Site iconSite icon Janayugom Online

ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകും: ഡി രാജ

രാജ്യത്ത് ഏകകക്ഷി കുത്തക ഭരണം അവസാനിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ വീണ്ടും അധികാരത്തിലെത്തി രാജ്യത്തിന് മാതൃകയാകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച സിപിഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുണ്ടായിരുന്ന ഭരണസംവിധാനത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത്. തുടര്‍ന്നിങ്ങോട്ട് രാജ്യം കണ്ടിട്ടുള്ളത് കൂട്ടുകക്ഷി ഭരണങ്ങളാണ്. ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ആര്‍എസ്എസ് ഉദ്ഘോഷിക്കുമ്പോഴും കേന്ദ്രത്തില്‍ നിലനില്‍ക്കുന്നത് കൂട്ടുകക്ഷി സര്‍ക്കാരാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷംനേടി അധികാരത്തില്‍ വരാന്‍ ബിജെപിക്ക് കഴിയില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. 2026ല്‍ കേരളം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാജ്യത്താദ്യമായി ഏകകക്ഷി കുത്തക ഭരണം അവസാനിപ്പിച്ച കേരളത്തിലെ ഇടതുപക്ഷപാര്‍ട്ടികള്‍ വീണ്ടും അധികാരത്തില്‍ എത്തും. ഒരു കാലത്ത് ബ്രിട്ടീഷ് രാജിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്പിച്ചതുപോലെ പുതിയ കാലത്ത് ആർഎസ് എസ്‌രാജിനെയും മോഡിരാജിനെയും ചെറുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. പഹൽഗാം ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തെ അമേരിക്കൻ പ്രസിഡന്റിന്റെ കാൽക്കീഴിൽ അടിയറവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിശബ്ദനായിരിക്കുകയാണ്.

ആത്യന്തികമായി അദ്ദേഹം രാജ്യത്തെ തകർക്കുകയാണ്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും എങ്ങനെ സംരക്ഷിക്കണമെന്ന് കേരളജനത ഇന്ത്യക്ക് കാണിച്ചുകൊടുത്തു. വർഗീയ ഫാസിസ്റ്റുകൾ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുമ്പോൾ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് പ്രതിരോധം തീർക്കാൻ രാജ്യത്തെ യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാപനസമ്മേളനത്തിന് മുന്നോടിയായി നൂറിൽപരം യുവതീയുവാക്കൾ അണിനിരന്ന റെഡ് വോളണ്ടിയർ സേനയുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടാണ് ഡി രാജ ഉദ്ഘാടന പ്രസംഗം നടത്തിയത്. ദേശീയ കൗണ്‍സില്‍ അംഗം റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്വാഗതവും കെ വി വസന്തകുമാർ നന്ദിയും പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ദേശീയ കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ബാലചന്ദ്രൻ എംഎൽഎ, ടി ആർ രമേഷ് കുമാർ, വി എസ് സുനിൽകുമാർ, വി എസ് പ്രിന്‍സ്, കെ ജി ശിവാനന്ദന്‍, ഷീല വിജയകുമാര്‍, കെ പി സന്ദീപ്, രാകേഷ് കണിയാംപറമ്പില്‍, ബഹുജന സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version