Site iconSite icon Janayugom Online

വിപ്ലവ സ്മരണയില്‍ തൊഴിലാളി-സാംസ്കാരിക സമ്മേളനം

p k medinip k medini

പണിയെടുക്കുന്നവരുടെ കൈകൾക്ക് ശക്തിയേകി കൊയ്ത്തുപാട്ടുകളുയർന്ന കുട്ടനാടിന്റെ മണ്ണിൽ എഐടിയുസി ദേശീയ സമ്മേളനത്തിന് തുടക്കമിട്ട് നടന്ന തൊഴിലാളി-സാംസ്കാരിക സമ്മേളനം വിപ്ലവപോരാട്ടങ്ങളുടെ സ്മരണ പുതുതലമുറയിലേക്ക് പകരുന്നതായി. രാഷ്ട്രൂീയ കേരളത്തിന്റെ വിപ്ലവ ഗായിക പി കെ മേദിനിയുടെ സാന്നിധ്യവും പിറന്നനാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തൊഴിലാളി പോരാട്ടത്തിന്റെ നേർസാക്ഷ്യവും വേദിയുടെ അലങ്കാരമായി. സമ്മേളനത്തിന് മുന്നോടിയായി തൃശൂർ റെഡ് ക്യാപ് ഫോക്ക് ബാൻഡ് അവതരിപ്പിച്ച വിപ്ലവ‑നാടക ഗാനമേള പഴമയുടെ ഈരടികളും സദസിന് നൽകി. 

ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം, മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന ജീവൽപ്രതിസന്ധികളെ നേരിടുന്നതിൽ തൊഴിലാളികളും കർഷകരും ഒത്തൊരുമിച്ച് മുന്നേറുകയാണ്. അവരുടെ പോരാട്ടങ്ങളിൽ സാംസ്കാരിക മേഖലകൂടി അണിചേരണമെന്ന് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. മനുഷ്യനെ നേരിട്ട് ബാധിക്കുന്ന നയങ്ങളും നിയമങ്ങളും നടപ്പാക്കി കേന്ദ്രം ഭരിക്കുന്ന സർക്കാരിനെതിരെയുള്ള ജനങ്ങളുടെ ശക്തിയായിരുന്നു രാജ്യം കണ്ട ഐതിഹാസികമായ കർഷക സമരം. വിവിധ വിഷയങ്ങളുന്നയിച്ച് തൊഴിലാളികൾ തുടരുന്ന ദേശീയ പ്രക്ഷോഭവും സമാനമാണ്. ഇന്ത്യയിൽ ട്രേഡ് യൂണിയനുകളുടെ യോജിച്ച പോരാട്ടത്തിന് നേതൃത്വം നൽകുന്ന എഐടിയുസിയുടെ ദേശീയ സമ്മേളനം തുടർന്നാളുകളിലെ സമരപോരാട്ടങ്ങൾക്ക് വലിയ കരുത്താകുമെന്നും മന്ത്രി പറഞ്ഞു. 

പി കെ മേദിനിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, കെ പി രാജേന്ദ്രൻ, ടി ജെ ആഞ്ചലോസ്, അഡ്വ. പി മോഹൻദാസ് എന്നിവർ സംസാരിച്ചു. ഡി പി മധു സ്വാഗതവും ആർ അനിൽകുമാർ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Labor-Cul­tur­al Con­fer­ence on Rev­o­lu­tion­ary Commemoration

You may also like this video

Exit mobile version