മനസ് വേദനിക്കുമ്പോഴും വിതുമ്പാതെ കണ്ണുകളില്‍ ഈറനണിയാതെ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ സര്‍ക്കസ് കൂടാരത്തിന് കീഴില്‍ കുള്ളന്മാരും അല്ലാത്തവരുമായ കോമാളിമാരുണ്ടാവും (ജോക്കര്‍). സാഹസികത എന്നത് പരിശീലനത്തിലൂടെ സ്വായത്തമാക്കി കാണികളുടെ മിഴിയില്‍ വിസ്മയം തീര്‍ക്കുന്നവര്‍ക്കിടയിലാണ് കോമാളിത്തരങ്ങള്‍ കാണിക്കാന്‍ ഇവര്‍ ഇറങ്ങിത്തിരിക്കുന്നത്. സര്‍ക്കസിനൊപ്പം ഇഴുകിച്ചേര്‍ന്ന വിഭാഗമാണ് ജോക്കര്‍മാര്‍.
പുത്തരിക്കണ്ടം മൈതാനിയില്‍ അരങ്ങേറുന്ന സര്‍ക്കസിലെ ആറ് ജോക്കര്‍മാരില്‍ ഒരാളാണ് 54 കാരന്‍ ഏഴുമലൈ. സര്‍ക്കസാണ് ജീവിതമെന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്നതാണ് ഏഴുമലൈയുടെ വാക്കുകള്‍. അച്ഛനും അമ്മയും സര്‍ക്കസ് കൂടാരത്തിന് കീഴിലെ പാചകക്കാരായിരുന്നു. മൂന്ന് ആണ്‍ മക്കളില്‍ ഏഴുമലൈ മാത്രമാണ് സര്‍ക്കസിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ബോംബെ സര്‍ക്കസില്‍ കോമാളികളായി ഏഴുമലൈയെ കൂടാതെ ബിഹാര്‍ സ്വദേശികളായ 85കാരന്‍ തുളസീദാസും 43കാരന്‍ പപ്പു ടാക്കൂറും മഹാരാഷ്ട്രയിനിന്നുളള 33കാരന്‍ സച്ചിനും ഗുജറാത്തുകാരായ 25 കാരന്‍ സൈലേഷും 24കാരനായ വിജയിയും അടങ്ങുന്ന ആറ് കോമാളികളാണ് സര്‍ക്കസിന്റെ അരങ്ങില്‍ ശ്രദ്ധതിരിക്കുന്നവര്‍. നാല് കുള്ളന്മാരും രണ്ട് സാധാരണക്കാരുമാണ് ഈ വര്‍ണപ്പകിട്ടില്‍ തിളങ്ങുന്നത്.
രാവിലെ 10.30ന് ഛായം തേച്ച് കോമാളികളായി മാറിയാല്‍ രാത്രി പത്തരമണി വരെ സര്‍ക്കസിന്റെ ഇഴയായി ഇവര്‍ തുടരും. കാണികള്‍ ഹൃദയമിടിപ്പോടെ സാഹസികത കാണുമ്പോഴും അവരെ വിസ്മയലഹരിയില്‍ നിന്നും തിരികെ എത്തിക്കുന്നത് ഈ കോമാളികളാണ്. ഒച്ചപ്പാടുണ്ടാക്കി നാലടി മാത്രം ഉയരമുള്ള കോമാളികള്‍ നിമിഷനേരത്തേക്കെങ്കിലും അരങ്ങ് കീഴടക്കുമ്പോള്‍ സര്‍ക്കസിന്റെ അടുത്ത ഐറ്റവുമായി താരങ്ങള്‍ എത്തും. അപ്പോഴേക്കും കോമാളികളെ മറന്ന് കാണികള്‍ സാഹസവിസ്മയത്തിലേക്ക് തിരിയും. ജീവിതത്തില്‍ എന്നപോലെ തങ്ങളുടെ ഊഴം സര്‍ക്കസിലും നിറഞ്ഞാടി തിരശ്ചീലയ്ക്കു പിന്നിലേക്ക് മറഞ്ഞിരുന്ന് കിതപ്പുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ ആശ്വാസമേകുന്നത് തങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന കുടുംബത്തെയാണ്.
അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കസിലെ പ്രധാന കാര്യങ്ങളില്‍ ഈ കോമാളികളും പെടുന്നുണ്ട്. പ്രധാന ഐറ്റം ചെയ്തിരുന്ന ഏഴുമലൈയ്ക്ക് സ്വീകാര്യത കുറഞ്ഞു എന്ന തോന്നലില്‍ അനിവാര്യമായ വഴി കണ്ടെത്തിയാണ് കോമാളി വേഷക്കാരനായത്. തന്റെ എല്ലാം സര്‍ക്കസാണെന്ന് വിശ്വസിച്ച് ഇപ്പോഴും ജീവിതത്തിന്റെ ഗൃഹസ്ഥാനത്താണ് സര്‍ക്കസിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സര്‍ക്കസില്‍ തുടങ്ങി ഇതില്‍ സഞ്ചരിച്ച് ഒരിക്കല്‍ കൊഴിഞ്ഞുവീഴണം, ഇതാണ് ഏഴുമലൈയുടെ ആഗ്രഹം. തമിഴ്‌നാടാണ് സ്വദേശമെങ്കിലും മലയാളമാണിഷ്ടം. സര്‍ക്കസ് കൂടാരം എന്നത് കുറച്ചേറെയുള്ള മനുഷ്യ ജീവിതത്തിന്റെ കസര്‍ത്താണ്. വിയര്‍പ്പിന്റെ, കണ്ണീരിന്റെ, അനുഭവങ്ങളുടെ, സാഹസികതയുടെ അതിനേക്കാളുപരി ആത്മസമര്‍പ്പണത്തിന്റെ വേദികൂടിയാണ്. ഏഴുമലൈ പറയുന്നു… ഞാന്‍ സര്‍ക്കസിന്റെ സന്തതിയാണ്…

