ഐഎസ്ആർഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്‌പെയ്‌സ് മൊബൈലിന്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ആണ് വഹിക്കുന്നത്. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ, ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് ബ്രോഡ്‌ബാൻഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ചൊവ്വാഴ്ച രാവിലെ തുടങ്ങിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ബുധനാഴ്ച രാവിലെ 8.24‑നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം-3, ബ്ലൂബേർഡ്-6 ഉപഗ്രഹത്തെ 16 മിനിറ്റുകൊണ്ട് ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. 43.5 മീറ്റർ ഉയരമുള്ള റോക്കറ്റിന് മൊത്തം 640 ടൺ ഭാരമുണ്ട്. ഇന്ത്യയിൽനിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6.5 ടൺ വരുന്ന ബ്ലൂബേർഡ്-6.

