അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയ, സാമൂഹ്യ മേഖലയുടെ ഹൃദയസ്പന്ദനങ്ങളുടെ ഭാഗമായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജ്വലിക്കുന്ന സ്മരണയായി.
തിരുവനന്തപുരത്തു നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പാര്‍ട്ടി ജില്ലാ ആസ്ഥാനമായ പി പി ജോര്‍ജ് സ്മാരകത്തിലെ പൊതുദര്‍ശനത്തിനുശേഷം പുലര്‍ച്ചയോടെയാണ് കാനത്തെ വീട്ടിലെത്തിച്ചത്. അതിന് മുമ്പുതന്നെ വീട്ടിലും പരിസരങ്ങളിലും ആയിരക്കണക്കിനാളുകള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു. മൃതദേഹമെത്തിയതോടെ ലാൽസലാം വിളികളാൽ അന്തരീക്ഷം മുഖരിതമായി. ആളുകളെ നിയന്ത്രിക്കാന്‍ ചുവപ്പുസേന പ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സംസ്കാര സമയം 11 മണിയോടടുത്തപ്പോഴും വീടിന് മുന്‍വശത്തുള്ള റോഡില്‍ തങ്ങളുടെ നേതാവിനെ കാണാനുള്ളവരുടെ നീണ്ട നിരയായിരുന്നു.
തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ നല്‍കി മൃതദേഹം സംസ്കാരത്തിനായി എടുക്കുമ്പോഴും വാവിട്ട് കരഞ്ഞുകൊണ്ട് ഓടിയെത്തിയവര്‍ നൊമ്പരക്കാഴ്ചയായി. നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യത്തിനിടയില്‍ നേതാക്കളും പ്രവര്‍ത്തകരും ഹൃദയവേദനയോടെ അന്ത്യാഭിവാദ്യമേകി. തുടര്‍ന്ന് മകന്‍ സന്ദീപ് ചിതയ്ക്ക് തീകൊളുത്തിയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രിയ നേതാവ് ഓര്‍മ്മയായി.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, ബിനോയ് വിശ്വം എംപി, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി, ആനി രാജ, മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മയില്‍, കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷ്, ബികെഎംയു ജനറല്‍ സെക്രട്ടറി എന്‍ പെരിയസ്വാമി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ തുറകളിലുള്ള ആയിരങ്ങള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
You may also like this video