Site iconSite icon Janayugom Online

26ന് തൊഴിലാളി പ്രക്ഷോഭം

തൊഴിലാളി വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ പുതിയ തൊഴിൽ ചട്ടങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ട്രേഡ് യൂണിയൻ സംയുക്ത സമിതി. സര്‍ക്കാര്‍ നടപടി രാജ്യത്തെ തൊഴിലാളികളോട് കേന്ദ്ര സർക്കാർ കാട്ടിയ കൊടും വഞ്ചനയാണെന്ന് സമിതി കുറ്റപ്പെടുത്തി.

ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ തന്നെ തകർത്തെറിയുന്നതാണ് നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കിക്കൊണ്ട് നടപ്പിലാക്കിയ കരിനിയമങ്ങള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൊണ്ടുവന്ന ഈ വിജ്ഞാപനം തൊഴിലാളിവർഗത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതിനെതിരെ 26ന് രാജ്യവ്യാപകമായി ശക്തമായ ചെറുത്തുനില്പും പ്രതിഷേധവും സംഘടിപ്പിക്കാൻ യൂണിയനുകൾ ആഹ്വാനം ചെയ്തു.

ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കണമെന്നും ചട്ടങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നവംബർ 13നും 20നും നടന്ന യോഗങ്ങളിൽ യൂണിയനുകൾ നിവേദനം നൽകിയിരുന്നെങ്കിലും സർക്കാർ ചെവിക്കൊണ്ടില്ല. തൊഴിലുടമകളുടെയും കോര്‍പ്പറേറ്റുകളുടെയും താളത്തിനൊത്താണ് സർക്കാർ പ്രവർത്തിക്കുന്നത്. തൊഴിലാളികളെ അടിമകളാക്കുന്നതിനും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമുള്ള വംശഹത്യയ്ക്ക് തുല്യമായ ആക്രമണമാണിതെന്ന് സംയുക്ത സമിതി ആരോപിച്ചു.

കരിനിയമങ്ങള്‍ നടപ്പിലാക്കിയതിലുള്ള പ്രതിഷേധ സൂചകമായി ഇന്ന് മുതൽ എല്ലാ തൊഴിലാളികളും തൊഴിലിടങ്ങളിൽ കറുത്ത ബാഡ്ജ് ധരിക്കണം. തിങ്കളാഴ്ച മുതൽ ഗേറ്റ് മീറ്റിങ്ങുകൾ, തെരുവു യോഗങ്ങൾ, ജനവാസ കേന്ദ്രങ്ങളിലെ യോഗങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച് തൊഴിലാളി വിരുദ്ധ നീക്കങ്ങളെ തുറന്നുകാട്ടണം. സംയുക്ത കിസാൻ മോർച്ചയുമായി സഹകരിച്ച് 26ന് രാജ്യത്തെ എല്ലാ തൊഴിലിടങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേന്ദ്ര തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എൽപിഎഫ്‌, യുടിയുസി, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി സംഘടനകളാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Exit mobile version