Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരം, അന്തിമ വോട്ടര്‍പട്ടിക അടുത്ത മാസം 25ന്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ പേര് ചേര്‍ക്കാൻ കഴിയും. അടുത്ത മാസം 25നാണ് അന്തിമ വോട്ടര്‍പട്ടിക ഇറക്കുന്നത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സായവര്‍ക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കാം.

തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുൻപ് ഒരിക്കൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കരട് വോട്ടര്‍ പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം പുതുക്കി ഇറക്കിയ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. ഈ കരട് വോട്ടർ പട്ടികയിൽ പേരില്ലാത്ത 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സായവര്‍ക്ക് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 14 വരെ ഓൺലൈനായി പേര് ചേർക്കാം. അതോടൊപ്പം തന്നെ തിരുത്തലടക്കമുള്ള കാര്യങ്ങൾക്കും അപേക്ഷ നൽകാവുന്നതാണ്. ഒക്ടോബർ 25നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. എല്ലാ വോട്ടർമാർക്കും സവിശേഷമായ ഒരു തിരിച്ചറിയൽ നമ്പർ നൽകുന്നതായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Exit mobile version