ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിയായ വ്ലോഗറെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ കാമുകന്‍ പിടിയില്‍. കൃത്യത്തിന് ശേഷം ഒളിവില്‍പോയ കണ്ണൂര്‍ തോട്ടട സ്വദേശി ആരവ് ഹനോയി(21)യെ അന്യസംസ്ഥാനത്തുനിന്നും പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഗുവാഹട്ടിയിലെ കൈലാഷ് നഗർ സ്വദേശിയായ മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഇന്ദിരാ നഗര്‍ അപ്പാര്‍ട്ട്മെന്റിലാണ് മായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതക ശേഷം നവംബര്‍ 26ന് പ്രതി അപ്പാർട്ട്മെന്റിൽ നിന്ന് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ 23 നാണ് മായയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തത്. പിറ്റേന്ന് മായയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പ്രതി ബംഗളൂരുവിൽ വിദേശ പഠന കൺസൾട്ടൻസിയിൽ ജോലി ചെയ്ത് വരികയായിരുന്നു. കോറമംഗലയില്‍ ജോലി ചെയ്തിരുന്ന മായ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് പ്രധാനമായും യുട്യൂബില്‍ പങ്കിട്ടിരുന്നത്. എച്ച്എസ്ആർ ലേഔട്ടിൽ സഹോദരിക്കൊപ്പമായിരുന്നു താമസം.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മായയും ആരവും ആറുമാസമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മണിക്കൂറുകളോളം ഫോണിലൂടെ സംസാരിച്ചിരുന്നതായും ചില സമയത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതി രണ്ട് ദിവസം യുവതിയുടെ മൃതദേഹത്തിനൊപ്പം മുറിയിൽ കഴിഞ്ഞുവെന്നാണ് വിവരം. ദുര്‍ഗന്ധം വമിച്ചതോടെ മുറി തുറന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലും തലയിലും മുറിവുകളോടെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകം മുന്‍കൂട്ടി തീരുമാനിച്ച് ആസൂത്രണം ചെയ്ത ആരവ് ഓൺലൈനിൽ നൈലോൺ കയർ വാങ്ങുകയും കത്തി കൈവശം വയ്ക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.