ക്രൈസ്തവ മതത്തിന്റെ വിശുദ്ധ ഗ്രന്ഥവും ആധികാരിക രേഖയുമാണ് ബൈബിൾ എന്ന ഗ്രന്ഥശേഖരം. അതിലെ ആദ്യ പുസ്തകമായ ഉല്പത്തിയിൽ പ്രകൃതിയിലെ മറ്റെല്ലാത്തിന്റെയും കൂടെ മനുഷ്യകുലത്തിന്റെ രണ്ട് നിർദേശങ്ങളുണ്ട്. പുരുഷൻ ആദ്യം സൃഷ്ടിക്കപ്പെട്ടു, സ്ത്രീയെ പുരുഷന്റെ വാരിയെല്ലുകൊണ്ട് സൃഷ്ടിച്ചു എന്ന് ഒരു രേഖ പറയുമ്പോൾ രണ്ടാമത്തെ വിശദീകരണത്തിൽ പുരുഷനും സ്ത്രീയും ഒരേ സമയത്ത് സൃഷ്ടിക്കപ്പെട്ടു എന്ന് പറയുന്നു. മനുഷ്യ സൃഷ്ടിയെക്കുറിച്ച് പറയുമ്പോൾ ‘ആദാം’ എന്ന വാക്ക് ഉപയോഗിച്ചത് പുരുഷൻ എന്ന് തർജ്ജമ ചെയ്ത് ‘അദാം’ ആദ്യ പുരുഷനായിരുന്നു എന്ന് സാധാരണക്കാർ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ ‘ആദാം’ എന്ന വാക്ക് പുംലിംഗം ആണ് എങ്കിലും അത് സ്ത്രീയെ ഒഴിവാക്കിയുള്ള പുംലിംഗ വാക്കല്ല. കാരണം ആ വാക്കിന്റെ സ്ത്രീലിംഗ രൂപം ഭൂമി എന്നർത്ഥം വരുന്ന ‘അദാമാ’ എന്നാണ്. ബാബിലോണിൽ ബിസി ആറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അടിമകളായി എത്തിയ യിസ്രായേല്യ ജനം പ്രവാസത്തിലെ തങ്ങളുടെ അസ്തിത്വം അന്വേഷിച്ചപ്പോൾ ഇവിടെയും തങ്ങളുടെ ദൈവമാണ് തങ്ങളെ പരിപാലിക്കുന്നത് എന്ന തീരുമാനത്തിൽ എത്തി. അങ്ങനെ എങ്കിൽ ഇവിടെയുള്ള സകലത്തിന്റെയും ഉടയവൻ തങ്ങളുടെ തന്നെ ദൈവമായിരിക്കും എന്ന ധാരണയിൽ എത്തിച്ചേർന്നു. അതിനായി പ്രവാസ നാട്ടിൽ തന്നെ പ്രചരിച്ചിരുന്ന മനുഷ്യോല്പത്തി സംബന്ധിച്ച രണ്ട് വിശദീകരണങ്ങൾ തങ്ങളുടെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച് സമാന്തരമായി നൽകുകയായിരുന്നു ഈ വിവരണങ്ങളിലൂടെ. എന്നാൽ പുരുഷ മേധാവിത്തത്തിന്റെ അതിപ്രസരത്തിൽ യഹൂദാ സമൂഹം പുരുഷനെക്കാൾ താഴ്ന്ന തട്ടിലാണ് സ്ത്രീ എന്ന് സ്ഥാപിക്കാൻ ഒന്നാമത്തെ വിവരണത്തിന്റെ അനുബന്ധം മാത്രമാണ് രണ്ടാമത്തേത് എന്നും അതുകൊണ്ട് സ്ത്രീ പുരുഷന്റെ അടിമയായിരിക്കണം എന്നും നിയമമാക്കി. യഹൂദാ മതത്തിന്റെ ഉപദേശസമാഹാരമായ ‘തൽമൂദി’ൽ പ്രഭാതവന്ദനത്തിന്റെ ഭാഗമായി, “ദൈവമായ കർത്താവേ! പ്രപഞ്ചത്തിന്റെ നിയന്ത്രാവേ! അങ്ങ് എന്നെ സ്ത്രീയായി സൃഷ്ടിക്കാത്തതിനാൽ അങ്ങേയ്ക്ക് വന്ദനം” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതേ ശൈലി തന്നെയാണ് ഇതര മതസ്ഥരെക്കുറിച്ചും അടിമയെക്കുറിച്ചും തൽമൂദിൽ ഉപയോഗിക്കുന്നത്. ഇതേവിധത്തിൽ കുറെക്കൂടെ വിശദമായ പ്രസ്താവന ഈജിപ്തിലെ ഒരു സംഘാലയത്തിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. സ്ത്രീക്കെതിരായ പൊതു നിഷേധ സമീപനത്തിന്റെ പ്രകട ഭാവമായിരുന്നു വിവാഹ മോചനവിഷയത്തിൽ ആ സമൂഹത്തിൽ നടപ്പായ നീതിനിഷേധം. യഹൂദാ ജനത്തിന്റെ ഈജിപ്തിലെ വിമോചനത്തിന് നേതൃത്വം നൽകി ആ സമൂഹത്തിന് രൂപവും ഘടനയും ചട്ടങ്ങളും നൽകിയ മോശയുടെ മരണശേഷവും അദ്ദേഹത്തിന്റെ ആധികാരികത അവകാശപ്പെട്ടുകൊണ്ട് രൂപീകൃതമായ നിയമങ്ങളിലൊന്ന് വിവാഹ മോചനം സംബന്ധിച്ചുള്ളതാണ്. ഒരു മോചനപത്രം നൽകി ഏത് സമയത്തും ഭാര്യയെ പിരിച്ചയക്കാം എന്നൊന്നും ആ നിയമം അനുവദിക്കുന്നില്ല എങ്കിലും അതങ്ങനെയാണ് എന്ന് വ്യാഖ്യാനിച്ച് ഭാര്യയെ ഉപേക്ഷിക്കാൻ അനുവാദം ഉണ്ട് എന്നവിധത്തിൽ അതിനെ ദുർവ്യാഖ്യാനം ചെയ്തു പുരുഷ സമൂഹം. ഇതാണ് യഹൂദ മതത്തെ നവീകരിക്കാൻ ശ്രമിച്ച യേശുവിന്റെ മുൻപിൽ ചോദ്യമായി വന്നത്.
ഇതുകൂടി വായിക്കാം; മതാതീത സംസ്കാരം
മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മുൻപറഞ്ഞ രണ്ട് വിശദീകരണങ്ങളിൽ സ്ത്രീ പുരുഷ തുല്യതാഭാവമുള്ള “ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു…” എന്ന നിർദേശമുപയോഗിച്ച് വിവാഹ മോചനത്തെ നിഷേധിക്കുകയായിരുന്നു അവിടെ യേശു ചെയ്തത്. സ്ത്രീകളോടുള്ള പരിഗണനയിൽ യേശു വിപ്ലവകരമായ ശൈലിയാണ് സ്വീകരിച്ചത് എന്നതിന് അനേക ഉദാഹരണങ്ങൾ സുവിശേഷങ്ങളിൽ കാണാൻ കഴിയും. അതിൽ ഏറെ ശക്തമായ ഉദാഹരണമാണ് തന്റെ പുനരുത്ഥാനത്തെക്കുറിച്ച് ശിഷ്യന്മാരെ അറിയിക്കാനുള്ള സുവിശേഷ ദൗത്യം യേശു നൽകിയത് സ്ത്രീകൾക്ക് ആയിരുന്നു എന്നത്. ഇതേ ഭാവം തന്നെയാണ് ക്രിസ്തു സുവിശേഷകരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സെന്റ് പോളും സ്വീകരിച്ചത്. ക്രിസ്തുവിൽ സ്ത്രീ എന്നോ പുരുഷൻ എന്നോ വ്യത്യാസമില്ല എന്നാണദ്ദേഹം പറയുന്നത്. ഇതരജാതി, അടിമ തുടങ്ങിയ കാര്യങ്ങളിലും ഈ തുറന്ന സമീപനമാണ് യേശുവും സെന്റ് പോളും സ്വീകരിച്ചതായി കാണുന്നത്. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ക്രൈസ്തവ സമൂഹങ്ങളിൽ പതിനാറാം നൂറ്റാണ്ടിലെ നവീകരണ കാലംവരെ എങ്കിലും മതത്തിന്റെ വിവിധ തലങ്ങളിൽ, പ്രത്യേകിച്ചും ഭരണം-പൗരോഹിത്യ തലങ്ങളിൽ സ്ത്രീ മിക്കവാറും പാർശ്വവാസി ആയിരുന്നു. നവീകരണ സഭകൾ ഈ മേഖലകളിൽ കുറെ ലിംഗസമത്വം സ്വീകരിച്ചു എങ്കിലും പൗരാണിക സഭകൾ പ്രതി നവീകരണ മാർഗങ്ങൾ തേടിയപ്പോഴും സമത്വത്തിന്റെ വഴിക്ക് ചിന്തിക്കാൻ തയാറായില്ല. കാലഗതിയിൽ ലോകത്തെമ്പാടും സ്ത്രീകൾ വിദ്യാഭ്യാസപരമായും സാംസ്കാരികമായും തൊഴിൽപരമായും നേതൃത്വനിരയിൽ എത്തിയപ്പോഴും പക്ഷെ പരമ്പരാഗത ക്രൈസ്തവ സഭകളിൽ അവൾ മിക്കവാറും ചുരുക്കം ചില അപവാദങ്ങളോടെ പടിക്ക് പുറത്ത് തന്നെ തുടർന്നു. ഈ പശ്ചാത്തലത്തിലാണ് ലോക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പോപ്പ് ഫ്രാൻസിസ് എട്ടുവർഷത്തെ പഠനത്തിന്റെ പിൻബലത്തോടെ പുതിയൊരു പ്രഖ്യാപനം നടത്തിയത് ശ്രദ്ധേയമാകുന്നത്. ഇക്കഴിഞ്ഞ 19 ന് പുറപ്പെടുവിച്ച റോമൻ കൂരിയായുടെ (നീതിന്യായ‑ഭരണ സമിതി) ഭരണ വ്യവസ്ഥാ രേഖയിൽ സഭയുടെ ഉന്നത ഭരണനിർവഹണ തലങ്ങളിൽ പുരുഷന്മാരോടൊപ്പം അതാത് മേഖലകളിൽ പ്രാവീണ്യമുള്ള സ്ത്രീകളെയും നിയമിക്കാം എന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നു. സഭയിൽ നിർണായക സ്ഥാനം സ്ത്രീകൾക്ക് നൽകുന്ന പ്രഖ്യാപനങ്ങൾ പിതാവ് മുൻപും നടത്തിയിട്ടുണ്ട്. ഇദ്ദേഹം സ്ഥാനം ഏറ്റ് അധികം കഴിയുന്നതിനുമുൻപ് തന്നെ “വനിതകളുടെ സഭയിലെ സേവനമേഖലകൾ വിപുലപ്പെടുത്തേണ്ടതുണ്ട്” എന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2021 ഫെബ്രുവരിയിൽ നാതലി ബിക്വാർ എന്ന കന്യാസ്ത്രീ മെത്രാൻ സമിതിയായ സിനഡിൽ അണ്ടർ സെക്രട്ടറി ആയി നിയമിക്കപ്പെട്ടിരുന്നു. വാസ്തവത്തിൽ 1962–65 ലെ രണ്ടാം വത്തിക്കാൻ സിനഡിന്റെ പ്രഖ്യാപിത താല്പര്യങ്ങളിൽ ഒന്നായിരുന്നു അൽമായരെയും സഭയുടെ ഉന്നത ശ്രേണികളിൽ നിയോഗിക്കാം എന്നത്.
ഇതുകൂടി വായിക്കാം; മതം കറുപ്പാകാം; പക്ഷേ കറുപ്പിനു മതമില്ല
മുൻ ബ്രിട്ടീഷ് മന്ത്രി രൂത്ത് കെല്ലി, സിസ്റ്റർ അലേസാണ്ട്രാ മെറിലി തുടങ്ങിയവരും പുതുതായി ഉന്നത സ്ഥാനങ്ങളിൽ എത്തിയവരിൽ ഉൾപ്പെടുന്നു. 2016 ൽ, അതുവരെ പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തി നടത്തിയിരുന്ന പെസഹാ ദിനത്തിലെ കാൽകഴുകൽ ശുശ്രൂഷയിൽ വനിതകളെക്കൂടി ഉൾപ്പെടുത്തി സഭയെ മുഴുവൻ പിതാവ് ഞെട്ടിച്ചു. 2021 ജനുവരിയിൽ വനിതകളെ അൾത്താര സേവകരും വേദവായനക്കാരും ആയി അദ്ദേഹം അംഗീകരിച്ചു. ഇതെല്ലാം ഫ്രാൻസിസ് പോപ്പിന്റെ വ്യക്തിത്വത്തിന്റെയും നിലപാടിന്റെയും പ്രഖ്യാപനഭാഗമായി കാണേണ്ടതുണ്ട്. പോപ്പ് ഫ്രാൻസിസായിത്തീർന്ന ജോർജ്ജ് മരിയോ ബർഗൊഗ്ലിയോ 1936 ഡിസംബർ 17നു അർജന്റീനയിലെ ഫ്ലോറസിൽ ഇറ്റാലിയൻ ദമ്പതികളായ മരിയോ ജോസെ ബർഗൊഗ്ലിയോയുടെയും റജീന മരിയ സിവോറിയുടെയും അഞ്ചാമത്തെ സന്തതി ആയി ജനിച്ചു. യുവത്വത്തിലുണ്ടായ രോഗാവസ്ഥയിലും കർമ്മനിരതത്വവും പഠനവും അദ്ദേഹം ഉപേക്ഷിച്ചില്ല. ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയാന്തരീക്ഷവും വിമോചന ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലവും പിതാവിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ ശക്തമായ സ്വാധീനമായിരുന്നു. അദ്ദേഹത്തിന്റെ എപ്പിസ്ക്കോപ്പൽ ആപ്തവാചകം “തന്റെ കരുണയുടെ കണ്ണാൽ…” എന്ന ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷഭാഗമായിരുന്നു. തെരുവുകളിലേക്കും ചേരികളിലേക്കും തന്റെ പ്രവർത്തനത്തെ വ്യാപിപ്പിച്ച അദ്ദേഹം ആരും പട്ടിണി കിടക്കരുത് എന്നാഗ്രഹിച്ചിരുന്നു. സഭയുടെ ധാരാളിത്ത തല്പരതയെ വിമർശിക്കുന്ന അദ്ദേഹം ലളിത ജീവിത മാതൃകയാണ് പിൻതുടരുന്നത്. സാമ്പത്തിക നിയന്ത്രണം പാലിച്ച് ദരിദ്രരെ സഹായിക്കാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ട് എന്ന് പ്രഖ്യാപിച്ച അദ്ദേഹം കർദ്ദിനാൾ ആയിരുന്നപ്പോഴും ഒരു ചെറിയ ഭവനത്തിൽ സ്വയം ഭക്ഷണം പാകം ചെയ്താണ് കഴിഞ്ഞിരുന്നത്. ഇപ്പോഴും ഏതാണ്ട് സമാനമായ ജീവിതശൈലി അദ്ദേഹം തുടരുന്നു. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ആതുര സേവനവും തന്റെ അടിസ്ഥാന ദൈവശാസ്ത്ര നിയോഗമായി അദ്ദേഹം കരുതുന്നു. സ്വവർഗാനുരാഗികളും ട്രാൻസ്ജെന്‍ഡറുകളും ദൈവസൃഷ്ടി ആണ് എന്നതിനാൽ അവർക്കും സാമൂഹിക സുരക്ഷിതത്വവും നിയമ പരിരക്ഷയും ലഭ്യമാക്കാൻ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട് എന്നദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നമുക്ക് ക്രൈസ്തവ സുവിശേഷത്തിന്റെ ഉത്തമ സാക്ഷ്യം അതിലൊരു മുന്തിയ വിഭാഗത്തിന്റെ പ്രധാന മേലധ്യക്ഷനിൽ ദർശിക്കാൻ കഴിയുന്നുണ്ട്. ലോകമെങ്ങും മുഴങ്ങേണ്ട ലിംഗസമത്വത്തിന്റെയും സാമൂഹിക നീതിയുടെയും സന്ദേശം ഫ്രാൻസിസ് മാർപാപ്പയിലൂടെ നാം കേൾക്കുന്നു. മനുഷ്യ വംശത്തിൽ പുലരേണ്ട ഇദ്ദേഹത്തിൽനിന്നുള്ള സമത്വ ഭാവനയുടെ പ്രായോഗിക സന്ദേശം ശ്രദ്ധിക്കാനും പാലിക്കാനും നമുക്കാകട്ടെ!