ഉമ്മന്‍ചാണ്ടിയെ പുകഴ്‌ത്തിയ സര്‍ക്കാര്‍ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന മനോരമയുടെയും യുഡിഎഫിന്റെയും ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. വാര്‍ത്ത വ്യാജമാണെന്നും പുറത്താക്കപ്പെട്ട താല്ക്കാലിക ജീവനക്കാരി മറ്റൊരാളുടെ പേരില്‍ ഹാജര്‍ ഒപ്പിട്ട് ജോലിയില്‍ തുടരുകയായിരുന്നുവെന്നും മൃഗസംഗക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.
പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പി ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് മാറ്റിയത്. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്ന് കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ജിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ഇത്രനാള്‍ ജോലി ചെയ്‌തത്. ശമ്പളം നൽകിയിരുന്നത് ജിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്‌ച മുമ്പാണ് സതിയമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നത്. അതിന് അവിടെ ചുമതലുണ്ടായിരുന്നത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനാണ്. ജിജിമോള്‍ എന്ന പെൺകുട്ടിയെ നിയമിക്കാനാണ് ഫെബ്രുവരിയിൽ യൂണിറ്റ് കത്ത് നൽകിയത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ, ജോലി ചെയ്‌തത് സതിയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല — മന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു വാർത്ത.
English Sammury: minister j chinchurani statement, Puthupally Kaitepalam Veterinary Hospital subject