Site iconSite icon Janayugom Online

വയോജന, രോഗീപരിചരണ സേവനങ്ങള്‍ക്ക് കുടുംബശ്രീ കെ ഫോര്‍ കെയര്‍

വയോജന, രോഗീപരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ക്ക് ഇനി കുടുംബശ്രീ എക്സിക്യൂട്ടീവുകളും. കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകളാണ് കെ ഫോര്‍ കെയര്‍ എക്സിക്യൂട്ടീവുകള്‍ എന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധമേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോള്‍ സെന്റര്‍ സംവിധാനവും പ്രവൃത്തിക്കുന്നുണ്ട്. 91889 25597 എന്ന നമ്പറില്‍ വിളിച്ച് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനാകും.

കിടപ്പു രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന വ്യക്തികളും കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങള്‍ക്കാവശ്യമായ പ്രൊഫഷണല്‍ സേവനങ്ങളാണ് കെയര്‍ എക്സിക്യൂട്ടീവുകള്‍ വഴി ലഭ്യമാവുക. ഇവര്‍ക്കാവശ്യമായ സഹായ പരിചരണങ്ങള്‍ ഒരു മണിക്കൂര്‍ മുതല്‍ ദിവസ, മാസ അടിസ്ഥാനത്തില്‍ ലഭിക്കും. വയോജനങ്ങളെ ആശുപത്രിയില്‍ എത്തിക്കുക, കുട്ടികളെ സ്കൂളില്‍ നിന്നും കൊണ്ടുവരിക എന്നിങ്ങനെ കാര്യങ്ങളിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും. ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് ജില്ലയില്‍ കെയര്‍ എക്സിക്യൂട്ടീവ് ലഭ്യമല്ലെങ്കില്‍ അടുത്ത ജില്ലയില്‍ നിന്നും കണ്ടെത്തി നല്‍കും. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനം ലഭിച്ച 500 വനിതകളില്‍ 300 ഓളം പേര്‍ക്ക് ഇതിനകം ഈ രംഗത്ത് ആകര്‍ഷകമായ വരുമാനത്തോടെ തൊഴില്‍ ലഭ്യമായിട്ടുണ്ട്. കൂടുതല്‍ തൊഴില്‍ അവസരങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പരിശീലനം ലഭിച്ച കെയര്‍ എക്സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും ജില്ലാതല കണ്‍സോര്‍ഷ്യവും രൂപീകരിച്ചു. കെയര്‍ എക്സിക്യൂട്ടീവുകളുടെ സുരക്ഷ പരിഗണിച്ച് ഇവര്‍ ജോലി ചെയ്യുന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ അതത് കുടുംബശ്രീ സിഡിഎസുകള്‍ വഴി ശേഖരിക്കും. കൂടാതെ ഇവരെ ജോലിക്കായി നിയോഗിക്കുന്ന വിവരം സിഡിഎസുകളെ അറിയിക്കുകയും ചെയ്യും. 2025 മാര്‍ച്ചിനുള്ളില്‍ ആയിരം പേര്‍ക്ക് പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി പരിശീലന പരിപാടിയും ഊര്‍ജിതമാണ്. നിലവില്‍ എല്ലാ ജില്ലകളിലുമായി വിദഗ്ധ പരിശീലനം നേടിയ അഞ്ഞൂറോളം കെയര്‍ എക്സിക്യൂട്ടീവുകള്‍ പ്രവര്‍ത്തന സജ്ജമാണ്. 

കെ ഫോര്‍ കെയര്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളും സംസ്ഥാന കുടുംബശ്രീ പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നത്. 18നും 55നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗം അല്ലെങ്കില്‍ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് എക്സിക്യൂട്ടീവുകളാകാം. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹോം കെയറില്‍ പരിശീലനം നല്‍കും. തുടര്‍ന്നാണ് നിയമനം. 

മിനിമം വേതനം 21,000 രൂപയാണ്. ഓരോ ജില്ലയിലും 30 പേരടങ്ങുന്ന ബാച്ചുകള്‍ക്കാണ് ആദ്യം പരിശീലനം നല്‍കിയത്. ഇങ്ങനെ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചുകളിലുള്ളവരാണ് നിലവില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇവര്‍ക്ക് നിശ്ചിത യൂണിഫോമും ഉണ്ട്. 

Exit mobile version