Site icon Janayugom Online

കിറ്റില്‍ ബിസ്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട് കേട്ടോ! അനറ്റിനെ അഭിനന്ദിച്ച് മന്ത്രി

anett

ഒട്ടുമിക്ക എല്ലാ ഭക്ഷ്യവസ്തുക്കളും വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഒരെണ്ണത്തിന്റെ കുറവ് കണ്ടുപിടിച്ച മിടുക്കിയാണ് അനറ്റ്. അത് മറ്റൊന്നുമല്ല, കുട്ടികൾക്ക് ഏറെ പ്രിയമുള്ള ബിസ്കറ്റാണ്. പിന്നെ താമസിച്ചില്ല മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചു. കത്തിന് ഫലം കണ്ടു. ഭക്ഷ്യ കിറ്റിൽ ബിസ്ക്കറ്റ് ഉൾപ്പെടുത്തി. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസുകാരിയാണ് അനറ്റ്. അനറ്റിനെ നേരിൽ കണ്ട് അഭിനന്ദനമറിയിക്കാൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഇന്നലെ വിട്ടിലെത്തി.

വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അനറ്റിന് സ്നാക്ക്സ് സമ്മാനമായും നൽകി. അടൂർ പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചൻ തോമസ്സ് — ഷൈനി ചെറിയാൻ ദമ്പതികളുടെ ഇളയ മകളാണ് അനറ്റ് ചെറിയാൻ. കഴിഞ്ഞ മെയ് മാസത്തിൽ വീട്ടുകാർ അറിയാതെയാണ് അനറ്റ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ സാറെന്ന് വിശേഷിപ്പിച്ചാണ് കത്ത് തുടങ്ങിയത്. തുടർന്ന് സ്കൂളുകൾ വഴി വിദ്യാർത്ഥികൾക്ക് നൽകുന്ന കിറ്റിൽ സ്നാക്സ് പായ്ക്കറ്റ് കുടി ഉൾപ്പെടു ത്തണമെന്നും ആവശ്യപ്പെട്ടു. കത്ത് മുഖ്യമന്ത്രി ഭക്ഷ്യ മന്ത്രിക്ക് കൈമാറി.

തുടർന്ന് മന്ത്രി ബന്ധപ്പെട്ട സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ കിറ്റിൽ ബിസ്ക്കറ്റോ മറ്റേതെങ്കിലും സ്നാക്സ് പായ്ക്കറ്റോ ഉൾപ്പെടുത്തുവാൻ തിരുമാനിക്കുകായിരുന്നു. ഈ കാര്യം അറിയിക്കാൻ മന്ത്രി അനറ്റിനെ നേരിട്ടു വിളിച്ചു.

സ്കൂളിലെ കൂട്ടുകാരെയും വിവരം അറിയിക്കണെമെന്നും പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് പാപ്പച്ചൻ, താലൂക്ക് സപ്ലൈ ആഫീസർ എം അനിൽ, പറക്കോട് ഡിപ്പോ അസി: മാനേജർ വിജി തോമസ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ പി സന്തോഷ്, പി ബി ബാബു, അലക്സ് ജോൺ എന്നിവരും മന്ത്രിയോയൊപ്പം ഉണ്ടായിരുന്നു.

 

Eng­lish Sum­ma­ry: The kit includes bis­cuits! Min­is­ter con­grat­u­lates Annette

 

You may like this video also

Exit mobile version