ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മഹിളാസംഘത്തിന്റെയും സമുന്നത നേതാവും സിപിഐ യുടെ കേരളത്തിലെ ആദ്യത്തെ വനിതാ ലോക്കൽ സെക്രട്ടറിയും ആയിരുന്ന കുഞ്ഞമ്മ മത്തായി (88) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമെന്ന് അറിയപ്പെട്ടിരുന്ന ചങ്ങനാശേരി നാലുകോടി കൊല്ലാപുരം മേഖലയിൽ പാർട്ടിയുടെ പ്രാണനായിരുന്നു കുഞ്ഞമ്മ.
എഐവൈഎഫ് മണ്ഡലം സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റും, ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പ്രിൻസ് മത്തായിയുടെ മാതാവാണ്. ശ്വാസതടസത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം.
കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് കൂലിക്ക് വേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയാണ് കുഞ്ഞമ്മച്ചി കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമാകുന്നത്. വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുവാൻ അശ്രാന്തപരിശ്രമം നടത്തി. പായിപ്പാട് പഞ്ചായത്തിൽ അക്കാലത്ത് മഹിളാ സംഘം രൂപീകരിച്ചു.ചങ്ങനാശേരിയിലും, ജില്ലയിലും മഹിളാസംഘത്തിന് നേതൃത്വം നൽകി. 1957ലെ ഇലക്ഷന് എ എം കല്യാണകൃഷ്ണൻ മത്സരിക്കുന്ന സമയത്ത് കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് രേഖപ്പെടുത്താൻ അന്നത്തെ ചങ്ങനാശേരിയിലെ കോൺഗ്രസ്സുകാർ സമ്മതിച്ചില്ല.
ഒരു ബൂത്തിലും ഒറ്റ കമ്മ്യൂണിസ്റ്റുകാരനേയും വോട്ട് ചെയ്യിപ്പിക്കില്ലന്ന് കോൺഗ്രസ് ഗുണ്ടകൾ വെല്ലുവിളിച്ചു. കോൺഗ്രസ്സ് ഗുണ്ടകളുടെ വെല്ലുവിളി ഏറ്റെടുത്ത് കുഞ്ഞമ്മ മത്തായി വോട്ടെടുപ്പു ദിവസം രാവിലെ തന്നെ 64 കർഷക തൊഴിലാളികളെ അണിനിരത്തി കോൺഗ്രസ്സ് ഗുണ്ടകൾ വെല്ലുവിളിച്ച ബുത്തിൽ വോട്ട് ചെയ്യിച്ചു. ആ ബൂത്തിൽ നിന്ന് അന്നത്തെ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആകെ ലഭിച്ചത് 64 വോട്ടുകൾ മാത്രമായിരുന്നു എങ്കിലും കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി ആയിരുന്ന എ എം കല്യാണകൃഷ്ണൻ നായർ തെരഞ്ഞെടുപ്പിൽ ചങ്ങനാശേരിയുടെ ആദ്യത്തെ എം എൽ എയായി.
കുഞ്ഞമ്മച്ചി നാലുകോടി ബ്രാഞ്ച് സെക്രട്ടറി പായിപ്പാട് ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും അക്കാലത്ത് പ്രവർത്തിച്ചു. പിൽക്കാലത്ത് ദീർഘകാലം സി പി ഐ മണ്ഡലം കമ്മറ്റി അംഗം, മഹിളാസംഘം ചങ്ങനാശേരി മണ്ഡലം സെക്രട്ടറി, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മക്കൾ: മണിയമ്മ സുകുമാരൻ, പ്രിൻസ് മത്തായി, ബേബിച്ചൻ മത്തായി, വാവ തങ്കപ്പൻ, ലൈലമ്മ. മരുമക്കൾ: ബിൻസി പ്രിൻസ്, ഷൈനി ബേബിച്ചൻ, സണ്ണി, പരേതരായ സുകുമാരൻ, രാജമ്മ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് കുറ്റപ്പുഴ സി എം സ് ആംഗ്‌ളിക്കൻ ചർച്ച് സെമിത്തേരിയിൽ.
English Summary: Kunjamma Mathai, the first CPI woman local secretary, passed away
You may also like this video