Site icon Janayugom Online

മകര വി​ള​ക്ക് സീസൺ; കൂ​ടു​തൽ സർ​വ്വീ​സു​മാ​യി കെഎസ്ആർടിസി

KSRTC

മകര വി​ള​ക്ക് പ്ര​മാ​ണി​ച്ച് കൂ​ടു​തൽ സർ​വ്വീ​സു​മാ​യി കെഎസ്ആർടിസി മകരവിളക്ക് സീസണിൽ നിലവിൽ 50 ബസുകളാണ് കോട്ടയം കേന്ദ്രീ​ക​രിച്ച് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റ് ചെയ്യുന്നത്. മകരവിളക്കിനു മുന്നോടി​യായി മൂന്നു ദിവസങ്ങളിൽ തിരക്ക് പരിഗണിച്ച് 10 ബസുകൾ കൂടി അധിക സർവീസ് നട​ത്തും. മ​ണ്ഡ​ല​കാല​ത്തേ പാ​ക​പ്പി​ഴ​കൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീരുമാനം. 

മണ്ഡലകാലത്ത് 45 ബസുകൾ വരെ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തിരുന്നു. എന്നാൽ, റെയിൽവേ സ്‌​റ്റേഷന് മുന്നിലെ പാർ​ക്കിംഗിന്റെ പേരിൽ പലപ്പോഴും യാത്രക്കാരുടെ സൗകര്യമനുസരിച്ച് സർവീസ് ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മണ്ഡലകാലത്ത് രണ്ടു ഘട്ടങ്ങളിലായി തമിഴ്​നാട്ടിലുണ്ടായ പ്രള​യവും വരുമാന​ത്തെ ബാധിച്ചിരുന്നു.

മകര വിളക്ക് സീസണിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. റെയിൽവേ സ്‌​റ്റേഷനിൽ നിന്ന് ആരംഭിച്ച് എരുമേലി വഴി പമ്പയ്ക്കാണ് മുഴുവൻ സർവീസുകളും. റെയിൽവേ സ്‌​റ്റേഷനിൽ ഏതു സമയത്ത് എത്തുന്ന തീർഥാടകരെയും കാത്ത് കെ.എസ്.ആർ.ടി.സിയുമുണ്ടാ​കും. മകര വിളക്ക് ദർശന​ത്തിന് ശേഷമുണ്ടാകുന്ന തി​ര​ക്കി​നായി പ്രത്യേക ക്രമീകര​ണ​വു​മുണ്ട്. പമ്പയിൽ നിന്നു മടങ്ങി വരുന്ന ബസുകളിൽ 12 എണ്ണം കൂടി മകര വിളക്ക് ദിവസം തിരിച്ചു പമ്പയിലേക്കു വിടും. പമ്പയിലേക്കുള്ള യാത്രയിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നില്ലെങ്കില്ലും തിരികെയുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.

മകര വിളക്ക് ദർശ​ന​ത്തിന് ശേഷം കോട്ടയത്തേയ്ക്ക് 80 സർവീസുകൾ വരെ ഓപ്പറേറ്റ് ചെയ്യാനാണ് അധികൃതരുടെ ശ്ര​മം. മകര വിളക്ക് സീസൺ അവസാനിക്കുമ്പോൾ റെക്കോർഡ് വരുമാന​വും പ്രതീക്ഷിക്കു​ന്നുണ്ട്. ജില്ല​യി​ലെ​ത്തു​ന്ന എല്ലാ തീർഥാടകർക്കും ബുദ്ധിമുട്ടുണ്ടാകാതെ പമ്പയിൽ എത്താനുള്ള ക്രമീകരണം ഏർപ്പെടുത്തു​മെന്നും കെ.എസ്.ആർ.ടി അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Makar­avi­lakku Sea­son; KSRTC with more services

You may also like this video

Exit mobile version