മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ് ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. സ്പോട്ട് ബില്‍ പേയ്മെന്റ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് കാര്‍ഡും ക്യുആര്‍ കോഡും വഴി പണമടയ്ക്കാവുന്ന സംവിധാനമാണ് കെഎസ്ഇബി നടപ്പിലാക്കിയത്. തിരുവനന്തപുരത്ത് വെള്ളയമ്പലം, ഉള്ളൂര്‍ സെക്ഷനുകളിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്നത്.
ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യുആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാം. യാത്ര ചെയ്ത് കാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും, ഓൺലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും സഹായകരമാണ് ഈ പദ്ധതി.