പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെഎസ്എഫ്ഇ ലോകത്തിന് മുമ്പില്‍ ഉയർത്തിക്കാട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെഎസ്എഫ്ഇ സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മലയാളികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ സാധാരണക്കാർക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. സാമ്പത്തിക തകർച്ച, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ ലോകത്തിലെയും രാജ്യത്തെയും പല ധനകാര്യ സ്ഥാപനങ്ങളും തകർന്നടിഞ്ഞപ്പോൾ കെഎസ്എഫ്ഇ മികച്ച മാതൃകയായി. കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങൾ കേവലം പണമിടപാട് മാത്രമല്ല. വ്യവസായങ്ങൾക്കും ഉത്പാദന സ്ഥാപനങ്ങൾക്കും ആവശ്യമായ മുതൽമുടക്കും നിക്ഷേപവും കെഎസ്എഫ്ഇ നൽകുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും കൂടുതൽ വേരുകളുള്ള ധനകാര്യ സ്ഥാപനമായി മുന്നേറാൻ കെഎസ്എഫ്ഇയ്ക്ക് കഴിയണം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നയവൈകല്യങ്ങളാൽ തകരുന്ന സാഹചര്യത്തിൽ കെഎസ്എഫ്ഇ ഒരു ബദലാണെന്നും നവകേരള സൃഷ്ടിയില്‍ സുപ്രധാന പങ്ക് സ്ഥാപനത്തിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ചൂഷകരുടെ കൈകളിലായിരുന്ന ചിട്ടി രംഗത്തിന് ഒരു ബദൽ എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഇ തുടങ്ങിയത്. എന്നാൽ അതിൽ നിന്നെല്ലാം ബഹുദൂരം മുന്നോട്ട് പോകാനായി. ചിട്ടിക്ക് പുറമെ സ്വർണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ചിട്ടിയിൽ നിന്നുള്ള വായ്പ എന്നിങ്ങനെ സാധാരണക്കാർക്ക് സഹായം നൽകുന്ന ഒട്ടേറെ പദ്ധതികൾ കെഎസ്എഫ്ഇ നടപ്പാക്കിയിട്ടുണ്ട്.
പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 683 ശാഖകളുള്ളതും ഒരു ലക്ഷം കോടിയിലേറെ രൂപ ബിസിനസുമുള്ള സ്ഥാപനമായി മാറി. പ്രതിവർഷം 60 ലക്ഷം ധന ഇടപാടുകൾ കെഎസ്എഫ്ഇ നടത്തുന്നുണ്ട്. 2016 ലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30,000 കോടി രൂപയായിരുന്ന കെഎസ്എഫ്ഇയുടെ ബിസിനസ്, ഒമ്പത് വർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വളർച്ച നേടി. പ്രവർത്തന ലാഭം 236 കോടി രൂപയിൽ നിന്നും 500 കോടി രൂപയായി വർധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതൽ കെഎസ്എഫ്ഇയെ കൂടുതൽ ജനകീയമാക്കാൻ വലിയ ഇടപെടലുകൾ നടന്നു. പ്രവാസികൾക്ക് ചിട്ടിയിൽ ചേരാൻ സൗകര്യമൊരുക്കിയത് ഇതിലൊന്നാണ്. അന്നത്തെ ധനമന്ത്രിയും കെഎസ്എഫ്ഇ നേതൃത്വവും വിദേശത്ത് നടത്തിയ സന്ദർശനങ്ങൾ കെഎസ്എഫ്ഇയുടെ മുന്നേറ്റത്തിന് വലിയ സംഭാവന നൽകി. ആകർഷകമായ വ്യവസ്ഥകളോടെയാണ് കെഎസ്എഫ്ഇ ഇപ്പോൾ ചിട്ടികൾ നടത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ചിട്ടിയെ പുനക്രമീകരിക്കുകയും ആധുനിക സൗകര്യങ്ങളോടെയുള്ള കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ‘മൊബൈൽ ആപ്ലിക്കേഷൻ യാഥാർത്ഥ്യമാകുന്നതോടെ കെഎസ്എഫ്ഇയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. 121 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ കെഎസ്എഫ്ഇ ചിട്ടിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പ്രവാസികളുടെ സ്വകാര്യ നിക്ഷേപത്തിൽ ഉപരി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംഭാവന എന്ന നിലയ്ക്ക് കൂടിയാണ് പ്രവാസി ചിട്ടികൾ വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരു ട്രില്യൺ രൂപയുടെ ബിസിനസ് എന്ന മികച്ച നേട്ടത്തിലൂടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ താല്പര്യപൂര്‍വം വീക്ഷിക്കുന്ന പ്രസ്ഥാനമായി കെഎസ്എഫ്ഇ മാറിയെന്ന് ചടങ്ങില്‍ അധ്യക്ഷനായ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ബജറ്റിന് തുല്യമായ സാമ്പത്തിക കാര്യങ്ങൾ ചെയ്യുന്ന കെഎസ്എഫ്ഇ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസതയാണ് ഈ നേട്ടങ്ങളില്‍ പ്രതിഫലിക്കുന്നത്. സർക്കാരിന്റെ ധനകാര്യ മേഖലയിലെ വലിയ വിജയമാണ് ഈ നേട്ടം. കഴിഞ്ഞ നാല് വർഷത്തിനിടെ പിഎസ്‍സി വഴി 3050 പേർക്ക് പുതുതായി ജോലി നല്‍കാൻ കെഎസ്എഫ്ഇക്കായി. സർക്കാരിന് എല്ലാ വർഷവും ലാഭവിഹിതം നൽകുന്ന സ്ഥാപനം കൂടിയാണ് കെഎസ്എഫ്ഇ. ഷെയർ മാർക്കറ്റിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടതും സർക്കാർ ഗ്യാരന്റിയുള്ളതുമായ പദ്ധതികളാണ് കെഎസ്എഫ്ഇയുടേതെന്ന് മന്ത്രി പറഞ്ഞു.
‘കെഎസ്എഫ്ഇ ഈ നാടിന്റെ ധൈര്യം’ എന്ന മുദ്രാവാചകം ബ്രാൻഡ് അംബാസഡറായ നടൻ സുരാജ് വെഞ്ഞാറമൂടിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രഖ്യാപനവും, ചിട്ടി ‘ഫ്രട്ടേണിറ്റി ഫണ്ടായി’ റീബ്രാൻഡ് ചെയ്യുന്ന പ്രഖ്യാപനവും മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. കെഎസ്എഫ്ഇ ‘ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡിന്റെ’ ഉദ്ഘാടനം ഉപഭോക്താവായ എസ് ശ്യാമളാമ്മയ്ക്ക് നൽകി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ആന്റണിരാജു എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ തുടങ്ങിയവർ പങ്കെടുത്തു.

