) ആണ് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്‌. അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പാരക്വറ്റ് എന്ന കളനാശിനി കൊടുത്താണ് യുവതി കൊന്നത്. കുറ്റം സമ്മതിച്ച പ്രതി വീടിനടുത്ത് നിന്നാണ് വിഷം വാങ്ങിയതെന്ന് മൊഴി നല്‍കി.

പാരാക്വറ്റ് എന്ന കളനാശിനി ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. അൻസിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ടിപ്പര്‍ ഡ്രൈവറായ അന്‍സിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. അൻസിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അൻസിലും അഥീനയും തമ്മിൽ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കാണിച്ച് കോതമംഗലം പൊലീസിൽ അഥീന പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപ് അഥീന പിൻവലിച്ചിരുന്നു. അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച പണത്തെക്കുറിച്ച് വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

Exit mobile version