മകര വിളക്ക് പ്രമാണിച്ച് കൂടുതൽ സർവ്വീസുമായി കെഎസ്ആർടിസി മകരവിളക്ക് സീസണിൽ നിലവിൽ 50 ബസുകളാണ് കോട്ടയം കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റ് ചെയ്യുന്നത്. മകരവിളക്കിനു മുന്നോടിയായി മൂന്നു ദിവസങ്ങളിൽ തിരക്ക് പരിഗണിച്ച് 10 ബസുകൾ കൂടി അധിക സർവീസ് നടത്തും. മണ്ഡലകാലത്തേ പാകപ്പിഴകൾകൂടി കണക്കിലെടുത്താണ് തീരുമാനം.
മണ്ഡലകാലത്ത് 45 ബസുകൾ വരെ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തിരുന്നു. എന്നാൽ, റെയിൽവേ സ്റ്റേഷന് മുന്നിലെ പാർക്കിംഗിന്റെ പേരിൽ പലപ്പോഴും യാത്രക്കാരുടെ സൗകര്യമനുസരിച്ച് സർവീസ് ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മണ്ഡലകാലത്ത് രണ്ടു ഘട്ടങ്ങളിലായി തമിഴ്നാട്ടിലുണ്ടായ പ്രളയവും വരുമാനത്തെ ബാധിച്ചിരുന്നു.
മകര വിളക്ക് സീസണിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് എരുമേലി വഴി പമ്പയ്ക്കാണ് മുഴുവൻ സർവീസുകളും. റെയിൽവേ സ്റ്റേഷനിൽ ഏതു സമയത്ത് എത്തുന്ന തീർഥാടകരെയും കാത്ത് കെ.എസ്.ആർ.ടി.സിയുമുണ്ടാകും. മകര വിളക്ക് ദർശനത്തിന് ശേഷമുണ്ടാകുന്ന തിരക്കിനായി പ്രത്യേക ക്രമീകരണവുമുണ്ട്. പമ്പയിൽ നിന്നു മടങ്ങി വരുന്ന ബസുകളിൽ 12 എണ്ണം കൂടി മകര വിളക്ക് ദിവസം തിരിച്ചു പമ്പയിലേക്കു വിടും. പമ്പയിലേക്കുള്ള യാത്രയിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നില്ലെങ്കില്ലും തിരികെയുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
മകര വിളക്ക് ദർശനത്തിന് ശേഷം കോട്ടയത്തേയ്ക്ക് 80 സർവീസുകൾ വരെ ഓപ്പറേറ്റ് ചെയ്യാനാണ് അധികൃതരുടെ ശ്രമം. മകര വിളക്ക് സീസൺ അവസാനിക്കുമ്പോൾ റെക്കോർഡ് വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയിലെത്തുന്ന എല്ലാ തീർഥാടകർക്കും ബുദ്ധിമുട്ടുണ്ടാകാതെ പമ്പയിൽ എത്താനുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും കെ.എസ്.ആർ.ടി അധികൃതർ അറിയിച്ചു.
English Summary: Makaravilakku Season; KSRTC with more services
You may also like this video