കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയാണ് പരീക്ഷ നടന്നത്. സർവകലാശാലയുടെ സ്ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്ന വിവരം പുറത്തെത്തിയത്. കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിലൂടെയാണ് വാട്സാപ്പിലൂടെ ചോദ്യങ്ങള്‍ ലഭിച്ച വിവരം പുറത്ത് വരുന്നത്.
പരീക്ഷയുടെ രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇമെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. പാസ്സ്‌വേഡ് സഹിതം അയക്കുന്ന പേപ്പർ പ്രിൻസിപ്പലിന് മാത്രമാണ് തുറക്കാൻ അധികാരം. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ ലഭിക്കുകയായിരുന്നു. സർവകലാശാല ഗ്രീൻവുഡ് കോളജിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകി. അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചതായും സർവകലാശാല അറിയിച്ചു.

