Site iconSite icon Janayugom Online

ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനെക്കാള്‍ ചിലവ് വിവാഹത്തിന് : മുടക്കുന്നത് 10 കോടി

ഇന്ത്യയില്‍ വിവാഹ വിപണിയില്‍ ചെലവഴിക്കപ്പെടുന്നത് വിദ്യാഭ്യാസച്ചെലവിനേക്കാള്‍ രണ്ടു മടങ്ങ് തുകയെന്ന് പഠനം.
ഭക്ഷണത്തിനും പലചരക്ക് സാധനങ്ങള്‍ക്കും ചെലവഴിക്കുന്ന തുക കഴിഞ്ഞാല്‍ ഇന്ത്യാക്കാര്‍ വിവാഹങ്ങള്‍ക്കാണ് ഏറ്റവുമധികം പണം ചെലവഴിക്കുന്നതെന്നാണ് നിക്ഷേപ സ്ഥാപനമായ ജെഫറീസിന്റെ കണ്ടെത്തല്‍. ഇന്ത്യയിലെ വിവാഹവിപണി 10 ലക്ഷം കോടിയിലേറെ വരും. ഒരു വിവാഹത്തിന് ശരാശരി പന്ത്രണ്ടര ലക്ഷം രൂപ ചെലവഴിക്കപ്പെടുന്നു. ഇത് ഒരു ഇന്ത്യക്കാരന്‍ പ്രീപ്രൈമറി മുതല്‍ ഡിഗ്രിതലം വരെ വിദ്യാഭ്യാസം നേടുന്നതിനായി ചെലവഴിക്കുന്നതിനേക്കാള്‍ രണ്ടു മടങ്ങാണ്. 

ഇന്ത്യയില്‍ പ്രതിവര്‍ഷം 80 ലക്ഷം മുതല്‍ ഒരുകോടി വരെ വിവാഹങ്ങള്‍ നടക്കുന്നു. ആഭരണ വില്പനയുടെ പകുതിയിലധികവും വിവാഹത്തിന് വേണ്ടിയുള്ളതാണ്. വസ്ത്ര വിപണിയുടെ 10 ശതമാനത്തിലധികം വിവാഹങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു. കാറ്ററിങ്, താമസം, യാത്രകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിവാഹം ഉപഭോഗം വര്‍ധിപ്പിക്കുന്നു.
വിവാഹങ്ങളെ ഒരു വിഭാഗമായി പരിഗണിച്ചാല്‍ ഭക്ഷണത്തിനും പലചരക്ക് സാധനങ്ങള്‍ക്കും പിന്നില്‍ രണ്ടാമത്തെ വലിയ റീട്ടെയില്‍ വിഭാഗമായി മാറുമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഇന്ത്യക്കാര്‍ വിവാഹങ്ങള്‍ക്കായി ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും വിപുലമായ വിവാഹ ആഘോഷങ്ങളില്‍ 50,000 അതിഥികള്‍ വരെ പങ്കെടുക്കുന്നു.

പലപ്പോഴും വരുമാനത്തിന്റെയോ സമ്പത്തിന്റെയോ നിലവാരത്തിന് ആനുപാതികമല്ലാത്ത രീതിയിലാണ് വിവാഹ ചെലവുകള്‍. പ്രതിശീർഷ വരുമാനത്തിന്റെ അഞ്ചിരട്ടി (2.4 ലക്ഷം രൂപ) വിവാഹങ്ങൾക്കായി നീക്കിവയ്ക്കുന്നു. ആര്‍ഭാട വിവാഹങ്ങൾക്കായി 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ചെലവിടുന്നു.
ചൈനയില്‍ 70–80 ലക്ഷവും യുഎസില്‍ 20–25 ലക്ഷവും വിവാഹങ്ങള്‍ നടക്കുന്നു. 70 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിവാഹ വിപണിയുള്ള യുഎസില്‍ വിദ്യാഭ്യാസത്തേക്കാള്‍ പകുതിയില്‍ താഴെ മാത്രമാണ് വിവാഹത്തിനായി ചെലവഴിക്കുന്നതെന്നും പഠനം വിലയിരുത്തുന്നു. 

ENGLISH SUMMARY ; Mar­riage costs more than edu­ca­tion in India
YOU MAY ALSO LIKE IN THIS VIDEO

Exit mobile version