വാന്നേ.…. മലക്കപ്പാറ വരെ പോയിവരാം.… വിളിക്കുന്നത് കെഎസ്ആർടിസിയാണ്. വിളികേട്ട് ഓടിക്കയറാൻ ആളുകളും ഏറെ. ചാറ്റൽമഴയും പുലർകാല മഞ്ഞും, ഇളംവെയിലും ഒക്കെയായി പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ആനവണ്ടിയിൽ ടൂറുപോകാം. അതും ചെറിയ തുകയ്ക്ക്. ആളും ബഹളവും കാഴ്ചകളും ഓർമകളും ഒക്കെയായി ഒരു കിടിലൻ യാത്രാനുഭവമാണ് കെഎസ്ആർടി സി ഒരുക്കുന്നത്.
കെഎസ്ആർടിസിയുടെ വിനോദയാത്രാ സർവീസുകൾക്ക് നല്ല കളക്ഷനും സ്വീകാര്യതയുമാണ് ഇതിനോടകം ലഭിച്ചുകഴിഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും കെഎസ്ആർടിസി വിനോദയാത്രാ സർവ്വീസുകൾ ആരംഭിച്ചുകഴിഞ്ഞു. ജില്ലയിലെ പാലാ, പൊൻകുന്നം ഡിപ്പോകളിൽനിന്നാണു വിനോദയാത്രാ സർവീസുകൾ നിലവിൽ ആരംഭിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് മാത്രം നൽകി വിനോദയാത്ര ആസ്വദിക്കാമെന്നതാണ് സർവീസുകളുടെ പ്രത്യേകത. ടൂറിസ്റ്റ് ബസും മറ്റു വാഹനങ്ങളും ഉയർന്ന വാടക നൽകി യാത്രപോകാൻ കഴിവില്ലാത്തവർക്കു സഹായകരമാണു പുതിയ ടൂർ സർവീസ്. പാലായിൽനിന്നും മലയ്ക്കപ്പാറയിലേക്കും പൊൻകുന്നത്തുനിന്നും വാഗമൺ വഴി പരുന്തുംപാറയിലേക്കുമാണ് ടൂർ സർവീസുകൾ. മീനച്ചിലാറിന്റെ തീരത്തുനിന്നും മലയ്ക്കപ്പാറയിലേക്ക് തമിഴ്നാടിന്റെ അതിർത്തി ഗ്രാമമായ മലയ്ക്കപ്പാറയിലേക്കുള്ള പാലായിൽനിന്നുള്ള ടൂർ സർവീസ് ഇതിനോടകം സോഷ്യൽ മീഡിയായിൽ വൈറലായികഴിഞ്ഞു.
മഞ്ഞണിഞ്ഞ മലയ്ക്കപ്പാറയിലെ കാനനകാഴ്ചകളും വന്യമൃഗങ്ങളും നിറഞ്ഞു തിമിർത്ത് ഒഴുകുന്ന നദികളും വെള്ളച്ചാട്ടങ്ങളും മനം കുളിർക്കെ കണ്ടു ഡീലക്സ് ബസിലാണ് യാത്ര. എല്ലാ ഞായറാഴ്ചയും രാവിലെ 6.30നു പാലായിൽനിന്നും പുറപ്പെട്ട് രാത്രി ഒമ്പതിനു തിരിച്ചെത്തുന്ന വിധമാണ് സർവീസ്. ആതിരപ്പള്ളി വ്യു പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷേളയാർ ഡാം-വാൽവ് ഹൗസും പെൻസ്റ്റോക്കും, നെല്ലികുന്ന്, മലക്കയ്ക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ബസ് നിർത്തി കാഴ്ചകൾ കാണാനും ഫോട്ടോ ഷൂട്ടിനും അവസരമുണ്ട്. മലക്കപ്പാറ അഥവാ മാലാഖപ്പാറ എന്ന സ്ഥലം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ചാലക്കുടിയിൽനിന്നും 80 കിലോമീറ്റർ ദൂരമുണ്ട്. അതും 50 കിലോമീറ്റർ കൊടുംവനത്തിലൂടെയാണ് യാത്ര. എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും തേയിലത്തോട്ടങ്ങളും കടന്നുപോകുന്ന മനോഹരമായ വഴിയിലൂടെയാണ് യാത്ര. ചുരങ്ങളും കാടും മലയും പ്രകൃതിയുടെ സൗന്ദര്യവും കിളികളുടെ മൂളലും പുഴകളുടെ താളവും ആസ്വദിക്കുന്ന ഒരു ഫീലാണ് യാത്രയുടെ പ്രത്യേകത. ആനയും മറ്റു വന്യമൃഗങ്ങളെയും മിക്കവാറും റോഡുകളിൽ തന്നെ കാണാം. യാത്ര പോകാനായി പാലാ ഡിപ്പോയിലെത്തി 522 രൂപക്ക് സീറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 04822–212250 എന്ന ഫോൺ നമ്പരിൽ വിളിക്കാം.
പൊൻകുന്നത്തുനിന്നും വാഗമൺ വഴി പരുന്തുംപാറയിലേക്ക് മധ്യകേരളത്തിലെ ആദ്യകാല ഡിപ്പോകളിലൊന്നായ പൊൻകുന്നത്തുനിന്നും വാഗമൺ-ഏലപ്പാറ‑കുട്ടിക്കാനം വഴി പരുന്തുംപാറയ്ക്കായ്ക്കാണ് ടൂർ സർവീസ്. ഞായറാഴ്ച രാവിലെ എട്ടിനു പൊൻകുന്നത്തുനിന്നും യാത്ര തിരിക്കുന്ന വണ്ടി രാത്രി ഏഴിനു തിരിച്ചെത്തും. പ്രകൃതി രമണീയമായ വാഗമൺ മലനിരകളും മൊട്ടക്കുന്നും പൈൻമരക്കാടും കൺകുളിർക്കെ കണ്ടതിനുശേഷം ഏലപ്പാറയിലെ തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ വൈകുന്നേരത്തോടെ കുട്ടിക്കാനത്ത് എത്തും. 400 രൂപയാണു ചാർജ്. കൂടുതൽ വിവരങ്ങൾക്ക് 04828–221333 എന്ന നമ്പരിൽ ബന്ധപ്പെടാം.
പാലായിൽനിന്നു മാത്രമല്ല ചാലക്കുടി, ചേർത്തല, ഹരിപ്പാട്, കുളത്തുപ്പുഴ, മലപ്പുറം, ആലപ്പുഴ ഡിപ്പോകളിൽനിന്ന് ഇതിനോടകം മലയ്ക്കപ്പാറയിലേക്ക് ടൂർ സർവീസുകളുണ്ട്. മലയ്ക്കപ്പാറയ്ക്കു പുറമേ ഗവിയിലേക്കും മൂന്നാർ‑മാട്ടുപെട്ടി ടൂർ സർവീസും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കെഎസ്ആർടിസി. പാലായിൽനിന്നും ഗവിയിലേക്കും ഈരാറ്റുപേട്ടയിൽനിന്നും മൂന്നാർ‑മാട്ടൂപെട്ടി-കാന്തല്ലൂർ ടൂർ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.
ENGLISH SUMMARY: KSRTC TOUR PACKAGE
YOU MAY ALSO LIKE THIS VIDEO